കുറച്ചുകാലം മുന്പുള്ള ഒരോണക്കാലം. അത്തം കഴിഞ്ഞു നാലാംപക്കം. കുട്ടികൾക്ക് ഓണാവധി തുടങ്ങിയതിന്റെ പിറ്റേന്ന്. തൊടികളും കുന്നുകളും കയറിയിറങ്ങി ഒരുകൂട്ടം കുട്ടികൾ. ഓരോരുത്തരുടെയും കൈയിൽ ചെറിയകുട്ടകൾ. പറന്പുകളിൽ പലനിറ പൂക്കൾ. തെച്ചിയും ചെന്പരത്തിയും മുക്കുറ്റിയും തുന്പയും തുടങ്ങി പേരറിയാത്തവയും.
കുട്ടികളുടെ കുട്ടകളിൽ പൂക്കൾ നിറയുകയാണ്. വീടുകളിൽനിന്ന് അവർ പുറപ്പെട്ടിട്ട് ഒരുപാടുനേരം കഴിഞ്ഞിരിക്കുന്നു. ഏറെദൂരം പിന്നിട്ടിരിക്കുന്നു. അവരതറിയുന്നില്ല. പൂക്കൾ പറിച്ചും വർത്തമാനം പറഞ്ഞും അവർ മറ്റൊരു ലോകത്താണ്. അവരുടെ മനംനിറയെ പൂക്കളങ്ങളാണ്.
പത്തുദിവസം മുറ്റത്തു പൂക്കളമിടുന്നതു വ്രതംപോലെ അനുഷ്ഠിച്ചിരുന്ന കാലം. പൂക്കളങ്ങളുടെ ഭംഗിയിലും വലിപ്പത്തിലും ആവേശംകൊണ്ട തലമുറ. പൂക്കൾ തേടിയുള്ള അലച്ചിലുകളിൽ നിർവൃതികൊണ്ട ബാല്യങ്ങൾ. ജാതിവ്യത്യാസമില്ലാതെ ആളുകൾ വീടിനു മുന്നിൽ പൂക്കളമിട്ടു. പ്രായവ്യത്യാസമില്ലാതെ പങ്കാളികളായി. ആ ദിനങ്ങളിൽ മലയാളിമനസ് പൂക്കളങ്ങളുടെ ചുറ്റിലുമായിരുന്നു. മുറ്റത്തു പൂക്കളമിടാത്തതു കുറച്ചിലായി കണ്ടിരുന്നു. മറുനാടുകളിലുള്ള മലയാളികൾ നാട്ടിലെത്താൻ വെന്പൽകൊണ്ടിരുന്നു.
പ്രകൃതിയുടെ ഭാവപ്പകർച്ചകൾ…
വേനലിന്റെ രൂക്ഷതയും കാലവർഷത്തിന്റെ തീവ്രതയും കഴിഞ്ഞുവരുന്ന ചിങ്ങമാസം. വിടപറഞ്ഞു പഞ്ഞക്കർക്കടകം. പച്ചപ്പണിഞ്ഞു പ്രകൃതി. നിറഞ്ഞ ജലാശയങ്ങൾ. വിളഞ്ഞ നെൽപ്പാടങ്ങൾ. മത്തനും കുന്പളവും വെള്ളരിയും പയറും പാവലും പടവലവും കായ്ച പുരയിടങ്ങൾ.
പുല്ലുവരെ പുഷ്പിക്കും കാലം. കേരളം അതിന്റെ തനതു സൗന്ദര്യം പൂർണമായി പ്രദർശിപ്പിക്കുന്ന സമയം. ശരീരഭാഷകൊണ്ടു പ്രകൃതി പ്രകടിപ്പിക്കുന്ന പ്രസന്നത മനുഷ്യരിലേക്കും പടരുന്നതിന്റെ സന്തോഷം. ഓണത്തെ നാടിന്റെയാകെ ഉത്സവമാക്കുന്നതു പ്രകൃതിയുടെ ഈ ഭാവപ്പകർച്ചകൾ കൂടിയാണ്. ഓണത്തിനു മനുഷ്യരേക്കാൾ ഒരുങ്ങുന്നതു പ്രകൃതിയാണ്.
ഒരുപാട് ഓണങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടു രണ്ടു പതിറ്റാണ്ടു പിന്നിലായി. പുതു നൂറ്റാണ്ടിൽ ജനിച്ചവർക്കു പുത്തൻ അനുഭവങ്ങൾ. കാഴ്ചയും കാഴ്ചപ്പാടുകളും മാറുന്നു. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമായി കൊതിയോടെയുള്ള കാത്തിരിപ്പിനു പുതുതലമുറയ്ക്ക് ക്ഷമയില്ല. ദിവസവും അവർ ആഘോഷമാക്കുന്നു.
