കൊച്ചി: കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ കടലോരഗ്രാമമായ കുമ്പളങ്ങിയിൽ നാട്ടുകാരുമൊത്ത് ഓണം ആഘോഷിച്ച് വിദേശികൾ. ഇംഗ്ലണ്ട്, സ്പെയിൻ, ഗ്രീസ്, ഇറ്റലി, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള പതിനാറംഗ സംഘമാണ് കുമ്പളങ്ങി പാർക്കിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തത്.
പ്രദേശവാസികളായ സ്ത്രീകൾ ചേർന്നു കസവുമുണ്ടും സെറ്റുസാരിയും കേരളീയ മാതൃകയിലുള്ള ആഭരണങ്ങളും അണിയിച്ച് അതിഥികളെ സ്വീകരിച്ചു. നാട്ടുകാർക്കൊപ്പം പൂക്കളമൊരുക്കിയ ഇവർ എല്ലാ മത്സരങ്ങളിലെല്ലാം പങ്കെടുക്കുകയും ചെയ്തു. ആവേശകരമായ വടംവലി മത്സരത്തിൽ വിദേശികളുടെ കരുത്തിനു മുൻപിൽ നാട്ടുകാർ പലതവണ തോൽവി അറിഞ്ഞു.
വനിതകൾക്കും പുരുഷൻമാർക്കും പ്രത്യേകമായാണ് മത്സരം നടത്തിയത്. രണ്ടു വിഭാഗത്തിലും സന്ദർശകരുടെ ടീം തന്നെ ഒന്നാമതെത്തി. പാർക്കിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ ഓണസദ്യയുണ്ടശേഷമാണ് വിദേശികൾ കുമ്പളങ്ങിയിൽനിന്നു യാത്രയായത്.
കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്, കുമ്പളങ്ങി മോഡൽ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി, കുടുംബശ്രീ, കുമ്പളങ്ങി എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.
കൊച്ചി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാത്യു, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി, കുമ്പളങ്ങി എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എ.ആർ. ജോസഫ് തുടങ്ങിയവർ നേതൃത്വം നല്കി.