ഓണപ്പൂക്കളത്തിനൊപ്പം ആചാരത്തോടെ പ്രതിഷ്ഠിക്കുന്ന പിരമിഡ് ആകൃതിയിലുള്ള മണ്ശില്പമാണ് ഓണത്തപ്പന്. തൃക്കാക്കരയപ്പന് എന്നും ഇതിനു വിളിപ്പേരുണ്ട്. കളിമണ്ണ് കൊണ്ടോ ചെളി കൊണ്ടോ ഉണ്ടാക്കിയ ഓണത്തപ്പന് നാലു മുഖവും പരന്ന മേല്‍ഭാഗവും ഉള്ള ഒരു ചെറിയ ഘടനയാണ്.
എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് തൃക്കാക്കരയപ്പന്. ചരിത്രമനുസരിച്ച്, മഹാബലി രാജാവിനെ തൃക്കാക്കരയില്നിന്നാണ് പാതാളത്തിലേക്ക് അയച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വിശുദ്ധ പാദങ്ങള്‍ എന്നര്‍ഥം വരുന്ന തിരുകാല്കര എന്ന വാക്കില്‍ നിന്നാണ് തൃക്കാക്കര എന്ന പേര് ഉത്ഭവിച്ചതെന്നാണ് വിശ്വാസം.
തൃക്കാക്കര അമ്പലത്തില്‍ ഉത്സവത്തിന് പോകാന്‍ കഴിയാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷങ്ങള്‍ നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കല്പ്പിച്ചതിനെത്തുടര്ന്നാണ് ഈ ആചാരം നിലവില്‍ വന്നതെന്നാണ് മറ്റൊരു വിശ്വാസം.
ഉത്രാട നാളില്‍ ഓണത്തപ്പനെ അരിമാവ് അണിയിച്ച് ചെറിയ പീഠത്തില്‍ ഇരുത്തി പൂക്കള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. തൃക്കാക്കരയപ്പനൊപ്പം മഹാബലിയെയും കുടിയിരുത്തുന്നവരുണ്ട്.
ഓണത്തപ്പനൊപ്പം, ഉരല്, ചിരവ, അരകല്ല്, മുത്തി, നിലവിളക്ക് എന്നിങ്ങനെ ചെറുരൂപങ്ങളും ഉണ്ടാകും. ഓണത്തിന് തൃക്കാക്കരയപ്പനെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിന്റെ പ്രതീകമായാണ് ഇവ പൂക്കളത്തില്‍ ഒരുക്കുന്നത്. മഴയില്‍ കുതിര്‍ന്ന് മണ്ണില്‍ തന്നെ ഇവ അലിഞ്ഞുചേരണമെന്നാണ് വിശ്വാസം.