കോട്ടയം: ഇത്തവണ ഓണാഘോഷത്തിനു പാന്പാടിക്ക് പോയാൽ നല്ല ഒന്നാംതരം പൂവൻ കോഴിയെ പിടിക്കാം. ഇലക്കൊടിഞ്ഞി ഇല സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ഓണാഘോഷപരിപാടികളുടെ ഭാഗമായിട്ടാണ് പൂവൻ കോഴി പിടുത്ത മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ രണ്ടിനു ഇലക്കൊടിഞ്ഞി കവലയിലാണ് വാശിയേറിയ ഓണക്കളികൾ നടക്കുന്നത്. പുരുഷൻമാർക്കാണ് മത്സരം. പ്രദേശത്തെ ഒരു റബർ തോട്ടത്തിലേക്ക് പൂവൻകോഴിയെ തുറന്നു വിടും നിശ്ചിത ആളുകൾ നിശ്ചിത സമയത്തിനുള്ളിൽ പൂവൻ കോഴിയെ പിടിക്കണം.
പിടിക്കുന്നവർക്ക് കോഴിയെ സമ്മാനമായി നൽകും. പൂവൻകോഴി പിടുത്ത മത്സരത്തിനു പുറമേ വൈവിധ്യമേറിയ വിഭവങ്ങളാണ് ഇലയിൽ ഈ വർഷവും ഒരുക്കിയിരിക്കുന്നത്. നാട്ടു പൂക്കൾ കൊണ്ടുള്ള വീടുകളിലെ പൂക്കളം മത്സരത്തോടെ ആഘോഷപരിപാടികൾക്കു രാവിലെ തുടക്കം കുറിക്കുന്നത്.
അന്പതു വീടുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സ്ത്രീകൾക്കായി കറിക്കരിയൽ മത്സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബീൻസ് നിശ്ചിത ആകൃതിയിലും വേഗത്തിലും അരിഞ്ഞു തീർക്കുന്നവർക്കാണ് സമ്മാനം. കുട്ടികൾക്കായി മുട്ടയേറ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ കലാ കായിക മത്സരങ്ങൾ രാവിലെ നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ഗജരാജൻ പാന്പാടി സുന്ദരനു ഒപ്പം നാട്ടുകാരുടെ ഓണപ്പാട്ട് ഇലക്കൊടിഞ്ഞി കവലയിൽ നടക്കും. വൈകുന്നേരം അഞ്ചിനു ചേരുന്ന ഇലയുടെ കൂട്ടായ്മ ശബരിമല മുൻ മേൽശാന്തി ശങ്കരൻ നന്പൂതിരി ഉദ്ഘാടനം ചെയ്യും. ഇല സംസ്കാരിക പഠന കേന്ദ്രം ചെയർമാൻ റെജി സഖറിയ അധ്യക്ഷത വഹിക്കും. കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാറിന് ഇലയുടെ സ്നേഹാദരവ് നൽകും.
പഠന മികവിന് ഇലയുടെ സ്നേഹോപഹാരം 200 വിദ്യാർഥികൾക്ക് വിതരണം ചെയ്യും. എസ്എസ്എൽസി മുതൽ എൻജിനീയറിംഗ് വരെ പരീക്ഷയെഴുതി വിജയിച്ച 200 വിദ്യാർഥികൾക്കാണ് സമ്മാനം വിതരണം ചെയ്യുന്നത്.
വീട്ടമ്മയായ ജോസഫിന ജോണിന്റെ ചിത്രങ്ങളുടെ പ്രദർശനവും ഇലയിലെ അംഗങ്ങളുടെ തിരുവാതിരക്കളി മത്സരം, ഗാനസന്ധ്യ, മെഗാഷോ എന്നിവയും ഓണാഘോഷ വേദിയിൽ അരങ്ങേറും. കപ്പയും ചമ്മന്തിയും കടും കാപ്പിയുമായുള്ള ഓണസദ്യയോടെ ആഘോഷ പരിപാടികൾ സമാപിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. 9526725302