അതിനിടെ കടന്നുവരുന്ന ഒരു ആഘോഷം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു മലയാളനാടിന്റെ പൊന്നോണം. പത്തുദിവസത്തെ പൂക്കളമിടൽ വീട്ടുമുറ്റങ്ങളിൽ ഇന്ന് അപൂർവകാഴ്ച. പൂക്കൾ തേടിയുള്ള യാത്രകൾ പഴയതലമുറയുടെവരെ മറവിയിലായി. പൂന്തോട്ടങ്ങളില്ലാത്ത വീട്ടുമുറ്റങ്ങൾ പണ്ടില്ലായിരുന്നു. മിനുത്ത കൽപ്പാളികൾ നിരത്തിയ മുറ്റങ്ങളിൽ ഇന്നു പടരൽപുല്ലുകൾ മാത്രം. പറന്പുകളിൽ പണ്ടുണ്ടായിരുന്ന പൂക്കൾ മിക്കതും അപ്രത്യക്ഷമായി.
എന്തു രസമായിരുന്നു…
നൂറ്റന്പതോളം ഇനം പൂക്കൾ നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്നു. രൂപംകൊണ്ടും നിറംകൊണ്ടും ഗന്ധംകൊണ്ടും മനസിനെ രസിപ്പിക്കുന്നവ. കൗതുകമാണു പലതിന്റെയും രീതികൾ. വാച്ചിലെ സമയം നോക്കിയെന്നപോലെ വിടരുന്ന പത്തുമണിപൂവും നാലുമണിപൂവും. നിറംമാറുന്ന റോസുകൾ. കിരീടാകൃതിയിൽ കൃഷ്ണകിരീടം. നാടാകെ സുഗന്ധംകൊണ്ടു നിറയ്ക്കുന്ന മുല്ലയും ഇലഞ്ഞിയും നിശാഗന്ധിയും സുഗന്ധരാജനും. മരുന്നായി മാറുന്ന മുക്കുറ്റിയും തുളസിയും നന്ത്യാർവട്ടവും. തീരുന്നില്ല പേരുകൾ… അശോകം, പിച്ചകം, ചെന്പകം, കണ്ണാന്തളി, രാജമല്ലി, ചെണ്ടുമല്ലി, കൊങ്ങിണി, ഗുൽമോഹർ, മൊസാണ്ട… അതങ്ങനെ നീളുന്നു. ഇവയിൽ പലതും ഇന്നു മരുന്നിനു പോലുമില്ല.
നിശാഗന്ധി പൂത്താൽ അതിന്നു പത്രവാർത്ത. റോസും മുല്ലയുംവരെ പഴഞ്ചനായി. തൊട്ടാവാടിപോലും നാടിറങ്ങിപ്പോയി. ഇവയ്ക്കു പകരം വന്നത് ഓർക്കിഡുകൾ. കണ്ടാൽ പ്ലാസ്റ്റിക് പൂവ് പോലെ. മണമില്ല. പൂവിടാത്തവയെയും കള്ളിമുൾചെടികളെയും ആളുകൾ ഓമനിച്ചു വളർത്തുന്നു. വലുതാകുന്ന പൂമരങ്ങളെ കത്രിച്ചുകത്രിച്ചു കുള്ളനാക്കി ചെടിച്ചെട്ടികളിൽ ആക്കിയിരിക്കുന്നു ചിലർ. ഈ ബോൺസായികൾ പോയ്മറഞ്ഞ നല്ലകാലം അയവിറക്കി വീട്ടുവരാന്തകളിൽ വിമ്മിഷ്ടപ്പെട്ടു കഴിയുന്നു.
