തൃശൂർ: ഹാപ്പി ഓണം എന്ന് ആത്മാർത്ഥമായി പറയാൻ ഇത്തവണ കഴിയില്ല. ഉള്ളിൽ സങ്കടക്കടൽ തിരയടിക്കുന്പോൾ ഓണം ആഘോഷിക്കാൻ കഴിയില്ലെങ്കിലും വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാനെത്തുന്ന മാവേലിമന്നനെ ആഘോഷത്തിമർപ്പുകളില്ലാതെ വരവേൽക്കാൻ കേരളം ഒരുങ്ങി. നാളെ തിരുവോണം.
ഇത്തവണ ഓണം പലയിടത്തും പേരിനു മാത്രമാണ്. തിക്കും തിരക്കും അധികമില്ലാതെയാണ് ഇത്തവണ ഉത്രാടപ്പാച്ചിൽ. പൂക്കളം തീർക്കാനായി പാണ്ടിപ്പൂക്കളും മണ്ണിലും മരത്തിലും തീർത്ത തൃക്കാരപ്പൻമാരും കായവറുത്തതും ശർക്കര ഉപ്പേരിയുമെല്ലാം ആവശ്യക്കാരെ കാത്ത് കടകളിലിരിപ്പാണ്.
ഓണക്കാലത്തെ പതിവ് തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും ഓണമുണ്ണാതിരിക്കാനാവില്ലെന്നതുകൊണ്ട് പച്ചക്കറിയും മറ്റും വാങ്ങാൻ ആളുകളെത്തുന്നുണ്ട്. എങ്കിലും ഓണക്കച്ചവടം നഷ്ടമാണെന്നേ കച്ചവടക്കാർക്കും പറയാനുള്ളു.കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴയമൊഴി കാലങ്ങളായി പറയുന്ന മലയാളി ഉള്ളതെല്ലാം കൊണ്ട് ഓണം കൊണ്ടാടാനുള്ള ഒരുക്കത്തിലാണ്.
എല്ലാ ആഘോഷങ്ങളും വേണ്ടെന്ന് വെച്ച് ചടങ്ങു മാത്രമായി ഓണം ആഘോഷിക്കാനാണ് മിക്കവരുടേയും തീരുമാനം. അതുകൊണ്ടുതന്നെ വിഭവസമൃദ്ധമായ സദ്യയോ പൂക്കളമത്സരമോ പുലിക്കളിയോ കലാപരിപാടികളോ ഒന്നും എവിടെയുമില്ല.അതിനൊക്കെ വേണ്ടി മാറ്റിവെച്ച തുക ഭൂരിഭാഗം പേരും പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ വേണ്ടി നൽകുന്പോൾ കേരളത്തിൽ പഴയ മാവേലിനാടിന്റെ നൻമകൾ പുനർജനിക്കുകയാണ് ഈ ഓണക്കാലത്ത്.
സാധാരണ ദിവസങ്ങളിലെ പോലുള്ള കച്ചവടം മാത്രമാണ് ഉത്രാടത്തിന് നടന്നതെന്ന് തൃശൂർ നഗരത്തിലെ പ്രമുഖ പലചരക്ക് വ്യാപാരി പറഞ്ഞു. വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ഉത്രാടനാളിൽ അൽപം തിരക്കനുഭവപ്പെട്ടു. വഴിവാണിഭക്കാർക്ക് തരക്കേടില്ലാത്ത കച്ചവടം കിട്ടി.പൂക്കൾ വാങ്ങാൻ പൊതുവെ തിരക്ക് കുറവായിരുന്നു. അന്പതുരൂപയുടെ കിറ്റുകൾക്ക് ഡിമാന്റുണ്ടായിരുന്നു.
20 രൂപയ്ക്ക് പൂ കിട്ടുമോ എന്ന് ചോദിച്ചെത്തിയവരേയും ഉത്രാടത്തിന് കണ്ടു.പച്ചക്കറി വിപണിയിൽ കാര്യമായ ചലനങ്ങളൊന്നുമുണ്ടായില്ല. ഓണസദ്യ ആഘോഷപ്പട്ടികയിൽ നിന്ന് നീക്കം ചെയ്തതുകൊണ്ടുതന്നെ പച്ചക്കറികൾക്ക് അധികം ചെലവുണ്ടായില്ല.
കാറ്ററിംഗ് സർവീസുകാരുടെ ഓണസദ്യകിറ്റിനും പായസവിൽപനക്കും ഇത്തവണയും കുറവുണ്ടായില്ല. ഉത്രാടം, തിരുവോണം നാളുകളിലേക്കാണ് ഇവർ വിഭവങ്ങൾ ഒരുക്കിയത്.വീടുകളിൽ ഭക്ഷണം പാചകം ചെയ്യാൻ സൗകര്യം ആകാത്തവരെല്ലാം ഇവിടങ്ങളിലേക്കെത്തി ഓണസദ്യ വാങ്ങുന്നുണ്ടായിരുന്നു.
പതിവുപോലെ തൃശൂർ നഗരത്തിൽ ഉത്രാടനാളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഓണം സിനിമകൾ റിലീസ് ചെയ്തിട്ടില്ലെങ്കിലും പതിവ് ഓണാഘോഷങ്ങളൊന്നുമില്ലെങ്കിലും നഗരത്തിലേക്ക് എത്തിയവർ ഏറെയാണ്. പുലിക്കളിയില്ലെങ്കിലും തൃശൂരിലെ കടകളിൽ പുലിമുഖങ്ങൾ വിൽപനക്കെത്തിയിട്ടുണ്ട്. സപ്ലൈകോയുടേയും മറ്റും ഓണം മാർക്കറ്റുകളിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു.ബീവറേജസ് ഒൗട്ട്ലെറ്റുകൾക്ക് മുന്നിലും ക്യൂ കാണാമായിരുന്നു.
പ്രളയകാലത്തിന്റെ ബാക്കിപത്രമായി കണ്ണീർമഴ തോരാതെ പെയ്യുകയാണ്. അതുകൊണ്ടു തന്നെ ഈ ഓണം വെളുക്കില്ല. വെള്ളം കയറി എല്ലാം നശിച്ചവർ, ക്യാന്പുകളിൽ ഇപ്പോഴും കഴിയുന്നവർ, അതിജീവനത്തിനായി പെടാപാടുപെടുന്നവർ…മാവേലിനാട്ടിലെ പോലെ മാനുഷരെല്ലാരുമൊന്നുപോലെയാണിപ്പോൾ…നഷ്ടങ്ങളുടേയും ദുരിതങ്ങളുടേയും നടുവിൽ പെട്ടുഴലുന്നവർക്ക് ഇത് ആഘോഷവും സന്തോഷവുമില്ലാത്ത ഓണക്കാലം…
എങ്കിലും വർഷത്തിലൊരിക്കൽ വന്നണയുന്ന പൊന്നോണത്തെ അവർ സ്വീകരിക്കുന്നു. കണ്ണീർമഴയത്ത് ചിരിയുടെ കുട ചൂടി അവരും ആശംസിക്കുന്നു…ഹാപ്പി ഓണം…