ആലപ്പുഴ: പ്രളയത്തിൽ നഷ്ടമായത് 2500 ചുവട് പച്ചക്കറി ചെടികൾ. സഹായത്തിനായി കാത്തിരിക്കാതെ ജൈവ കൃഷിയിൽ ഉറച്ച് നിന്ന കർഷക ദന്പതികൾ നൽകുന്നത് അതിജീവനത്തിന്റെ പുതിയ സന്ദേശം. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ വടക്കേ തയ്യിൽ വി.പി.സുനിലും ഭാര്യ റോഷ്നിയുമാണ് പച്ചക്കറി കൃഷിയിൽ അതിജീവനത്തിന്റെ നൂറുമേനി നേടിയത്.
മുഴുവൻ സമയവും പച്ചക്കറി കൃഷി നടത്തുന്ന ഈ ദന്പതികൾ പാട്ടത്തിനെടുത്ത നാല് ഏക്കറിൽ ഓണവിപണി ലക്ഷ്യമിട്ട് ഒന്പത് ഇനം പച്ചക്കറികൾ നട്ടു. മഴയിൽ വെള്ളം കയറി നശിച്ചത് 3500 ചുവട് പച്ചക്കറി തൈകളാണ്. ഇതിന് പുറമെ നൂറ് ചുവട് റെഡ് ലേഡി പപ്പായയും ആയിരം ചുവട് കറിവേപ്പിലയും വെള്ളത്തിലാണ്.കൃഷിയാകെ വെള്ളത്തിൽ മുങ്ങിയപ്പോഴും സുനിലും റോഷ്നിയും തളർന്നില്ല.
സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കി വിട്ട് കൃഷി തുടന്നു. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നഷ്ടപരിഹാരം തേടി സുനിൽ ആരെയും സമീപിച്ചില്ല. പ്രളയത്തിൽ മറ്റുള്ള കർഷകർക്കുണ്ടായ നഷ്ടവുമായി താരതമ്യം ചെയ്യുന്പോൾ തങ്ങളുടെ നഷ്ടം ഒന്നുമല്ലെന്നാണ് പഞ്ചായത്ത് അംഗം കൂടിയായ റോഷ്നിയും എഐടിയുസി നേതാവായ സുനിലും പറയുന്നത്.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ റീജിയണൽ ഒൗട്ട് റീച്ച് ബ്യൂറോ ഡയറക്ടർ എസ്.സുബ്രഹ്മണ്യൻ കർഷക ദന്പതികളുടെ ഓണക്കാല പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി.പൊന്നുമോൻ, ആർ.രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.