കോട്ടയം: ഉപ്പേരി, ശർക്കരവരട്ടി, സേമിയ, പായസകൂട്ട്… അന്പടാ ഇത്തവണത്തേ ഓണക്കിറ്റ് കലക്കി.
തുണി സഞ്ചിയിൽ 16 ഇനം സാധനങ്ങളുമായി ചുങ്കത്തെ റേഷൻ കടയിൽനിന്നും തന്റെ ഓട്ടോയിലേക്ക് കയറുന്പോൾ 76 വയസുള്ള ശ്രീധരൻ ചേട്ടന്റെ മനസിലും മുഖത്തും നിറഞ്ഞ സന്തോഷം.
കോവിഡും ലോക്ഡൗണും സൃഷ്ടിച്ച ദുരിതകാലത്ത് ഓണം ആഘോഷിക്കുവാൻ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് ലഭിച്ച സന്തോഷത്തിലാണു കോട്ടയം ചാലുകുന്ന് സ്വദേശിയും ബേക്കർ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറുമായ പാക്കത്ത് പി.കെ. ശ്രീധരൻ.ഇന്നലെയാണ് ഓണക്കിറ്റു വിതരണം ആരംഭിച്ചത്.
എഎവൈ (മഞ്ഞ) വിഭാഗം കാർഡിൽ ഉൾപ്പെട്ട ശ്രീധരൻ ഇന്നലെ ഉച്ചയോടെ തന്നെ തന്റെ കിറ്റ് കൈപ്പറ്റി. 570 രൂപയുടെ കിറ്റാണ് ലഭിച്ചത്.
പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളകുപൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയാറാക്കുന്നതിനാവശ്യമായ കശുവണ്ടി, ഏലയ്ക്ക എന്നിവയും സേമിയ, പാലട, ഉണക്കലരി എന്നിവയിൽ ഒന്നും നെയ്യ്, ഉൾപ്പെടെയുള്ള വിഭവങ്ങളും കിറ്റിലുണ്ട്.
എഎവൈ (മഞ്ഞ) വിഭാഗത്തിനു ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതിയിലും പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിന് ഓഗസ്റ്റ് നാലു മുതൽ ഏഴുവരെയും എൻപിഎസ് (നീല) വിഭാഗത്തിന് ഓഗസ്റ്റ് ഒന്പതു മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ഓഗസ്റ്റ് 13 മുതൽ 16 വരെയുമാണു കിറ്റ് വിതരണം.
ദുരിതകാലത്ത് ഇങ്ങനെ വിഭവ സമൃദ്ധമായ ഒരു കിറ്റ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് കിറ്റ് വളരെ ഉപകാരമാണെന്നും ശ്രീധരൻ പറഞ്ഞു. കോട്ടയത്തെ ആദ്യകാല ഓട്ടോ ഡ്രൈവറാണ് പി.കെ. ശ്രീധരൻ.