ലോക്ക് ഡൗൺ കാലത്തെ വിരസതയകറ്റാൻ കൗതുകത്തിന് ആരംഭിച്ച കേക്ക് നിർമാണത്തിൽ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയയാകുകയാണ് ഈ വീട്ടമ്മ.
പത്തനാപുരം ടൗൺ നോർത്ത് അൻസാർ മൻസിലിൽ ഷെജി അൻസാർ രുചിഭേദവും രൂപഭേദവും കൊണ്ട് വ്യത്യസ്തമായ കേക്കുകൾ നിർമിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ച് നല്കുകയാണ്.
ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ചുള്ള രൂപവും രുചിഭേദങ്ങളും സൃഷ്ടിക്കാനുള്ള വൈദഗ്ധ്യം കൊണ്ട് ഓരോ ദിവസവും കൂടുതൽ ആവശ്യക്കാരുമെത്തുന്നുണ്ട്.
ഓണമടുത്തതോടെ സദ്യകേക്കിനാണ് ആവശ്യക്കാരേറെയും. തൂശനിലയിൽ തുമ്പപ്പൂച്ചോറും ഉപ്പേരിയും പരിപ്പു പപ്പടവും പഴവും എരിശേരിയും അവിയലും തോരനും കാളനും ഇഞ്ചിക്കറിയും നിരന്നുകഴിഞ്ഞാൽ ഒറ്റനോട്ടത്തിൽ കേക്കാണെന്ന് പറയുകയേയില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് ലോക്ക് ഡൗണിനിടെ ഓൺലൈൻ ക്ലാസ് വഴി ഷെജി കേക്ക് നിർമാണം പഠിക്കുന്നത്.
ആദ്യം നേരംപോക്കിന് നിർമാണം തുടങ്ങിയതാണെങ്കിലും സമൂഹമാധ്യമങ്ങളിൽ കേക്കുകളുടെ ചിത്രം പങ്കുവച്ചതോടെ സുഹൃത്തുക്കളും വീട്ടുകാരും പ്രോത്സാഹനം നൽകുകയായിരുന്നു. പിന്നീട് കേട്ടറിഞ്ഞ പലരും ഓർഡറുകൾ നൽകിത്തുടങ്ങി.
പിറന്നാൾ ആഘോഷങ്ങളിൽ മാത്രമൊതുങ്ങിയിരുന്ന കേക്കുകൾക്ക് കോവിഡ് കാലത്ത് ആവശ്യക്കാരും ഏറെയായി.
വാട്സ് ആപ് സൗഹൃദകൂട്ടായ്മയിൽ ഉടലെടുത്ത ആശയമാണ് സദ്യകേക്ക്. ഒരെണ്ണം നിർമിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ ആവശ്യക്കാരുടെ വിളിയുമെത്തി.
ഓണനാളുകളിൽ സദ്യകേക്ക് നിർമിക്കാനുള്ള ഓർഡറുകളുമായി. രണ്ടുമുതൽ മൂന്ന് മണിക്കൂർ വരെ ഒരുകേക്ക് നിർമിക്കാൻ സമയം ആവശ്യമാണ്.
700 രൂപ മുതലാണ് സദ്യ കേക്കിന്റെ വില. വിരസത അകറ്റാൻ തുടങ്ങിയതാണെങ്കിലും അത്യാവശ്യം പണം കണ്ടെത്താനും ഈ മാർഗം ഉപകരിക്കുന്നതിന്റെ സന്തോഷത്തിലാണ് ഷെജിയിപ്പോൾ.