ചേർത്തല: ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാനും കുറ്റമറ്റ വിതരണം ഉറപ്പാക്കാനും കർശന നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യവകുപ്പു മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ചേർത്തല കാളികുളം ശ്രീവിലാസം എൻഎസ്എസ് കരയോഗത്തിന്റെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിലക്കയറ്റം നിയന്ത്രിക്കാനും മറ്റുമായി രണ്ട് മാസം മുൻപ് മുതൽ സർക്കാർ നടപടികൾ ആരംഭിച്ചതാണ്.
എന്നാൽ ലോറി സമരം വന്നതോടെ നടപടികളിൽ ചില കാലതാമസം സംഭവിച്ചു. ഇത് മറികടക്കാനുള്ള സംവിധാനങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു. ലോറിസമരം അവസാനിച്ച സാഹചര്യത്തിൽ നടപടികളെല്ലാം വേഗത്തിലാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കരയോഗം ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പ്രഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അധ്യക്ഷനായി. സാന്ത്വന സഹായ പദ്ധതിയുടെ മൂന്നാം ഘട്ടവും സാന്ത്വനശ്രീ പദ്ധതിയും നഗരസഭ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.