പൂന്തോട്ടംപോലെ…
ഓണക്കാലത്തു ചെടികളായചെടികളും മരങ്ങളായമരങ്ങളും പൂത്തു പൂന്തോട്ടംപോലെ ആകുമായിരുന്നു കേരളം. ആ കാഴ്ച കാണാതായിരിക്കുന്നു. പുഷ്പിക്കാൻ ചെടികളില്ലാതെ കരുവാളിച്ച മുഖവുമായി പ്രകൃതി. ഓണക്കാലത്തെ പ്രകൃതിയുടെ ചിരി മായുകയാണ്. പ്രകൃതിക്കുമേൽ മനുഷ്യന്റെ അധിനിവേശം സൃഷ്ടിച്ച നഷ്ടങ്ങൾ. അത്തം കറുത്താൽ ഓണം വെളുത്തിരുന്നു. തെളിഞ്ഞദിനങ്ങൾ ഓണത്തിന് ഉറപ്പായിരുന്നു. കലാഹൃദയമുള്ള പ്രകൃതിയുടെ ഇടപെടൽ അങ്ങനെയുമുണ്ടായിരുന്നു. അതിനും ഇന്ന് ഉറപ്പില്ല. പ്രകൃതിയുടെ കാട്ടാളഭാവം കണ്ടു പോയവർഷം ഓണംപോലും കേരളം വേണ്ടെന്നുവച്ചു. ഇക്കൊല്ലവും പ്രകൃതിയുടെ മുഖത്തിനു വേണ്ടത്ര തെളിച്ചമില്ല.
പത്തുദിവസത്തെ പൂക്കളമിടീൽ തിരുവോണദിവസം മാത്രമായി ചുരുങ്ങിയിരിക്കുന്നു. അതുതന്നെ ചുരുക്കം വീടുകളിൽ മാത്രമായിരിക്കുന്നു. മുറ്റത്തുനിന്നു പൂക്കളങ്ങൾ വരാന്തയിലേക്കും വീടിനുള്ളിലേക്കും കയറി. ഇടുന്ന പൂവുകളിൽ ഒന്നുപോലും തൊടികളിൽനിന്നു പറിച്ചെടുക്കുന്നതല്ല. അന്യനാടുകളിൽനിന്നു വന്നതു വലിയവിലകൊടുത്തു വാങ്ങുന്നതാണ്. നാലോ അഞ്ചോ ഇനങ്ങളിൽ ഈ പൂക്കൾ ഒതുങ്ങുന്നു. നിറംചേർത്ത തേങ്ങാപ്പീരയും അരിപ്പൊടിയുമാണു പൂക്കളുടെ പകരക്കാരൻ.
ഐതിഹ്യം മാത്രമല്ല…
ഓണപ്പൂക്കളത്തിനു പിന്നിൽ ഐതിഹ്യം മാത്രമല്ല, ചിട്ടവട്ടങ്ങളും കണക്കുകളുമൊക്കെയുണ്ട്. ചിങ്ങമാസത്തിലെ അത്തംനാളിലാണു തുടക്കം. മുറ്റത്തു ചാണകം മെഴുകിയ തറയിലാണു പൂക്കളമൊരുക്കേണ്ടത്. ചോതിവരെ മൂന്നുദിവസം തുന്പപ്പൂവ് മാത്രമാണ് ഇടുക. ആദ്യദിനത്തിൽ ഒരുനിര പൂവ്. രണ്ടാംദിനം രണ്ടുനിര. മൂന്നാംദിനം മൂന്നുനിര. തുടർന്നുള്ള ദിവസങ്ങളിൽ പലതരം പൂക്കൾ ഇടാം.
ഓരോദിവസവും പൂക്കളത്തിന്റെ വലിപ്പം കൂട്ടണം. ഉത്രാടംദിനത്തിൽ പൂക്കളം പരമാവധി വലിപ്പത്തിലാക്കണം. ചോതിനാൾ മുതൽക്കേ ചെന്പരത്തിപ്പൂവിനു കളത്തിൽ സ്ഥാനമുള്ളൂ. മൂലംനാളിൽ പൂക്കളം ചതുരത്തിലാകും. തിരുവോണദിനം പൂക്കളത്തിൽ ഓണത്തപ്പന്റെയും മഹാബലിയുടെയും രൂപം മണ്ണിൽ മെനഞ്ഞു പ്രതിഷ്ഠിക്കും. ഓണം കഴിഞ്ഞു ചതയംവരെ പൂക്കളം തുടരും. ദേശവ്യത്യാസങ്ങളും പൂക്കളങ്ങളിലുണ്ട്.
ചിലയിടങ്ങളിൽ ഒരുനിറത്തിലുള്ള പൂവിൽ തുടങ്ങി പത്താംദിവസം പത്തുനിറത്തിലുള്ള പൂക്കൾകൊണ്ടു പൂക്കളം ഒരുക്കുന്നു. ആണ്ടു സന്ദർശനത്തിനെത്തുന്ന മഹാബലി ചക്രവർത്തിയെ വരവേൽക്കാനാണു പൂക്കളമെന്നാണു സങ്കൽപം. ജനങ്ങൾക്കിഷ്ടപ്പെട്ട ഭരണംകൊണ്ടു ദേവന്മാരെപ്പോലും അസൂയപ്പെടുത്തിയ മഹാബലിയുടെ ഓർമദിനമാണ് ഓണമെന്നും ഐതിഹ്യം പറയുന്നു.
