ഓണത്തിന് സൂപ്പർ താരങ്ങൾ നേർക്കുനേർ; ചരിത്രംകുറിക്കാൻ നിവിൻ

ഓണക്കാലത്തെ വരവേല്ക്കാൻ മലയാളികൾ ഒരുങ്ങുമ്പോൾ മലയാള സിനിമയുടെ അണിയറയിൽ ഒരുങ്ങുന്നത് ഒരുപിടി ചിത്രങ്ങളാണ്. പതിവുപോലെ ഓണം കെങ്കേമമാക്കാന്‍ അടിപൊളി ചിത്രങ്ങളുമായാണ് താരങ്ങള്‍ എത്തുന്നത്.

താരരാജക്കന്മാരുടെ സിനിമാ വിശേഷങ്ങളില്‍ നിന്നു തന്നെ തുടങ്ങാം. ലാലേട്ടന്‍റേയും മമ്മൂക്കയുടെയും സിനിമ കാണാതെ മലയാളികള്‍ക്ക് എന്ത് ഓണം അല്ലേ? അതെ, ഈ ഓണത്തിനു രണ്ടു പേരുടേയും സിനിമ എത്തുന്നുണ്ട്.

മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡ്രാമയും മമ്മൂട്ടി- സേതു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒരു കുട്ടനാടന്‍ ബ്ലോഗും തമ്മിലാകും പ്രധാനമായും ഏറ്റുമുട്ടുക. നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയും മത്സരത്തിനുണ്ടാകുമെന്നത് ശ്രദ്ധേയമാണ്.

പടയോട്ടം

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് പടയോട്ടം. ത്രൂ ഔട്ട് ഗ്യാംഗ്‌സ്റ്റര്‍ കോമഡിയുമായി എത്തുന്ന ചിത്രത്തില്‍ ചെങ്കല്‍ രഘു എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. കട്ടത്താടിയും പറ്റവെട്ടിയ നരച്ച മുടിയുമായി പുത്തന്‍ ലുക്കിലാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. അനുശ്രീയാണ് ചിത്രത്തിലെ നായിക.

അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിട്ടുളളത്. ഹരിനാരായണന്‍റെ ഗാനങ്ങള്‍ക്ക് ഈണം പകർന്നത് പ്രശാന്ത് പിള്ളയാണ്. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ലിജോ ജോസ് പല്ലിശേരി, സുരേഷ് കൃഷ്ണ, സുധികോപ്പ, ഐമ സെബാസ്റ്റ്യന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഓഗസ്റ്റ് 17ന് തിയറ്ററുകളിലെത്തും.

ചാലക്കുടിക്കാരന്‍ ചങ്ങാതി

അന്തരിച്ച നടൻ കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയാണ് മറ്റൊരു ഓണചിത്രം. സ്‌റ്റേജ് ഷോകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ സെന്തില്‍ കൃഷ്ണ രാജാമണിയാണ് കലഭാവന്‍ മണിയായി എത്തുന്നത്. ഹണി റോസും പുതുമുഖതാരം നിഹാരികയുമാണ് നായികമാര്‍.

സലീം കുമാര്‍, ജനാര്‍ദനന്‍, കോട്ടയം നസീര്‍, ടിനി ടോം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഉമ്മര്‍ കാരിക്കാടിന്‍റേതാണ് തിരക്കഥ. ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു. അല്‍ഫാ ഫിലിംസിന്‍റെ ബാനറില്‍ ഗ്ലാഡ്സ്റ്റണ്‍ യേശുദാസ് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 18ന് തിയറ്ററുകളിലെത്തും.

കായംകുളം കൊച്ചുണ്ണി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിയെക്കുറിച്ച് കേട്ടു കേള്‍വിയുള്ള കഥകളും ആരു ഇതുവരെ അറിയാത്ത കൊച്ചുണ്ണിയുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.

ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്നതും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു ചിത്രം എന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്.

45 കോടി മുതല്‍ മുടക്കുള്ള ചിത്രത്തിന്‍റെ ചിത്രീകരണം 160 ദിവസം കൊണ്ടാണ് പൂര്‍ത്തിയായത് . ബാഹുബലിയുടെ അണിയറപ്രവര്‍ത്തകരും ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോളിവുഡ് ഛായഗ്രഹകനായ ബിനോദ് പ്രധാനാണ് കൊച്ചുണ്ണിക്കായി കാമറ ചലിപ്പിച്ചത്. ഗോപി സുന്ദറിന്‍റേതാണ് പശ്ചാത്തല സംഗീതം.

ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ് ഒരുക്കിയിരിക്കുന്നത്. ഒന്നര വര്‍ഷം നീണ്ട ഗവേഷണമാണ് ചിത്രത്തിനു വേണ്ടി സംവിധായനും തിരക്കഥാകൃത്തുക്കളും നടത്തിയത്. പ്രിയ ആനന്ദ്, ബാബു ആന്‍റണി, സുധീര്‍ കരമന, ഇടവേള ബാബു, സണ്ണി വെയ്ന്‍, സുനില്‍ സുഗത, പ്രിയങ്ക തിമേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് 18ന് ചിത്രം തിയറ്ററുകളില്‍ എത്തും.

വരത്തന്‍

ഇയ്യോബിന്‍റെ പുസ്തകത്തിനു ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമായ വരത്തനും ഓണ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. ഫഹദിനെ നായകനാക്കി അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ നസ്രിയയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക.

ലിറ്റില്‍ സ്വയമ്പാണ് കാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. ഓഗസ്റ്റ് 22-നാണ് ചിത്രത്തിന്‍റെ റിലീസ്.

ഡ്രാമ

മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ഒരു ഫാമിലി എന്‍റര്‍ടെയ്‌നറാണ് ഡ്രാമ. കോമഡിക്കു പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചിട്ടുള്ള ചിത്രത്തില്‍ കനിഹ, ആശാ ശരത്ത്, ടിനി ടോം, സിദ്ദിഖ് തുടങ്ങിയവരും സംവിധായരായ ദിലീഷ് പോത്തന്‍, ശ്യമപ്രസാദ്, ജോണി ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിനു തോമസാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിട്ടുള്ളത്. തുടക്കത്തില്‍ റിലീസിംഗ് ഡേറ്റുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നെങ്കിലും ഓഗസ്റ്റ് 24ന് ഓണം റിലീസായി തന്നെ ചിത്രം തിയറ്ററുകളിലെത്തും.

ഒരു കുട്ടനാടന്‍ ബ്ലോഗ്

കുട്ടനാട്ടിലെ തനി നാട്ടിന്‍പുറത്തുകാരനായ ഹരി ആയാണ് ഈ ഓണത്തിന് മമ്മൂട്ടി എത്തുക. മമ്മൂട്ടി-സേതു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒരു കുട്ടനാടന്‍ ബ്ലോഗില്‍ ഹരി എന്ന ബ്ലോഗ്
എഴുത്തുകാരന്‍റെ ജീവിതമാണ് പറയുന്നത്.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. റായി ലക്ഷ്മി, അനു സിത്താര, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്‍റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആദ്യം കോഴി തങ്കച്ചന്‍ എന്ന പേര് പിന്നീട് ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന് മാറ്റുകയായിരുന്നു. യുവനടന്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി സഹസംവിധായകനാകുന്നു എന്നതും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബിജിപാലാണ്. ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ളത് ശ്രീനാഥ് ശിവശങ്കരനാണ്. അനന്ത വിഷന്‍റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 24ന് തിയറ്ററുകളിലെത്തും.

പൃഥ്വിരാജിന്‍റെ രണം, കുഞ്ചാക്കോ ബോബന്‍റെ മാംഗല്യം തന്തുനാനേനാ, ടോവിനോയുടെ തീവണ്ടി എന്നീ ചിത്രങ്ങള്‍ ഉടന്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

താരരാജാക്കന്മാരുടെ ചിത്രങ്ങളുണ്ടെങ്കിലും ജനപ്രിയനായകനായ ദിലീപിന്‍റെ ചിത്രങ്ങളൊന്നും ഇല്ലാതെയാണ് ഈ ഓണം കടന്നുപോകുക എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. എന്തായാലും ഈ ഓണം പ്രേക്ഷകര്‍ ആര്‍ക്കൊപ്പം ആയിരിക്കും എന്നു കാത്തിരുന്നു കാണാം.

അഞ്ജലി അനിൽകുമാർ

Related posts