തൃശൂർ: നാളെ കഴിഞ്ഞാൽ അത്തം. നാടും നഗരവും ഓണത്തിരക്കിലേക്ക്. അത്തം പത്ത് പൊന്നോണം. പ്രളയക്കെടുതികളും പ്രാരാബ്ധങ്ങളുമെല്ലാം മാറ്റിവെച്ച് മലയാളി ഓണത്തിരക്കിലേക്ക് കടക്കുകയാണ്. ഓണവിപണി അത്തം നാളോടെ കൂടുതൽ ഉഷാറാവും. മലയാളിയുടെ വീട്ടുമുറ്റങ്ങളിൽ ഓണപ്പൂക്കളം അത്തം മുതൽ വിരിയും. നാടൻ പൂക്കൾക്കൊപ്പം അതിർത്തി കടന്നെത്തുന്ന പാണ്ടിപ്പൂക്കളും കളമൊരുക്കാനുണ്ടാകും. ഓണസദ്യ ഇത്തവണയൊരുക്കുന്പോൾ അൽപം വിലക്കൂടുതൽ അനുഭവപ്പെട്ടേക്കാമെങ്കിലും ഒന്നിനും കുറവുണ്ടാവില്ല.
വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെല്ലാം തിരക്ക് തുടങ്ങിക്കഴിഞ്ഞു. ആടിമാസ വിൽപനക്കൊപ്പം മിക്കയിടത്തും ഓണം ആദായവിൽപനയും പൊടിപൊടിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഓണക്കോടി വാങ്ങാൻ തിരക്കേറും.ഓണക്കോടിക്കൊപ്പം സ്വർണവും നൽകുന്ന ചടങ്ങ് ഇപ്പോൾ പലയിടത്തും ഉള്ളതുകൊണ്ട് ജ്വല്ലറികളിലും തിരക്കുണ്ട്. സ്വർണത്തിന് വില കൂടിയിട്ടുണ്ടെങ്കിലും പൊന്നിൻചിങ്ങമാസത്തിലെ പൊന്നോണത്തിന് പൊന്നുവാങ്ങുന്നവർക്ക് കുറവില്ല.
പലയിടത്തും ഓണം പ്രമാണിച്ച് വിലക്കുറവിൻറെ മഹാമേളകളാണ് നടക്കുന്നത്. അന്പതു ശതമാനം വരെ വിലക്കുറവാണ് പല വസ്ത്രവ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.ഓണം സിനിമകൾ റിലീസ് ചെയ്തതോടെ തീയറ്ററുകളിൽ നല്ല തിരക്കനുഭവപ്പെടുന്നുണ്ട്.റെഡിമെയ്ഡ് ഓണം സദ്യകിറ്റുകൾ അത്തത്തിനും ലഭ്യമാക്കിയിട്ടുണ്ട്. ഉത്രാടം, തിരുവോണ നാളുകളിൽ സദ്യയ്ക്ക് പുറമെ പായസങ്ങളും ലഭ്യമാകും.
കെടിഡിസിയുടേതടക്കമുള്ള പായസമേളകൾ ആരംഭിക്കുന്നുണ്ട്.പൂക്കൾക്ക് വില അത്തത്തോടെ വർധിക്കുമെന്ന് കച്ചവടക്കാർ പറയുന്നു. പൂക്കളമത്സരങ്ങൾ പലഭാഗത്തും നടക്കുന്നതിനാൽ ഉത്രാടമാകുന്പോഴേക്കും വില കുത്തനെ ഉയരും.കഴിഞ്ഞ ഓണം പ്രളയം കൊണ്ടുപോയതിൻറെ എല്ലാ ക്ഷീണവും ഇത്തവണ തീർക്കാനാണ് മലയാളിയുടെ തീരുമാനം. അതിനുള്ള ഉത്സാഹപ്പാച്ചിലിലാണ് ഓരോരുത്തരും. ഉത്രാടപ്പാച്ചിലേക്കുള്ള പാച്ചിൽ അത്തം നാളിൽ തുടങ്ങുകയായി….