മനുഷ്യരാരും അധികം കടന്നുചെല്ലാത്തൊരു ദ്വീപുണ്ട് പസഫിക് സമുദ്രത്തിൽ. അതും കരയിൽനിന്ന് ഏറെ ദൂരം മാറി പസഫിക് മഹാ സമുദ്രത്തിന്റെ തെക്ക് ഭാഗത്തായി.
ഈ ദ്വീപിന്റെ പേരാണ് ഹെൻഡേഴ്സൺ ദ്വീപ്. മനുഷ്യന്റെ കരസ്പർശം ഏൽക്കാത്ത ഭൂപ്രദേശം എന്ന വിശേഷണം ഈ ദ്വീപിനുണ്ട്. 1988ൽ യുനെസ്കോ ഈ ദ്വീപിനെ പൈതൃക മേഖലയായി പ്രഖ്യാപിച്ചു.
എന്നിട്ടും പ്ലാസ്റ്റിക്
അമിതമായ പ്ലാസ്റ്റിക് ഉപയോഗം സൃഷ്ടിക്കുന്ന പാരിസ്ഥിക ആഘാതത്തെക്കുറിച്ചുള്ള വേവലാതികള്‍ ലോകത്തെങ്ങും ശക്തമാണ്.
കരയിലും കടലിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണ പ്രശ്നങ്ങളുടെ തോത് ഇപ്പോഴും തിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടില്ല.
മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും വലിയ ഭീഷണിയുയര്‍ത്തുന്ന പ്ലാസ്റ്റിക് മനുഷ്യനെത്തിച്ചേരാത്ത ഇടങ്ങളിലും വലിയ ഭീഷണിയാകുന്നതിന്റെ നേർക്കാഴ്ച സമ്മാനിക്കുകയാണ് ഹെൻഡേഴ്സൺ ദ്വീപ്.
ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളത് തെക്കന്‍ പസഫിക്കിലെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപിലാണെന്നാണ് പുതിയ പഠനം.
മാലിന്യം അടിയുന്നു
മനുഷ്യൻ കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തി ഈ ദ്വീപിൽ അടിഞ്ഞതോടെയാണ് ഈ ദ്വീപ് വാർത്തകളിൽ നിറഞ്ഞത്.
ആദ്യമൊക്കെ ഈ ദ്വീപിനെ ചുറ്റിപ്പറ്റി ഗവേഷണം നടത്തുന്നവർക്ക് അറിയില്ലായിരുന്നു. ഇത്രയധികം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ എങ്ങനെയാണ് ഈ ദ്വീപിനെ വരിഞ്ഞുമുറുകി നിൽക്കുന്നതെന്ന്.
പക്ഷേ, പിന്നീട് മനസിലായി ഇതാരും മനപ്പൂർവം ഈ ദ്വീപിൽ കൊണ്ടുവന്നു നിക്ഷേപികുന്നതല്ല. മറിച്ച് ഇവ കടലിലൂടെ ഒഴുകിയെത്തി ഈ ദ്വീപിൽ അടിഞ്ഞതാണെന്ന്.
ഈ ദ്വീപിൽ മാത്രം
ഈ മാലിന്യങ്ങളെല്ലാം ഈ ദ്വീപിൽ മാത്രം അടിഞ്ഞു കൂടാൻ എന്തായിരിക്കും കാരണം. എത്രയോ ദ്വീപുകളുണ്ട്. അവയിലേക്കൊന്നും മാലിന്യം ഒഴുകിയെത്തുന്നില്ലല്ലോ.
സൗത്ത് പസഫിക് ചുഴി എന്നറിയപ്പെടുന്ന അടിയൊഴുക്കുകളുടെ സംഗമസ്ഥാനത്തോടു ചേർന്നാണ് ഈ ദ്വീപ് നിലകൊള്ളുന്നത്.
ഈ അടിയൊഴുക്കുകളാകട്ടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളെയെല്ലാം പിടിച്ചെടുത്ത് “സൂക്ഷിക്കുന്ന’ സ്വഭാവമുള്ളവയാണ്.
ഇങ്ങനെയാണ് ഒഴുക്കിൽപ്പെട്ടെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം ചുഴിയിൽ വന്ന് അകപ്പെട്ട് ഹെൻഡേഴ്സൺ ദ്വീപിലേക്ക് അടിഞ്ഞു കൂടിയത്.
17 ടൺ
അടുത്തിടെ ഗവേഷകർ കണ്ടെത്തിയത് 3.8 കോടി എണ്ണം പ്ലാസ്റ്റിക് മാലിന്യക്കഷണങ്ങളാണ്. ഇവയുടെ ഭാരമാകട്ടെ 17.6 ടൺ വരും.
