പത്തനാപുരം:മലയാളിക്ക് ഓണവിഭവങ്ങളോരുക്കാനുള്ള മണ്‍പാത്രങ്ങള്‍ തമിഴ് ഗ്രാമങ്ങളില്‍ തയാറാകുന്നു.പ്രതിസന്ധികളെ തരണം ചെയ്ത് പ്രതാപകാലത്തേക്കുള്ള മടക്കയാത്രയ്ക്കുള്ള ഒരുക്കത്തിലാണ് തമിഴ് അതിര്‍ത്തി ഗ്രാമങ്ങളിലെ പരമ്പരാഗത മണ്പാത്രനിര്മ്മാണക്കാര്.
ഏറെ ശ്രദ്ധയോടെയും,കാലാവസ്ഥയുടെ പ്രവചനാതീത സ്വഭാവത്തെയും അതിജീവിച്ച് നിര്‍മ്മിക്കുന്ന മണ്‍പാത്രങ്ങള്‍ പണ്ട് കാലത്ത് അടുക്കളയിലെ അവിഭാജ്യഘടകമായിരുന്നെങ്കിലും പ്ലാസ്റ്റിക്,സ്റ്റീല്‍ പാത്രങ്ങളോട് ഇടക്കാലത്ത് മലയാളിക്കുണ്ടായ ഭ്രമം മണ്‍പാത്രങ്ങളെ അടുക്കളയില്‍ നിന്നുമകറ്റുന്നതിന് കാരണമായി.
ജീവിതശൈലീ രോഗങ്ങളുടെ ആധിക്യം മണ്പാത്രങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചതോടെ അന്യം നിന്നുപോകേണ്ടിയിരുന്ന ഒരു കുലത്തൊഴിലിന് കൂടി പുനര്ജനിയാകുകയാണ്.തെങ്കാശി തേന്പൊത്തൈ ഗ്രാമത്തിലെ അന്‍പതോളം കുശവകുടുംബങ്ങളാണ് കുലത്തൊഴിലില്‍ നിന്നും മാറാതെ ഇന്നും മണ്‍പാത്രങ്ങള്‍ മെനഞ്ഞെടുക്കുന്നത്.
ദിവസങ്ങളോളം ക്ഷമയോടെ ചെയ്യേണ്ടുന്ന മണ്‍പാത്രനിര്‍മ്മാണത്തിന് രണ്ടിനം മണ്ണാണ് വേണ്ടത്.കളിമണ്ണും,പരുമണ്ണും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് കുഴച്ചാണ് പാത്രനിര്മ്മാണാവശ്യത്തിനുള്ള മണ്ണ് തയ്യാറാക്കുന്നത്.ഈ മണ്ണ് തറിയിലാക്കി വേണ്ട പാത്രത്തിന്റെ ആകൃതിയില്‍ കൈകള്‍ കൊണ്ട് മെനഞ്ഞെടുക്കുന്നു.അല്പമൊന്ന് ഉണങ്ങിയശേഷം അടിവശത്ത് മണ്ണ് വച്ച് കൈകൊണ്ടും,ചെറിയ പലകകൊണ്ടും രൂപപ്പെടുത്തി വീണ്ടും വെയിലത്തേക്ക്.
നല്ല ചൂടില്‍ ഉണങ്ങിയാല്‍ പിന്നെ ചട്ടിയും,കലവുമൊക്കെ ചൂളയിലേക്ക് കയറ്റും.ശ്രദ്ധ കുറഞ്ഞുപോയാല്‍ പിന്നെ പൊട്ടല്‍ വീഴും .ദിവസങ്ങളുടെ പരിശ്രമം അതോടെ പാഴാകും.ചൂളയ്ക്ക് വച്ചാല്‍ പിന്നെ വീണ്ടും വെയിലേൽപ്പിക്കും. പിന്നെ വിപണിയിലേക്കും. വര്ഷത്തിലൊരുതവണമാത്രമാണ് കളിമണ്ണെടുക്കാന്‍ അനുവാദമുള്ളത്.തിരുമലയില്‍ നിന്നുമാണ് പാത്രനിര്മ്മാണത്തിനായി കളിമണ്ണെത്തിക്കുന്നത്.
പ്രതികൂലകാലാവസ്ഥയും,സാമ്പത്തിക മെച്ചമില്ലാത്തതും കാരണം പുതുതലമുറ കുലത്തൊഴിലില്‍ നിന്നും അകന്നു നില്‍ക്കുകയാണെന്ന് അന്‍പത്തിയൊന്നുകാരനായ അഴകേശന് പറയുന്നു.ഒരു ചട്ടിയ്ക്ക് പന്ത്രണ്ട് രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.എന്നാല്‍ മണ്ണിനും,ചൂളയ്ക്കാവശ്യമായ വിറകിനും,അധ്വാനവും വെച്ചുനോക്കുമ്പോള്‍ ഇത് നഷ്ടമാണെന്നും,പൂര്‍വീകരായി ചെയ്തുപോന്നതിനാലാണ് സാമ്പത്തിക നേട്ടമില്ലെങ്കിലും ഈ തൊഴില്‍ തുടരുന്നതെന്നും അഴകേശന് പറഞ്ഞു.
കേരളമാണ് ഇവരുടെ പ്രധാന വിപണി.ഓണവും,പൊങ്കാല കാലത്തുമാണ് ഏറെയും ആവശ്യക്കാരെത്തുന്നത്.
ചങ്ങനാശ്ശേരി,പുനലൂര്‍,പത്തനാപുരം,കരുനാഗപ്പള്്ളി ,കോന്നിഎന്നിവിടങ്ങളില് നിന്നുള്ള മൊത്തക്കച്ചവടക്കാരാണ് ഇവിടെയെത്തി മണ്‍പാത്രങ്ങള്‍ കേരളത്തിലെ വിപണിയിലേക്കെത്തിക്കുന്നത്.