മലയാളത്തിന്റെ പഴംമനസ്…
ഓണക്കളികൾപോലെ അത്രയ്ക്കു കുറ്റിയറ്റിട്ടില്ല ഓണപ്പൂക്കളങ്ങൾ. പൂക്കളമത്സരങ്ങളാണ് അതിന്റെ കാരണം. ഓണക്കാലമെത്തിയെന്ന് ഇന്നറിയിക്കുന്നത് ഈ മത്സരങ്ങളുടെ വർണങ്ങളാണ്. നാടൻ പൂക്കൾ മാത്രമെന്ന നിബന്ധന വയ്ക്കാറുണ്ടെങ്കിലും നിർബന്ധം പിടിക്കാൻ കഴിയാറില്ല. നാടുനീങ്ങിയ അവയെ എവിടെനിന്നു കൊണ്ടുവരാൻ. വട്ടത്തിൽതന്നെയാണു മത്സരങ്ങളിലും പൂക്കളം. എന്നാൽ രീതികൾ മാറി. പൂവുകൊണ്ടുള്ള ചിത്രമെഴുത്താണ് ഇപ്പോൾ. പടംവരക്കാരെക്കൊണ്ടു വരപ്പിച്ചശേഷം പൂക്കൾ നിരത്തുന്നു. പൂക്കളം തീരുന്പോൾ ചിത്രം തെളിഞ്ഞുവരും. പക്ഷിയും പറവയും കഥകളിത്തലയും മുതൽ ടാജ്മഹൽ വരെ. കാണാൻ പണ്ടത്തേക്കാൾ ഭംഗിയുണ്ട്.
വലിപ്പത്തിൽ റിക്കാർഡുകൾ ഭേദിക്കുന്ന പൂക്കളങ്ങളുമൊരുക്കാറുണ്ട്. ഓണത്തിന് ആഘോഷച്ഛായ നല്കാൻ ഇവയ്ക്കു കഴിയാറുമുണ്ട്. എന്നിരുന്നാലും വീട്ടുമുറ്റങ്ങളിൽനിന്നു പടിയിറങ്ങിപ്പോയ കൊച്ചുപൂക്കളങ്ങൾക്കു പിന്നാലെയാണു മലയാളത്തിന്റെ പഴംമനസ്. കുട്ടികളും മുതിർന്നവരുമൊക്കെ വട്ടംകൂടിയിരുന്ന് അത്രയൊന്നും നിരയൊക്കാതെ മുറ്റത്തു തീർത്തിരുന്ന പൂക്കളങ്ങൾ. തുന്പ തുടങ്ങി തൊട്ടാവാടിപ്പൂവ് വരെ ചേർത്തുവച്ചു വസന്തകാലത്തിനു മുറ്റത്തൊരുക്കിയിരുന്ന വിരുന്നുവയ്ക്കൽ. ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും പൂവിളി. നാം ഒന്നെന്ന സന്ദേശത്തിന്റെ പ്രഖ്യാപനം. അതൊക്കെയായിരുന്നു കേരളീയരുടെ ഓണപ്പൂക്കളം. നൂറ്റാണ്ടുകൾക്കു മുന്പു തുടങ്ങി കാലത്തെ അതിജീവിച്ചെത്തിയ അനുഷ്ഠാനം.
തിരിച്ചുവരാത്ത കാലം…
കാലം പിന്നോട്ടല്ല. മുന്നോട്ടാണ് ഉരുളുന്നത്. കടന്നുപോയ കാലം തിരിച്ചുവരില്ല. കാലാവസ്ഥയും മനുഷ്യനും മാറുകയാണ്. കണ്ടും അനുഭവിച്ചും പരിചയമില്ലാത്തത് ഓരോന്നു സംഭവിക്കുന്നു. പഴയകാലവും പഴയകാര്യങ്ങളും അതിവേഗം പിന്നിലായിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഒന്നുണ്ട്. കാലമുരുളും കാലത്തോളം ചിങ്ങമാസം പിറന്നുകൊണ്ടിരിക്കും. ചിങ്ങമുണ്ടെങ്കിൽ തിരുവോണവും വരും. അപ്പോഴും മായാതെ മങ്ങാതെ പൂക്കളങ്ങളും ഉണ്ടായിരുന്നെങ്കിൽ…
എം. റോയ്