അക്കൂട്ടത്തിൽ ഭൂരിപക്ഷവും പ്ലാസ്റ്റിക് മാലിന്യവും. ഗവേഷകർ ഈ മാലിന്യങ്ങളെല്ലാം ഇവിടെനിന്ന് ശേഖരിച്ച് ബോട്ടുകളിലാക്കി കരയിലെത്തിച്ചു നശിപ്പിച്ചു കളഞ്ഞുവെന്നത് മറ്റൊരു സംഭവം.
അങ്ങനെ ദ്വീപിനെ ഫലത്തിൽ ഗവേഷകർ മാലിന്യ മുക്തമാക്കിയിട്ടുണ്ട് നിലവിൽ. എങ്കിലും ഭാവിയിലും ഈ ദ്വീപിൽ മാലിന്യങ്ങൾ അടിയാനുള്ള സാധ്യത കൂടുതലാണ്.
ഉപേക്ഷിക്കപ്പെട്ട സിഗററ്റ് ലൈറ്ററുകളും ടൂത്ത് ബ്രഷുകളുമായിരുന്നു മാലിന്യത്തിൽ ഏറെയും.
ഉപയോഗിച്ചു വലിച്ചെറിഞ്ഞ വെള്ളക്കുപ്പികൾ, പ്ലാസ്റ്റിക് ഹെല്‍മറ്റുകള്‍, പ്ലാസ്റ്റിക് വീപ്പകള്‍ എന്നുവേണ്ട മനുഷ്യനുപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ഈ ദ്വീപിന്റെ തീരത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്.
കൂടുതലും തെക്കേ അമേരിക്കയില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിലൂടെ ഒഴുകി തീരത്തടിഞ്ഞിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
ഭയാനക കാഴ്ച
നിശ്ചിത സ്ഥലത്ത് കുന്നുകൂടിയ മാലിന്യത്തിന്റെ അളവിന്റെ കണക്കെടുക്കുമ്പോൾ ലോകത്ത് ഇത്തരത്തിൽ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട പ്രദേശമായി ഈ ദ്വീപ് മാറുന്നു.
പല വർണങ്ങളിലുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടി “ഒരേസമയം ഏറെ ഭംഗിയുള്ളതും, ഭയാനകവുമായ കാഴ്ച’ എന്നാണ് ദ്വീപിലെ മലിനീകരണത്തെ ഗവേഷകർ വിശേഷിപ്പിച്ചത്.
ഉപേക്ഷിക്കപ്പെട്ട വലകളിൽപ്പെട്ട് കടലാമകൾ ചത്തു കിടക്കുന്നതിനും ദ്വീപിലെ പ്രത്യേകതരം ഞണ്ടുകൾ ചെറുപ്ലാസ്റ്റിക് പാത്രങ്ങളെ “കവചമാക്കി’ ജീവിക്കുന്നതിനും ഗവേഷകർ സാക്ഷിയായി. എത്ര വൃത്തിയാക്കിയാലും ദ്വീപ് പ്ലാസ്റ്റിക് വിമുക്തമാകില്ലായെന്നു തന്നെ ഉറപ്പിച്ചുപറയാം.
വിജന ദ്വീപുകളിൽ
കാരണം ഒരു ദിവസം ശരാശരി 13,000 കഷണമെങ്കിലും മാലിന്യം ഇവിടെ വന്നടിയുന്നുണ്ട്. അതാകട്ടെ ദ്വീപിൽ പരന്നാൽ 10 കിലോമീറ്റർ നീളവും അഞ്ചു കിലോമീറ്റർ വരെ വീതിയിലുമായിരിക്കും ചിതറിക്കിടക്കുക. ബ്രിട്ടിഷ് ഭരണത്തിന്റെ കീഴിലുള്ള പിറ്റ്കേൻ ദ്വീപ് സമൂഹത്തിന്റെ ഭാഗമാണ് ഹെൻഡേഴ്സൺ ദ്വീപ്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്പോഴും റീ സൈക്കിൾ ചെയ്ത് ഉപയോഗിക്കാവുന്ന നിരവധി മാലിന്യങ്ങൾ ഇക്കൂട്ടത്തിലുണ്ടെന്നും ഗവേഷകർ പറയുന്നു.
ഈ ദ്വീപിന് ഏറ്റവും അടുത്തുള്ള മനുഷ്യവാസ കേന്ദ്രം 5,000 കിലോമീറ്റര്‍ ദൂരെയാണ്. വിജനദ്വീപുകള്‍ കുപ്പത്തൊട്ടികളായി മാറുന്നുണ്ടോയെന്ന സംശയത്തിനു ഹെൻഡേഴ്സ് ദ്വീപ് നല്ലൊരു ഉത്തരമാണ്.