കോട്ടയം: ഓണത്തിരക്കിന് ആശ്വാസമായി റെയില്വേ മൂന്നു സ്പെഷല് ട്രെയിനുകള് ഓടിക്കുന്നതിനു പുറമെ പ്രധാന ട്രെയിനുകളില് ഒന്നോ രണ്ടോ വീതം അധികം കോച്ചുകളും ഘടിപ്പിക്കും. കൊച്ചുവേളി-ബംഗളൂരു (വിശ്വേശ്വരയ്യ), കൊച്ചുവേളി- ചെന്നൈ (താമ്പരം), കൊച്ചുവേളി- മാംഗളൂരു റൂട്ടുകളിലാണ് വീക്ക്ലി സ്പെഷല് ആരംഭിച്ചിരിക്കുന്നത്.
നിസാമുദ്ദീന്, മംഗള, കേരള, ശബരി, ജയന്തി, മലബാര് ഉള്പ്പെടെ പത്ത് ട്രെയിനുകള്ക്കാണ് അധികം കോച്ചിന് അനുമതിയായിരിക്കുന്നത്. നിലവില് ഡല്ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്നിന്ന് നാട്ടിലേക്ക് റിസര്വേഷന് കിട്ടില്ല.തിരക്കു പരിഗണിച്ചു കൊച്ചുവേളി -മംഗളൂരു സ്പെഷല് ട്രെയിന് സെപ്റ്റംബര് 28 വരെ നീട്ടിയിട്ടുണ്ട്. വ്യാഴം, ശനി ദിവസങ്ങളില് രാത്രി 7.30ന് മംഗളൂരുവില് നിന്ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും.
തിരികെ വെള്ളി, ഞായര് ദിവസങ്ങളില് വൈകുന്നേരം 6.40നു കൊച്ചുവേളിയില് നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ ഏഴിന് മംഗളൂരുവിലെത്തും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്, ഷൊര്ണൂര്, തിരൂര്, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്, പയ്യന്നൂര്, കാഞ്ഞങ്ങാട്, കാസര്ഗോഡ് എന്നിവിടങ്ങളില് സ്റ്റോപ്പുകളുണ്ട്.
വെയിറ്റിംഗ് ലിസ്റ്റ് നമ്പര് 300 വരെയുള്ളവരെ ഇത്തരത്തില് നാട്ടിലെത്തിക്കാനും തിരികെ കൊണ്ടുപോകാനും അധികം കോച്ചുകള് ക്രമീകരിക്കുന്ന തയാറെടുപ്പിലാണ് റെയില്വേ. നിലവില് ഹൈദരാബാദ്, കോല്ക്കത്ത, ഗോഹട്ടി എന്നിവിടങ്ങളിലേക്കാണ് കൂടുതൽ തിരക്കനുഭവപ്പെടുന്നത്.
30 ലക്ഷത്തിലേറെ ഇതരസംസ്ഥാന തൊഴിലാളികളുടെ പോക്കുവരവുണ്ടാക്കുന്ന തിരക്കിന് ഇപ്പോഴുള്ള വണ്ടികള് മതിയാവില്ല. വടക്കുകിഴക്കന് സംസ്ഥാനങ്ങളിലേക്ക് അധികമായി രണ്ടു ട്രെയിനുകള്ക്കൂടി ഓടിച്ചാലും ഈ റൂട്ടില് തിരക്ക് കുറയില്ല. നിലവില് ഹൗറയിലെത്തുന്ന അഞ്ചു ട്രെയിനുകളാണ് കേരളത്തില് നിന്നുള്ളത്.
ഒരേ സമയം മൂവായിരത്തിലേറെ ഇതരസംസ്ഥാന തൊഴിലാളികള് ഈ ട്രെയിനുകളില് യാത്ര ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പഠനത്തിനും ജോലിക്കും ബിസിനസിനും യാത്രചെയ്യുന്ന മലയാളികള് ഈ വണ്ടികളില് ടിക്കറ്റ് ലഭിക്കാന് ബുദ്ധിമുട്ടുന്നത്. ജോലി നല്കുന്ന കരാറുകാര് മുഖേന തൊഴിലാളികള്ക്കായി നൂറു കണക്കിന് ടിക്കറ്റുകള് മാസങ്ങള്ക്കു മുന്പേ ഒരുമിച്ച് ബുക്ക് ചെയ്യുകയാണു പതിവ്.
കെഎസ്ആര്ടിസി സ്പെഷല് ഇല്ല
കോട്ടയം: ഓണത്തിരക്കിന് പരിഹാരമായി കെഎസ്ആര്ടിസി ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സ്പെഷല് സര്വീസ് നടത്തുന്നില്ല. സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ കൊയ്ത്തിന് അവസരമൊരുക്കാനാണ് കെഎസ്ആര്ടിസിയുടെ പിന്വാങ്ങലെന്ന് പറയുന്നു.
നിലവില് ഓടുന്ന കെഎസ്ആര്ടിസി ബസുകളില് സീറ്റുകളേറെയും റിസര്വേഷനായിക്കഴിഞ്ഞു. പത്ത് ബസുകള് അധികം ഓടിച്ചാലും തിരക്കിന് കുറവില്ല. അതേ സമയം വിമാനനിരക്കിനേക്കാള് ഉയര്ന്ന നിരക്കില് സ്വകാര്യ ടൂറിസ്റ്റ് സര്വീസുകാര് ഓണവാരത്തില് നൂറിലേറെ ബസുകള് കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് അധികമായി ഓടിക്കുന്നുണ്ട്.