പാലാ: ഓണക്കാലം ആരംഭിച്ചതോടെ വാഴയില വിപണി സജീവമായി. നാലര രൂപയാണ് ഒരിലയുടെ വില. നാടന്‍ വാഴയിലകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ അന്യസംസ്ഥാനത്തുനിന്നുമാണ് പ്രധാനമായും വാഴയിലകള്‍ എത്തുന്നത്.
ഓണം വിപണി മുന്‍കൂട്ടിക്കണ്ട് കൂടുതല്‍ വാഴയിലകള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് വിതരണക്കാരും. ഓണമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ തൂശനിലയിലെ വിഭവസമൃദ്ധമായ സദ്യയാണ് ഏതൊരു മലയാളിയുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്.
മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ സദ്യ വട്ടങ്ങള്‍ക്കുള്ള വാഴയിലകള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും ഇന്ന് വാഴയിലയ്ക്കും അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. കമ്പം, വത്തലക്കുണ്ട്, സത്യമംഗലം, തെങ്കാശി, മൈസൂര്‍ തുടങ്ങിയ വിവിധ ഇടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇലകള്‍ എത്തുന്നത്.
ഏറ്റുമാനൂര്‍, എറണാകുളം, തൊടുപുഴ, പൂവരണി, പൊന്‍കുന്നം, കോട്ടയം, പാലാ മേഖലകളില്‍ പ്രധാനമായും പാലായിലെ ഈറ്റക്കല്‍ ഫാംസ് ആണ് വാഴയില ചില്ലറ വില്പന ശാലകളില്‍ എത്തിക്കുന്നത്. ഒരു കെട്ടില്‍ 250 വാഴയിലകള്‍ ഉണ്ടാകും. മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗമായ ഓണാഘോഷത്തില്‍ വാഴയില അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്.