കുമരകം: വഞ്ചിപ്പാട്ടിന്റെയും മത്സര വള്ളംകളിയുടെയും ആർപ്പും ആരവവും ഇല്ലാതെ കുമരകം നിവാസികൾ ഓണം ആഘോഷിക്കും.
ചരിത്ര പ്രസിദ്ധമായ 117 -ാമത് കുമരകം ശ്രീനാരായണ ജയന്തി മത്സരവള്ളംകളിയും കവണാറ്റിൻകര ടൂറിസം ജലമേളയും താഴത്തങ്ങാടി മത്സരവള്ളംകളിയും കോവിഡ് നിയന്ത്രണങ്ങളാൽ റദ്ദാക്കി.
ഇതോടെ ദിവസങ്ങളോളം നീളുന്ന പരിശീലന തുഴച്ചിലും വഞ്ചിപ്പാട്ടിന്റെ ഈരടികളും അപ്രത്യക്ഷമായി. ഇത്തവണ ചതയ ദിനത്തിൽ മത്സരവള്ളംകളിയുടെ സ്മരണക്കായി ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്നും കോട്ടത്തോട്ടിലേക്ക് ശ്രീ നാരായണ ഗുരുവിന്റെ ഛായാചിത്ര ഘോഷയാത്ര ശിക്കാരവള്ളത്തിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തും.
വെള്ളപ്പൊക്കത്തിൽ ചെടികൾ നശിച്ചതോടെ പൂക്കളങ്ങൾ നിറയ്ക്കാൻ പ്രയാസമേറി. കുമരകത്തെ വഴികളിലും വിനോദ സഞ്ചാര മേഖലകളിലും എത്തിക്കൊണ്ടിരുന്ന വിദേശ വിനോദസഞ്ചാരികളെയും ഈ വർഷം കണാനില്ല.
മാസങ്ങൾക്കു മുന്പേ ഹൗസ് ബോട്ടുകൾ ബുക്കു ചെയ്തുള്ള വേന്പനാട്ടു കായലിലെ ഉല്ലാസയാത്രയും ഇക്കുറിയില്ല. സാധാരണക്കാർക്ക് തൊഴിൽ നഷ്ടമായതോടെ ഉണ്ടായ സാന്പത്തിക ഞെരുക്കം സമസ്ത മേഖലകളേയും ബാധിച്ചു. ഓണം ഉണ്ണാൻ ദിവസങ്ങൾക്കു മുന്പേ കണ്ടിരുന്ന ഓണപ്പാച്ചിലും അദൃശ്യമായി.