തൊടുപുഴ: ഓണമെത്താൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വിപണിയിൽ പച്ചക്കറിവില കുതിച്ചുതുടങ്ങി. ഒാണവിപണിയിൽനിന്നു കൊള്ളലാഭമെടുക്കാൻ ഇതരസംസ്ഥാന ലോബികൾ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണു പച്ചക്കറി വില ഉയർന്നുതുടങ്ങിയതെന്നാണ് സൂചന.
പ്രതികൂല കാലാവസ്ഥ മൂലം പല ഉത്പന്നങ്ങൾക്കും ക്ഷാമം നേരിടുന്നതും വിലക്കയറ്റത്തിനു കാരണമാകുന്നുണ്ട്. എന്നാൽ, വില ഉയർന്നു തുടങ്ങിയിട്ടും അധികൃതർ ഇക്കാര്യത്തിൽ ഇടപെടാൻ മടിച്ചുനിൽക്കുകയാണ്.
കാരറ്റും ബീൻസും പൊള്ളിക്കും
കാരറ്റിനും ബീൻസിനുമാണ് വിലയിൽ വലിയ കുതിപ്പുണ്ടായത്. കിലോയ്ക്ക് 100 രൂപയാണ് കാരറ്റിനും ബീൻസിനും വില. വള്ളിപ്പയറിനും 60 മുതൽ 80 വരെ വിലയുണ്ട്.
പച്ചമുളക് കിലോയ്ക്ക് 80, കോവയ്ക്ക് 70 രൂപയാണ് വില. മുരിങ്ങക്കായ-80, പാവക്ക- 60, തക്കാളി-40, കാബേജ് -50, ബീറ്റ്റൂട്ട് -60, കോളിഫ്ളവർ-60, ഉരുളക്കിഴങ്ങ്- 40, ഉള്ളി- 60, സവാള -25 എന്നിങ്ങനെയാണ് ഉത്പന്നങ്ങളുടെ വിലനിലവാരം. പ്രാദേശിക കൃഷിത്തോട്ടങ്ങളിൽനിന്നു ലഭിക്കുന്ന ചേനയ്ക്ക് കിലോ 50 രൂപയായി ഉയർന്നു.
മത്തങ്ങ-30, കുന്പളങ്ങ-30, ഇഞ്ചി-80 എന്നിങ്ങനെയാണ് മറ്റു ഉത്പന്നങ്ങളുടെ വില. ഇതിൽ പലതിന്റെയും വില ഏതാനും ദിവസങ്ങൾക്കുമുന്പ് പകുതി മാത്രമായിരുന്നു.
കൃത്രിമ ക്ഷാമം
എല്ലാ ഓണക്കാലത്തും പച്ചക്കറിക്കു കൃത്രിമക്ഷാമം സൃഷ്ടിച്ചു വില കൂട്ടാറുണ്ട്. ഇതരസംസ്ഥാന ലോബികളാണ് കൃത്രിമക്ഷാമം സൃഷ്ടിക്കാറുള്ളത്.
ഇത്തവണയും അതേ തന്ത്രമാണ് പയറ്റുന്നത്. തമിഴ്നാട്ടിലും മറ്റും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന പച്ചക്കറി അതിർത്തി കടന്നെത്തുന്പോൾ വില ഇരട്ടിയോ അതിനു മുകളിലോ ആകുന്നു. ഓണം സീസണ് കഴിയുന്നതോടെ വില കുത്തനെ താഴുകയും ചെയ്യും.
ഓണച്ചന്തയ്ക്ക് ഒരുക്കം
ഓണക്കാലത്തു പച്ചക്കറി വില പിടിച്ചുനിർത്താൻ കൃഷി വകുപ്പും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗണ്സിലും ഹോർട്ടികോർപ്പും ഇടപെടൽ നടത്താറുണ്ട്.
സംസ്ഥാനത്തുതന്നെയുള്ള കർഷകരുടെ ഉത്പന്നങ്ങൾ കൂടുതലായി ഏറ്റെടുത്ത് ഓണച്ചന്തകൾ വഴി വിറ്റഴിക്കുകയാണ് ചെയ്യാറുള്ളത്.
എന്നാൽ, പ്രാദേശിക കൃഷിത്തോട്ടങ്ങളിൽനിന്നുള്ള ഉത്പന്നങ്ങളുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ജില്ലയിൽ ഇത്തവണ കൃഷിവകുപ്പും വിഎഫ്പിസികെയും ഓണച്ചന്തകൾ സംഘടിപ്പിക്കുന്നുണ്ട്. കൃഷിവകുപ്പ് പഞ്ചായത്തുകൾതോറും ഓണച്ചന്ത സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
വിഎഫ്പിസികെ ജില്ലയിൽ ഒൻപതു ചന്തകൾ നടത്തും. എന്നാൽ, പതിവായി പച്ചക്കറി കൃഷി ചെയ്തിരുന്ന കർഷകരിൽ പലരും ഇതിൽനിന്നു പിന്നോട്ടു പോയതിനാൽ ക്ഷാമം അനുഭവപ്പെട്ടേക്കും. അങ്ങനെവന്നാൽ ഓണവിപണിക്കും തിരിച്ചടിയാകും.