ലോട്ടറി ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇത്തവണ ഓണം ബംപർ കണ്ണുമടച്ച് എടുത്തോളൂ. പോയാൽ 250 രൂപ, കിട്ടിയാൽ അത് ഇതുവരെയില്ലാത്ത മഹാഭാഗ്യമാകും. കാരണം ഓണം മെഗാബംപർ ഇത്തവണ 10 കോടി രൂപയാണ്. സുവർണജൂബിലി തിരുവോണം ബംപർ 2017 എന്ന പേരിലാണ് ടിക്കറ്റ് പുറത്തിറക്കുന്നത്. കഴിഞ്ഞ വർഷം എട്ടു കോടി രൂപയായിരുന്നു ഓണം ബംപർ.
രണ്ടാം സമ്മാനം 50 ലക്ഷം രൂപ വീതം പത്ത് പേർക്കും മൂന്നാം സമ്മാനം പത്തുലക്ഷം രൂപ വീതം 20 പേർക്കുമാണ് ലഭിക്കുന്നത്. സെപ്റ്റംബർ ഇരുപതിനാണ് നറുക്കെടുപ്പ്. പത്തു പരമ്പരകളിലായി 90 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇത്തവണ പുറത്തിറക്കുന്നത്.
ഒന്നാം സമ്മാനം അടിച്ചാൽ നികുതി കഴിച്ച് ഏഴുകോടിയോളം രൂപ ഭാഗ്യവാന് ലഭിക്കും. തീർന്നില്ല, ബംപർ അടിച്ചാൽ വിറ്റയാളും കോടീശ്വരനാകും. ഒന്നാം സമ്മാനർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് ഒരുകോടി രൂപയാണ് കമ്മീഷൻ ലഭിക്കുന്നത്.