തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടും അമ്മയിലെ കൂട്ടരാജിയും മലയാള സിനിമ രംഗത്തെ പ്രശ്നങ്ങളും ഓണച്ചിത്രങ്ങളെ ബാധിക്കില്ലെന്നു വിലയിരുത്തൽ. തിയറ്ററുകളിൽ ഓണം സിനിമകൾ നേരത്തെ തന്നെ ചാർട്ട് ചെയ്തതിനാൽ അടുത്തമാസം ആദ്യം മുതൽ തന്നെ സിനിമകൾ തിയറ്ററുകളിലെത്തും.
ഇത്തവണ ഓണം തൂത്തുവാരാൻ മലയാളക്കരയിൽ വിജയ് ചിത്രം ‘ഗോട്ട്’ ആദ്യമെത്തും. സെപ്റ്റംബർ അഞ്ചിനാണ് ഗോട്ട് റിലീസ് ചെയ്യുന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളൊന്നും ഇത്തവണ ഓണം റിലീസിനില്ലെന്നതിനാൽ വിജയ് ചിത്രം തിയറ്ററുകളിൽ ആഘോഷമാകുമെന്നാണ് തിയറ്ററുകാരും പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബർ 12ന് ടൊവീനോ തോമസിന്റെ ‘അജയന്റെ രണ്ടാം മോഷണം’ (എആർഎം) എന്ന ത്രിഡി ചിത്രം തിയറ്ററുകളിലെത്തും. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് എആർഎം എത്തുന്നത്. ഫാന്റസിയും ആക്ഷനുമൊക്കെ ചേർന്ന എആർഎം മികച്ച തിയറ്റർ അനുഭവമായിരിക്കുമെന്നതുകൊണ്ടും ത്രിഡിയായതിനാൽ തിയറ്ററിൽ തന്നെ കാണണമെന്നതിനാലും ഈ ചിത്രത്തിലും തിയറ്ററുകാർ ഏറെ പ്രതീക്ഷയർപ്പിക്കുന്നുണ്ട്.
ആന്റണി പെപ്പെയുടെ ‘കൊണ്ടൽ’ എന്ന ആക്ഷൻ ചിത്രമാണ് ഓണക്കാലത്ത് തിയറ്ററുകളെ അടിയുടെ ഇടിയുടെ പൂരം കൊണ്ട് ആഘോഷമാക്കാനെത്തുന്ന മറ്റൊരു ചിത്രം. ഒമർ ലുലു സംവിധാനം ചെയ്ത റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ബാഡ് ബോയ്സും ഓണത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രമായ ബറോസ് എന്ന ത്രിഡി ചിത്രം ഓണത്തിനില്ലെന്ന് ഉറപ്പായി. അജയന്റെ രണ്ടാം മോഷണം എന്ന ത്രിഡി സിനിമ ഓണത്തിന് റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ രണ്ടു ത്രി ഡി ചിത്രങ്ങൾ ഒരുമിച്ചു വേണ്ട എന്നതിനാലാണ് ബറോസ് റിലീസ് നീട്ടിയതെന്നാണ് പറയുന്നത്.
മമ്മൂട്ടിയുടെ ബസൂക്കയും ഓണത്തിനുണ്ടാവില്ലെന്നാണ് സൂചന. ഇതിന്റെ ട്രെയിലർ പുറത്തുവന്നെങ്കിലും റിലീസ് നീളുമെന്നറിയുന്നു. ഇപ്പോൾ തിയറ്ററുകളിലുള്ള വാഴയും നുണക്കുഴിയും ഓണം വരെയും ചിലപ്പോൾ ഓണക്കാലത്തും തിയറ്ററുകളിൽ തുടരുമെന്നാണ് ബോക്സോഫീസ് കണക്കുകൾ നൽകുന്ന സൂചന.
ഏതായാലും ഓണാവധിക്ക് അടിച്ചുപൊളിക്കാൻ ഒരുപാട് ചിത്രങ്ങളൊന്നും തിയറ്ററുകളിലെത്തില്ലെങ്കിലും വരുന്ന ചിത്രങ്ങൾ പ്രേക്ഷകരെയും തിയറ്ററുകാരെയും നിർമാതാക്കളെയും നിരാശരാക്കില്ലെന്ന പ്രതീക്ഷയിലാണ് ഒരുപാട് പ്രശ്നങ്ങൾക്കിടയിലും സിനിമാലോകം.