പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെ എസ് ആർ ടി സി യിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് ഓണക്കാലത്ത് അവധിയില്ല. സർവീസുകൾ കാര്യക്ഷമമായി നടത്തുന്നതിനാണ് ജീവനക്കാരുടെ ഓണാവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ ഡ്രൈവർ, കണ്ടക്ടർ, വെഹിക്കിൾ സൂപ്പർവൈസർ , ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ , സ്റ്റേഷൻ മാസ്റ്റർ , ഇൻസ്പെക്ടർ തസ്തികയിലുള്ളവർക്കാണ് അവധി നിയന്ത്രണം.
ഈ മാസം 21 മുതൽ സെപ്തംബർ 4 വരെയാണ് അവധി നിയന്ത്രണം. ഈ കാലയളവിനുള്ളിൽ അവധി ആവശ്യമുള്ളവർ മുൻകൂട്ടി കൃത്യമായ ആവശ്യവും രേഖകളും സഹിതം അവധിഅപേക്ഷ നല്കണം.
യൂണിറ്റ് ഓഫീസർമാർ അവധി എടുക്കുന്നവർക്ക് പകരം ജീവനക്കാരെ നിയമിക്കണം. ജീവനക്കാരുടെ കുറവ് കൊണ്ട് ഒറ്റ സർവീസ് പോലും ഓണക്കാലത്ത് മുടങ്ങരുതെന്നാണ് കർശന നിർദ്ദേശം.
തിരുവോണത്തിന് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് സ്വന്തം വീട്ടുകളിൽ നിന്നും കുടുംബാംഗങ്ങളോടൊപ്പംതിരുവോണ സദ്യ ഉണ്ണാൻ കഴിയുന്ന രീതിയിലാണ് മുൻ കാലങ്ങളിൽ ഡ്യൂട്ടി ക്രമീകരിച്ചിരുന്നത്.
ഈ വർഷം അതിന് സാധ്യത കുറവാണ്. അത് സംബന്ധിച്ച ഉത്തരവുകളൊന്നും കെ എസ് ആർടിസി ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അപ്രതീക്ഷിത സംഭവങ്ങളോ മറ്റോ മൂലം അവധി എടുക്കേണ്ടി വരുന്നത് സംബന്ധിച്ചും വ്യക്തമായ നിർദ്ദേശങ്ങളുമില്ല. 22 മുതൽ സെപ്തംബർ 4 വരെയുള്ള ജീവനക്കാരുടെ ഡ്യൂട്ടികൾ ക്രമീകരിച്ചു കൊണ്ടുള്ള പട്ടിക 16 – ന് മുമ്പ് ഓരോ യൂണിറ്റുകളിലെയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.