ജോൺസൺ വേങ്ങത്തടം
കോട്ടയം: കൊട്ടിഘോഷിച്ച് ആരംഭിച്ച സർക്കാരിന്റെ സൗജന്യഓണക്കിറ്റുവിതരണം പാളി. കാർഡുടമകളുടെ എണ്ണത്തിനാനുപാതികമായി ഒരു റേഷൻ കടയിലും സിവിൽ സപ്ലൈസ് അധികൃതർ കിറ്റെത്തിച്ചില്ല.
മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഏലയ്ക്ക, തുണിസഞ്ചി തുടങ്ങിയവയ്ക്കു ക്ഷാമമുള്ളതിനാൽ കിറ്റു തയാറാക്കി റേഷൻ കടകളിലെത്തിക്കാനാകാത്തതും പ്രശ്നമായി.
ഓണക്കിറ്റുവിതരണം അവസാനിക്കുന്ന ഇന്നലെയും റേഷൻകടകളിലെത്തിയവർ വെറുംകൈയോടെ മടങ്ങി.
ഞായറാഴ്ചയും ഉത്രാടദിനമായ ഇന്നലെയും കടകൾ തുറന്നു വച്ചിട്ടും സാധനം കൊടുക്കാൻ സാധിച്ചിട്ടില്ല.
ഓണക്കിറ്റുകിട്ടിയാലും ഇല്ലെങ്കിലും ഓണം കഴിഞ്ഞു വിതരണമില്ലെന്നു സർക്കാർ നിലപാട് സ്വീകരിച്ചതും കിറ്റുലഭിക്കാത്ത റേഷൻകാർഡുടമകൾക്കു തിരിച്ചടിയായി.
സംസ്ഥാനത്ത് 92 ലക്ഷത്തിലധികം കാർഡുടമകളുണ്ട്. ഇതിൽ 88 ശതമാനത്തിനു സൗജന്യഓണക്കിറ്റ് ലഭിച്ചുവെന്നാണ് സർക്കാരിന്റെ ഔദ്യോഗികവിശദീകരണം.
എന്നാൽ ഇത് ശരിയായ കണക്കല്ലെന്നാണ് റേഷൻകടക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്.
സര്‍ക്കാരിന്റെ കണക്കുപ്രകാരം 81,675,337 കിറ്റുകൾ മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും ഇപ്പോഴും സർക്കാരിന്റെ കണക്കുപ്രകാരം 10 ലക്ഷം കാർഡുടമകൾക്കു കിറ്റ് ലഭിക്കാനുണ്ടെന്നും ഓൾ കേരള റിട്ടെയിൽസ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂർ ആരോപിക്കുന്നു.
സർക്കാരിന്റെ പ്ലാനിംഗിലെ പാളിച്ചയാണ് ഇത്തരമൊരു സംഭവം വരുത്തി വച്ചതെന്നാണ് അസോസിയേഷന്റെ നിലപാട്.
പേര് രജിസ്റ്റർ ചെയ്തിരുന്ന റേഷൻകടകളിൽ നിന്നും കാർഡുടമകൾ കിറ്റു വാങ്ങണമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
പിന്നീട് ഈ തീരുമാനം മാറ്റി പോർട്ടബിലിറ്റി സംവിധാനം വഴി ഏതു റേഷൻകടകളിൽ നിന്നും കിറ്റ് വാങ്ങാമെന്നായി.
ഇതോടെ പല റേഷൻകടകളിലും സാധനത്തിനു ക്ഷാമമായി. റേഷൻകടയുടമകൾക്കു ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് പിന്നീട് ഉണ്ടായത്.
ഇതു സർക്കാർ വരുത്തി വച്ചതാണെന്നാണ് കടയുടമകൾ വ്യക്തമാക്കുന്നത്. 92 ലക്ഷം കാർഡുടമകളിൽ 80ലക്ഷം കാർഡുടമകൾക്കു കിറ്റ് കൊടുത്തുവെന്നു വശ്വസിക്കാൻസാധിക്കുന്നില്ല.
അസോസിയേഷന്റെ കണക്കുപ്രകാരം 45 ലക്ഷത്തോളം കാർഡുടമകൾക്ക് കിറ്റ് നല്‍കാനുണ്ട്. ഉദ്യോഗസ്ഥർ നല്കുന്ന കണക്കുപ്രഖ്യാപിക്കുന്ന നിലപാടിലേക്കു മന്ത്രി മാറിയിരിക്കുന്നുവെന്നും ജോണി നെല്ലൂർ പറയുന്നു.
ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് കാർഡുടമകൾക്കായിരുന്നു കിറ്റ് വിതരണം. രണ്ടാംഘട്ടത്തിലാണു നീല, വെള്ളക്കാര്ഡുകാർക്കു വിതരണം തുടങ്ങിയത്.
അപ്പോഴേക്കും റേഷൻകടകൾ പലതും കാലിയായി. ആദ്യഘട്ടം വാങ്ങാൻ കഴിയാതിരുന്നവർക്കുപോലും കൊടുക്കാൻ പല കടകളിലും കിറ്റില്ല.
മുൻവർഷം, കിറ്റ് ഓണംകഴിഞ്ഞും വിതരണം ചെയ്തിരുന്നു. ഇക്കുറിയും ഓണത്തിനുശേഷം വിതരണം നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ തവണ കോവിഡ് അതിജീവനക്കിറ്റ് എന്ന നിലയിൽക്കൂടി പരിഗണിച്ചായിരുന്നു വിതരണം.
അതിനാലാണ് ഓണംകഴിഞ്ഞും നല്‍കിയതെന്നാണു ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യവകുപ്പിന്റെ നിലപാട്.
ഓഗസ്റ്റ് 23നാണ് സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ഇന്നലെ അവസാനിച്ചു.പോര്‍ട്ടബിലിറ്റി സംവിധാനം വഴി ഏതു റേഷൻ കടയിൽ നിന്നും കിറ്റ് വാങ്ങാമെന്ന സൗകര്യം പ്രയോജനപ്പെടുത്തിയതിനാലാവാം പലയിടത്തും കിറ്റ് തീർന്നതെന്നും താലൂക്ക് സപ്ലൈ ഓഫിസർമാർ വ്യക്തമാക്കുന്നു.
ഇക്കാര്യം പരിശോധിച്ച് തീർന്നു പോയ കടകളിൽ കിറ്റ് എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊതുവിതരണ വകുപ്പ് കേന്ദ്രങ്ങൾ അറിയിച്ചു.
സെർവർ തകരാർ കാരണം ഏതാനും ദിവസങ്ങൾ വിതരണം മുടങ്ങിയതും കിറ്റിന്റെ ലഭ്യത കുറഞ്ഞതുമെല്ലാം വിതരണം പൂർണമായും ഫലപ്രദമാക്കാൻ കഴിഞ്ഞില്ലെന്നാണു പരാതി.
ഇതിനിടെ റേഷൻകടയുടമകൾക്കു 11 മാസത്തെ കുടിശിക തുകയായ 60 കോടി രൂപയാണ് സർക്കാർ നല്‍കാനുള്ളത്.