ഇന്ന് ഉത്രാടപ്പാച്ചിൽ. ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന ഒാട്ടമാണ് ഉത്രാടപ്പാച്ചിൽ. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണ് ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശ്യം.
തിരുവോണദിനം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ഇന്ന് മലയാളികളെല്ലാവരും. നാടും നഗരവുമെന്ന് വ്യത്യാസമില്ലാതെ ആളുകൾ ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്താനുള്ള തിരക്കിലാണ്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാൽ ഇന്നും തിരക്ക് വർധിക്കുമെന്നുറപ്പാണ്. പല സ്ഥലങ്ങളിലും ചെറിയ തോതിൽ മഴയുണ്ടെങ്കിലും ഉത്രാടപ്പാച്ചിലിനെ ഇതൊന്നും കാര്യമായി ബാധിക്കുന്നില്ല.
നീണ്ടുനിന്ന കനത്ത മഴ ആശങ്ക പരത്തിയെങ്കിലും മാനം തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് കേരളക്കര. കഴിഞ്ഞ തവണ തെക്കൻ ജില്ലകളിൽ പ്രളയം ഓണത്തിന്റെ നിറം കെടുത്തിയിരുന്നു. ഇക്കുറി പ്രളയം നേരിട്ട വടക്കൻ ജില്ലകളിലെ ദുരിതബാധിതർക്കും കൈത്താങ്ങായാണ് ഒരുമയുടെ ഓണത്തെ നാട് വരവേൽക്കുന്നത്.സമൃദ്ധിയുടെ ഓണമുണ്ണാൻ ഇന്ന് ഉത്രാടപ്പാച്ചിലാണ്.
സദ്യ ഒരുക്കാൻ ഇനിയും വാങ്ങാനുള്ള വിഭവങ്ങൾക്കായി വിപണികളിലേക്കിറങ്ങുന്നതോടെ കച്ചവട സ്ഥാപനങ്ങളിൽ നല്ല തിരക്കാണ്. രാവിലെ തന്നെ പച്ചക്കറി പലവ്യഞ്ജന വിപണികൾ സജീവമായിത്തുടങ്ങി. വസ്ത്രശാലകളിലെ തിരക്കിനൊപ്പം വഴിയോരത്തും നടപ്പാതകൾ കൈയടക്കിയുള്ള കച്ചവടവും പൊടിപൊടിക്കുകയാണ്. പ്രത്യേക സ്റ്റാളുകൾ തുറന്നും ഇളവുകൾ പ്രഖ്യാപിച്ചും ഗൃഹോപകരണ വിപണികൾ സജീവമാണ്.
സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈക്കോ, കണ്സ്യൂമർ ഫെഡ്, ഹോർട്ടികോർപ് എന്നിവയുടെ നേതൃത്വത്തിലുള്ള വിപണികളുമുണ്ട്.15 മുതൽ 40 ശതമാനം വരെ വിലക്കിഴിവോടെയാണ് സർക്കാർ വിപണികൾ പ്രവർത്തിക്കുന്നത്.വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ദിവസങ്ങളായി നല്ല തിരക്കാണ്.പൂക്കളമിടാനുള്ള പൂവാങ്ങാൻ പൂക്കടകളിലും തിരക്കു തന്നെ.
കുഞ്ഞുടുപ്പുകൾമുതൽ സെറ്റ് മുണ്ടുവരെ വഴിയോരത്ത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു. വൻകിടഷോപ്പുകളിലെ തിരക്കിൽ ഇഷ്ടപ്പെട്ട സാധനങ്ങൾ തെരഞ്ഞെടുക്കാൻ കഴിയാതെ വിഷമിക്കുന്നവരും ആശ്രയിക്കുന്നത് തെരുവുകച്ചവടക്കാരെയാണ്. കൈത്തറി -ഖാദി ഷോറൂമുകളിലും നല്ല തിരക്കാണ്. കണ്സ്യൂമർ ഫെഡിന്റെ ഓണച്ചന്തയിലും കൃഷിവകുപ്പിന്റെ പച്ചക്കറി വിപണിയിലും സാധനങ്ങൾ നേരത്തേ തീർന്നു.
ഒാണത്തിനാവശ്യമായ എല്ലാം വാങ്ങിക്കൂട്ടാൻ ഇന്നു കൂടി മാത്രമേ സമയമുള്ളൂ. നഗര, ഗ്രാമ ഭേദമില്ലാതെ എല്ലാ പ്രദേശവും ഇന്ന് തിരക്കിലാണ്. നാളെയും മറ്റന്നാളുമായി ആഘോഷിക്കാനുള്ള സാധനങ്ങളെല്ലാം ഇന്നൊരു ദിവസം കൊണ്ടു വാങ്ങിക്കണം. ഇന്നത്തെ ഉത്രാടപ്പാച്ചിലും കൂടി ചേരുന്പോഴേ മലയാളികളുടെ ഓണം പൂർണമാകൂ…
തയാറാക്കിയത്:
പ്രദീപ് ഗോപി