കോട്ടയം: ഓണത്തിരക്കിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചാൽ പിടിവീഴും. നഗരം ഇന്നു മുതൽ പോലീസ് വലയിത്തിലാണ്. കാൽനട, ബൈക്ക് പട്രോളിംഗ് പോലീസ് ടീമിനെ ഇരട്ടിയാക്കി. മഫ്തി പോലീസിനെയും കൂടുതൽ നിയോഗിച്ചു. ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലേയും പ്രധാനപ്പെട്ട സ്ഥലങ്ങളിലും പോലീസ് പരിശോധന കർശനമാക്കി.
വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഇന്നു മുതൽ ഓണാഘോഷങ്ങൾ അവസാനിക്കുന്നതു വരെ രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ പോലീസ് വാഹനങ്ങളിലും, കാൽനട പട്രോളിംഗും ക്രമീകരിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിലും പൊതു വാഹനങ്ങളിലും പോക്കറ്റടി, പിടിച്ചു പറി എന്നിവ തടയുന്നതിന് വനിത പോലീസ്, നിഴൽ പോലീസ് ഉൾപ്പെടെയുള്ളവരെ വിന്യസിച്ചിട്ടുണ്ട്. ട്രാഫിക് നിയന്ത്രിക്കുന്നതിനായി പ്രധാനപ്പെട്ട ടൗണുകളിൽ അധികമായി പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
മദ്യപിച്ചും അമിതവേഗതയിലും വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക വാഹന പരിശോധനകൾ ക്രമീകരിച്ചിട്ടുണ്ട്. വ്യാജമദ്യം ഉല്പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും തടയുന്നതിനായി എക്സൈസ് വകുപ്പുമായി യോജിച്ച് പരിശോധന നടത്തും. പൊതു സ്ഥലങ്ങളിൽ മദ്യപാനം തടയുന്നതിന് ഫലപ്രദമായ രീതിയിൽ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ലഹരി പദാർഥങ്ങൾ കടത്തുന്നത് തടയുന്നതിനായി ദീർഘദൂര ബസുകളടക്കമുള്ള വാഹനങ്ങളും, ബസ് സ്റ്റാൻഡ്, റെയിൽവേ പരിസരങ്ങളിലും പോലീസിന്റെ കർശന പരിശോധന നടത്തും.
നിർദേശങ്ങൾ
* ഓണാവധിയോടനുബന്ധിച്ച് വീട് പൂട്ടി ദൂര യാത്ര പോകുന്നവർ, ആ വിവരം ബന്ധപ്പെട്ട സ്റ്റേഷനിൽ അറിയിക്കുക. യാത്ര പോകുന്പോൾ വീടുകളിൽ സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാതിരിക്കുക.
* ഓണക്കാലത്ത് മോഷണശ്രമങ്ങൾ കൂടുതൽ നടക്കാറുള്ളതിനാൽ ആഘോഷങ്ങളിൽ പങ്കെടുക്കുന്പോൾ വിലപിടിപ്പുള്ള ആഭരണങ്ങൾ പരമാവധി കുറച്ച് ഉപയോഗിക്കാൻ ശ്രമിക്കുക. ഇതര സംസ്ഥാന തൊഴിലാളികൾ, നാടോടി സംഘങ്ങൾ, യാചകർ തുടങ്ങി പല വേഷങ്ങളിൽ കവർച്ചക്കാർ എത്താറുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
* ഓണക്കാലത്ത് ടൗണിലേക്ക് ഷോപ്പിംഗിനും മറ്റുമായി വരുന്നവർ കഴിവതും പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക. സ്വന്തം വാഹനത്തിൽ വരുന്നവർ വാഹനം പാർക്ക് ചെയ്യുന്പോൾ സുരക്ഷിതമായി ലോക്ക് ചെയ്തിട്ടുണ്ടോ എന്നും ഗതാഗതതടസം ഉണ്ടാക്കിയിട്ടില്ലെന്നും ഉറപ്പുവരുത്തുക. കൂടാതെ മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാത്ത തരത്തിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക.
* പൊതുസ്ഥലങ്ങളിൽ മദ്യപാനം ഒഴിവാക്കുക. അതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കേണ്ടതാണ്. ലഹരിവസ്തുക്കൾ, വ്യാജമദ്യം തുടങ്ങിയവയുടെ ഉപയോഗം തടയാൻ പോലീസിനെ സഹായിക്കുക. ഓണക്കാലത്ത് വ്യാജമദ്യ വില്പന ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്സൈസിനെയോ അറിയിക്കുക.
* ആഘോഷവേളകളിൽ പടക്കം, പൂത്തിരി മുതലായവ അശ്രദ്ധമായി ഉപയോഗിക്കരുത്.
* തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്പോൾ കൂടെയുള്ള കുട്ടികൾ, വൃദ്ധർ തുടങ്ങിയവർ കൂട്ടംതെറ്റിപ്പോകാതെ സൂക്ഷിക്കുക. അപകടസാധ്യതകൾ കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കുക.
* ഓണത്തോടനുബന്ധിച്ച് ദൂരയാത്ര ചെയ്യുന്നവർ വെളിച്ചക്കുറവ് ഉള്ളപ്പോഴും ഉറക്കക്ഷീണമുള്ളപ്പോഴും വാഹനമോടിക്കാതിരിക്കുക. പല അപകടങ്ങളും പുലർവേളകളിലാണ് കൂടുതലുണ്ടാകുന്നത്, ഡ്രൈവർ മയങ്ങിപ്പോകുന്നതാണ് കാരണം. അത്തരം അവസരങ്ങളിൽ വിശ്രമിച്ചശേഷം മാത്രം വാഹനമോടിക്കുക. മദ്യപിച്ചോ അമിതവേഗത്തിലോ വാഹനമോടിക്കരുത്. അർധരാത്രിയിലും പുലർകാലത്തുമുള്ള യാത്ര ഏറെ കരുതലോടെയാവണം. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കേണ്ട വാഹനങ്ങളിൽ അത് നിർബന്ധമായും ചെയ്യുക.
* അപകടസാധ്യതകൾ, സുരക്ഷാഭീഷണി. ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ എല്ലാ സഹായത്തിനും ജില്ലാ പോലീസ് നിങ്ങൾക്കൊപ്പമുണ്ടാകും.
* പൊതുജനങ്ങൾക്ക് ഉപദ്രവം ഉണ്ടാകുന്ന വിധത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
* പൊതു നിരത്തുകൾ കൈയ്യേറിയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കുക.
* പോലീസ് സ്റ്റേഷനിലെ ജനമൈത്രി ഉദ്യോഗസ്ഥർക്ക് വ്യാജമദ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ നല്കുക. 04812563388, 1090
* സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ആരംഭിച്ച പിങ്ക് കണ്ട്രോൾ റൂം നന്പരിൽ (1515) വിളിച്ച് സ്ത്രീ സുരക്ഷയ്ക്ക് വിഘാതമായ വിഷയങ്ങൾ അറിയിക്കുക.