തൊടുപുഴ: ഓണക്കാലമെത്തുന്നതോടെ ജില്ലയിൽ ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാകുമെന്ന് പ്രതീക്ഷ. പ്രതികൂല കാലാവസ്ഥ മൂലം പലപ്പോഴും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നിരോധിച്ചിരുന്നതിനാൽ വലിയ തോതിൽ ഇത് ടൂറിസം മേഖലയെ ബാധിച്ചിരുന്നു.
മഴക്കാല സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരോധനവും സഞ്ചാരികളുടെ എണ്ണം കുറയാനിടയാക്കി. എന്നാൽ കഴിഞ്ഞ ദിവസം വരെ പെയ്ത മഴയ്ക്ക് ശമനമാകുകയും അലർട്ടുകൾ മെല്ലെ പിൻവലിക്കപ്പെടുകയും ചെയ്തതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി.
സ്വാതന്ത്ര്യദിനം ഉൾപ്പെടെ പൊതു അവധികൾ ലഭിച്ചെങ്കിലും സഞ്ചാരികളുടെ വരവിൽ കാര്യമായ വർധനയുണ്ടായില്ല. സാധാരണ ഓഗസ്റ്റ് മാസം സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ജില്ലയിൽ എത്തിയ സന്ദർശകരുടെ എണ്ണ 10,729 ആണ്.
വാഗമണ്ണിലാണ് കൂടുതൽ പേരെത്തിയത് വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 2655 പേരും മൊട്ടക്കുന്നിൽ 3697 പേരും സന്ദർശനം നടത്തി. പാഞ്ചാലിമേട്ടിൽ 1063 പേരും സന്ദർശനത്തിനെത്തി. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ 899 പേരും ഇടുക്കി ഹിൽവ്യു പാർക്കിൽ 678 പേരുമെത്തി. കഴിഞ്ഞ 19 മുതൽ 25 വരെയുള്ള ഒരാഴ്ചയ്ക്കിടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചവരുടെ എണ്ണം 27,746 ആണ്.
മുൻകൂർ ബുക്കിംഗ് സജീവമാകേണ്ട ഘട്ടത്തിൽ പോലും കാര്യമായ തോതിൽ ഇതുണ്ടായിട്ടില്ലെന്ന് ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ, റിസോർട്ട് നടത്തിപ്പുകാരും പറയുന്നു. മൂന്നാർ, വാഗമണ്‍, തേക്കടി എന്നി ടൂറിസം കേന്ദ്രങ്ങളിലാണ് മുൻകൂർ ബുക്ക് ചെയ്ത് സഞ്ചാരികളെത്തുന്നത്.
എന്നാൽ മൂന്നാറിനെ സംബന്ധിച്ച് മഴക്കാലം വലിയ തിരിച്ചടിയാണ് ടൂറിസം മേഖലയ്ക്ക് നൽകുന്നത്. നേരത്തേ മൂന്നാറിലെ മഴ ആസ്വദിക്കാൻ വലിയ തോതിൽ സഞ്ചാരികളെത്തിയിരുന്നു. എന്നാൽ ഇപ്പോൾ മഴ ശക്തമാകുന്നതോടെ മൂന്നാറിൽനിന്നും സഞ്ചാരികൾ പിന്തിരിയുന്നതാണ് കണ്ടുവരുന്നത്. മണ്ണിടിച്ചിലും മറ്റും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പലപ്പോഴും മൂന്നാറിലേയ്ക്കുള്ള യാത്രയ്ക്ക് ജില്ലാ ഭരണകൂടം നിരോധനമേർപ്പെടുത്തും.
മണ്‍സൂണ്‍ ടൂറിസം സീസണിൽ തിരിച്ചടി നേരിട്ട മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഇനിയുള്ള പ്രതീക്ഷ ഓണക്കാലത്തെ തിരക്കാണ്. എന്നാൽ ഇത്തവണ ഓണക്കാലത്തേക്കുള്ള മുൻകൂർ ബുക്കിംഗുകൾ കാര്യമായി ലഭിച്ചിട്ടില്ലെന്നാണ് റിസോർട്ട് ഉടമകൾ പറയുന്നത്.
ഇത്തവണ പൂജ, ദീപാവലി അവധിക്കാലമായ ഒക്ടോബർ മാസത്തേക്ക് പ്രധാന റിസോർട്ടുകളിലെല്ലാം ഉത്തരേന്ത്യൻ സഞ്ചാരികളുടെ ബുക്കിംഗ് ലഭിച്ചതാണ് ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നത്. ഒക്ടോബർ 10 മുതലാണ് ഉത്തരേന്ത്യൻ സഞ്ചാരികളുടെ തിരക്ക് തുടങ്ങുന്നതെന്നും ഇത്തവണ മിക്ക റിസോർട്ടുകളിലും മു റിവാടക പഴയ നിരക്ക് തന്നെയായിരിക്കുമെന്നുമെന്ന് റിസോർട്ട് ഉടമകൾ പറഞ്ഞു. മഴ കുറഞ്ഞതോടെ മാട്ടുപ്പെട്ടി ജലാശയത്തിൽ ബോട്ടിംഗിനായി സഞ്ചാരികളെത്തുന്നുണ്ട്.
മുല്ലപ്പെരിയാർ വിഷയമാണ് ഇത്തവണ തേക്കടിയെ പ്രതികൂലമായി ബാധിച്ചത്. അണക്കെട്ട് സുരക്ഷിതമല്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ തേക്കടിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായി. മിക്ക ഹോട്ടലുകളിലും നേരത്തേ ലഭിച്ച ബുക്കിംഗുകൾ പലതും റദ്ദാക്കപ്പെട്ടു.
ഓണാവധി പ്രമാണിച്ചുള്ള ബുക്കിംഗ് നടക്കേണ്ട സമയമാണിപ്പോൾ. എന്നാൽ ഇടയ്ക്കിടെ വരുന്ന മഴ മുന്നറിയിപ്പുകളും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും മൂലം ടൂറിസം മേഖല പ്രതിസന്ധിയിലായി. തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികൾ എത്തുന്നതു മാത്രമാണ് ആശ്വാസം.
ഓണക്കാലത്തേക്ക് വാഗമണ്‍, കുട്ടിക്കാനം, പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ ബുക്കിംഗ് മന്ദഗതിയിലാണ്. മഴ തുടരുന്ന സാഹചര്യമാണ് ഇവിടെ ടൂറിസം രംഗത്തിനു തിരിച്ചടിയായത്. ഇതിനു പുറമേ അടച്ചിട്ടിരിക്കുന്ന വാഗമണ്ണിലെ കണ്ണാടിപ്പാലം സന്ദർശകർക്കായി തുറന്നു നൽകാത്തതും തിരിച്ചടിയായി. ഓണക്കാലത്ത് സഞ്ചാരികളുടെ വരവു കണക്കിലെടുത്ത് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതായി ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.