പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപ്പുലരിയിൽ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്തു വച്ച് ഉണക്കിയാണ് ഇതുണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപ്പുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർഥത്തിലാണ് തൃക്കാൽക്കര’ ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്. വാമനനെയാണോ മഹാബലിയെയാണോ ഇവിടെ പൂജിക്കുന്നത് എന്ന ചോദ്യം ഉയർന്നു വരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണമുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.
തൃക്കാക്കരയപ്പൻ
തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലേ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു.
ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.(ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങൾ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടൊപ്പം വയ്ക്കുന്നു. തൃക്കാക്കരയപ്പൻ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ് എന്നും വിശ്വസിക്കുന്നുണ്ട്. തൃക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു.
“ തൃക്കാക്കരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവർത്തിച്ച്)ആർപ്പോ…. റ്വോ റ്വോ റ്വോ ”
എന്ന് ആർപ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങാണ്. തുടർന്ന് അരിമാവുകൊണ്ടുള്ള കോലം വീട്ടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ് തിരുവോണനാളിലെ പ്രധാന ഇനം.
ഓണനാളിൽ വീട്ടിലെ മൃഗങ്ങൾക്കും ഉറുമ്പുകൾക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകൾക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളിൽ അവിടവിടെയായി വയ്ക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും.
ഓണക്കാഴ്ച
പണ്ടുകാലത്ത് ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു.
പക്ഷേ ഇന്ന് കാഴ്ചയർപ്പിക്കുന്നത് കുടിയാൻ ജന്മിക്കല്ലെന്ന് മാത്രം. ക്ഷേത്രങ്ങളിലേക്കാണ് ഇന്ന് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ചക്കുല സമർപ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത്. തൃശൂർ ജില്ലയിലെ ചെങ്ങഴിനാട് (ചൂണ്ടൽ, പുത്തൂർ, വേലൂര്, എരുമപ്പെട്ടി, പഴുന്നാന) തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്.
കല്യാണം കഴിഞ്ഞ ആദ്യവർഷത്തിലെ ഓണത്തിന് പെൺവീട്ടുകാർ ആൺവീട്ടിലേക്ക് കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ്. സ്വർണനിറമുള്ള ഇത്തരം കുലകൾ പക്ഷേ ആൺവീട്ടുകാർക്കുമാത്രമുള്ളതല്ല. അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്.
തയാറാക്കിയത്: പ്രദീപ് ഗോപി