കോട്ടയം: പഞ്ഞക്കർക്കിടത്തെ പടികടത്തിവിട്ട് പ്രതീക്ഷയുടെ പുതുവർഷത്തെ വരവേൽക്കുന്ന ഓണനാളുകൾ വരവായി. എന്നാൽ കർക്കിടകം തലയ്ക്കു മുകളിൽ ദുരിതമായ് പെയ്തുതിമിർക്കുമ്പോൾ തന്നെ ഇത്തവണ ഓണമിങ്ങെത്തിക്കഴിഞ്ഞു.
പ്രളയമായും കോവിഡായും ഇനിയും വിട്ടുമാറാതെ ദുരിതം വല്ലാതങ്ങ് ചേർത്തുകൂട്ടിപ്പിടിച്ചിരിക്കുന്നതിന്റെ തനിയാവർത്തനം, അല്ലാതെന്ത് പറയാൻ. ഇന്നും നാളെയുമായി അത്തം. അതും കർക്കിടകത്തിൽ. ഇനിയും അഞ്ചു നാൾ കഴിഞ്ഞാൽ മാത്രമേ ചിങ്ങം പിറക്കൂ.
അത്തം പത്തിനു പൊന്നോണമെന്ന പതിവും ഇക്കുറി തെറ്റുകയാണ്. അത്തം തുടങ്ങി ഒൻപതാം നാളാണ് ഓണമെത്തുന്നത്.
ചിങ്ങത്തിലെ തിരുവോണം ഓഗസ്റ്റ് 21 നാണ്. സാധാരണനിലയിൽ ഇന്നാണ് അത്തമായി വരേണ്ടത്. 12 വ്യാഴാഴ്ച (കർക്കടകം 27) ഉത്രം നക്ഷത്രം ആറു നാഴികയും 29 വിനാഴികയുമുള്ളതിനാൽ ഉത്രമായാണ് കണക്കാക്കുന്നത്.
രാവിലെ 8.58 മുതൽ 13ന് രാവിലെ 8.20 വരെ അത്തമായതിനാൽ ചിലരെങ്കിലും പന്ത്രണ്ടിന് അത്തമായി കണക്കാക്കി ഓണാഘോഷം ആരംഭിക്കും. 13ന് അത്തം നാല് നാഴികയും 16 വിനാഴികയും മാത്രമേയുള്ളു.
14ന് ചിത്തിര ഉദയം മുതൽ ഒരു നാഴികയും ചോതി പൂർണമായും ഉള്ളതിനാൽ ചിത്തിരയും ചോതിയും ഒരു ദിവസം തന്നെയാണ്. അങ്ങനെ അത്തം തുടങ്ങി ഒൻപതിൽ തിരുവോണമെത്തും.