കാഞ്ഞങ്ങാട്: ഓണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നോര്‍ത്ത് കോട്ടച്ചേരി മുതല്‍ വ്യാപാരഭവന് വരെയുള്ള സ്ഥലത്ത് വഴിയോരക്കച്ചവടം കര്‍ശനമായി നിരോധിക്കും. ഓണത്തിന് വഴിയോര കച്ചവടം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി നഗരസഭയില്‍ അപേക്ഷ നല്‍കേണ്ടതാണ്. ഇവര്‍ക്ക് ആലാമിപള്ളി പുതിയ ബസ് സ്റ്റാൻഡില്‍ സൗകര്യം അനുവദിക്കും.
ബസ് പാര്‍ക്കിംഗ്, മറ്റു വാഹനങ്ങളുടെ പാര്‍ക്കിംഗ്, പൂക്കച്ചവടം, വഴിയോര വ്യാപാരം തുടങ്ങി എല്ലാ മേഖലകള്‍ക്കും നിയന്ത്രണം ബാധകമാണ്. കടകളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെയായി നിജപ്പെടുത്തി.
എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്നിലും കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഉണ്ടായിരിക്കണം. കടകളില്‍ സാധനം വാങ്ങാന്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരേസമയം കൂട്ടം കൂടരുത്. ബസുകളുടെ പാര്‍ക്കിംഗ് ഇനി മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡിലായിരിക്കും. കോട്ടച്ചേരി ബസ് സ്റ്റാന്‍ഡില്‍ ആളുകളെ ഇറക്കിയ ശേഷമാണ് പാര്‍ക്കിംഗിനായി പുതിയ ബസ്സ്റ്റാന്‍ഡില്‍ എത്തേണ്ടത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഓട്ടോറിക്ഷകളും ടാക്സികളും പഴയ ബസ് സ്റ്റാന്‍ഡിലും മറ്റു വാഹനങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യണം.
ഇതരസംസ്ഥാനത്ത് നിന്നും പുറമേനിന്നുമുള്ള പൂക്കച്ചവടം പൂര്‍ണമായും നിരോധിച്ചു. പ്രാദേശിക പൂവുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ അനുമതിയോടെ വില്‍ക്കാം.
യോഗത്തില്‍ നഗരസഭാ ചെയര്മാന് വി.വി. രമേശന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ എല്‍. സുലൈഖ, സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാരായ എം.പി. ജാഫര്‍, ടി.വി. ഭാഗീരഥി, കൗണ്‍സിലര്‍മാരായ കെ. മുഹമ്മദ്കുഞ്ഞി, എം.എം നാരായണന്, സി.കെ വല്സലന്, ഡിവൈഎസ്.പി വിനോദ് കുമാര്‍, നഗരസഭ സെക്രട്ടറി എം.കെ. ഗിരിഷ് എന്നിവര്‍ സംബന്ധിച്ചു.
കാസര്‍ഗോഡ്: ഓണാഘോഷത്തിന്റെ ഭാഗമായി പൊതുനിരത്തുകളില്‍ ആഘോഷ പരിപാടികള്‍ അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ അറിയിച്ചു. കലാ-സാസ്കാരിക മത്സരങ്ങള്‍ ഓണ്‍ലൈനായി നടത്താന്‍ ക്ലബ് ഭാരവാഹികള്‍ ശ്രദ്ധിക്കണം. ക്ലബ് പരിസരങ്ങളിലും മറ്റും ആളുകള്‍ ഒത്തുകൂടി ഓണാഘോഷ പരിപാടികള്‍ നടത്താന്‍ പാടില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്വന്തം വീടുകളില്‍ തന്നെയിരുന്ന് ഓണം ആഘോഷിക്കാന്‍ പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
വഴിയോര കച്ചവടക്കാര്‍ അവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളിലും സമയങ്ങളിലും മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളൂ. ഇവരും ഉപഭോക്താക്കള്‍ക്ക് സാനിറ്റൈസര്‍ ലഭ്യമാക്കണം.
വഴിയോര കച്ചവടസ്ഥലങ്ങളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടംകൂടി നില്ക്കാന് പാടില്ല. തിരക്കുള്ള കടകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കടയുടമകള്‍ ശ്രദ്ധിക്കണം.
മാര്‍ക്കറ്റുകളില്‍ കടകള്‍ക്കകത്ത് ഒരേസമയം ആറില്‍ കൂടുതല്‍ പേര് കയറാന്‍ പാടില്ല. കടയ്ക്കു പുറത്തു നിൽക്കുന്നവര് കൃത്യമായി ശാരീരിക അകലം പാലിച്ച് വരി നില്‍ക്കുന്നുണ്ടെന്നും കടയുടമകള്‍ ഉറപ്പുവരുത്തണം.
മാര്‍ക്കറ്റുകളിലും കടകളിലും എത്തുന്നവര്‍ മാസ്ക്കുകള്‍ കൃത്യമായി ധരിക്കുകയും യഥാസമയങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം.