സീമ മോഹന്‍ലാല്‍
ഗൃഹാതുരതയുടെ വിളവെടുപ്പുകാലമാണ് ഓണം. ഓരോ ഓണവും മനസില്‍ ഓര്‍മകളുടെ പൂക്കളം തീര്‍ക്കുന്നു.
ഗതകാല സ്മരണകളുണര്‍ത്തി ഓണമെത്തുമ്പോള്‍ മനസിന് ചിമിഴില്‍ ഓര്‍ത്തെടുക്കാന്‍ ഓരോ മലയാളിക്കും കാര്യങ്ങളേറെയാണ്.
ലോകത്ത് എവിടെയായാലും തിരുവോണം മലയാളി മനസില്‍ നാടും വീടും പൂക്കളവും തൂശനിലയിലെ ഓണസദ്യയും പായസത്തിന്റെ മാധുര്യവുമെല്ലാം കൊണ്ടെത്തിക്കുന്നു.
കേരളം സന്ദര്‍ശിക്കാനെത്തുന്ന മഹാബലിയുടെ ഓര്‍മക്കായി ഓണം ആഘോഷിക്കുമ്പോള്‍ ഓണത്തെക്കുറിച്ചു പല ഐതീഹ്യങ്ങളും ചരിത്ര രേഖകളും നിലവിലുണ്ട്.
എന്നിരുന്നാലും ഓണം ആത്യന്തികമായി വിളവെടുപ്പ് ഉത്സവം കൂടിയാണ്. ഓണ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.
ഓണവും ദ്രാവിഡസംസ്ക്കാരവും
കേരളത്തില്‍ ഓണം തമിഴ്നാട്ടില്‍നിന്ന് ഉത്ഭവിച്ചതാണെന്നാണ് ചരിത്രം പറയുന്നത്. എഡി 8 വരെ ദ്രാവിഡ ദേശം പലനിലയില്‍ സമാനവും ആയിരുന്നു.
മഹാബലി സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം കൊണ്ടാടി തുടങ്ങിയത്. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാര്‍ഹികോത്സവമായി മാറി.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള് വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു.
തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. എന്നാല്‍ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്.
വാമനന് മഹാബലിക്കുമേല്‍ വിജയം നേടിയത് തൃക്കാക്കരയില്‍ വച്ചാവാമെന്നും വിശ്വാസമുണ്ട്. മഹാബലിയെ വാമനന് പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തി എന്ന കഥയ്ക്കും പ്രചാരമുണ്ട്.
ഓണാഘോഷം
ഓണം ആഘോഷിച്ചു തുടങ്ങിയത് കേരളീയരാണെന്ന് ഐതീഹ്യമുണ്ടെങ്കിലും അതിനേക്കാള്‍ മുമ്പു തന്നെ മധുര ഉള്‍പ്പെടെ തമിഴ്നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘകൃതികളില്‍ പറയുന്നു.
സംഘകാലകൃതിയായ “മധുരൈകാഞ്ചി ‘യിലാണ് ഓണത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം ഉള്ളത്. തിരുമാള് (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളില്‍ പറയുന്നു.
പിന്നീടത് കാര്‍ഷികവും വാണിജ്യവുമായി മാറി. പണ്ട് പഞ്ഞ കര്‍ക്കടകത്തിനുശേഷം മാനം തെളിയുമ്പോള്‍ സുഗന്ധ ദ്രവ്യ വ്യാപാരത്തിനായി വിദേശ കപ്പലുകള്‍ കേരളത്തില്‍ എത്തിയിരുന്നു.
അങ്ങനെ സ്വര്‍ണം കൊണ്ടുവന്നിരുന്ന മാസത്തെ പൊന്നിന് ചിങ്ങമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ തുടങ്ങിയതായാണ് സങ്കല്പം. കേരളത്തില്‍ വിളവെടുപ്പിനേക്കാള്‍ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
ഓണം എന്ന പേരിന്റെ പിറവി
സംഘകാലത്ത് കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങള്‍ കഴിഞ്ഞിരുന്നുവെന്നാണ് വിശ്വാസം.
ആറു മാസത്തോളം മഴ ദീര്‍ഘമായി പെയ്തിരുന്നു. മഴക്കാല ദുരിതവും മഹാബലിയുടെ ദാരുണ അന്ത്യവും കെട്ടുപിണഞ്ഞു കിടക്കുന്നു.
വിശ്വകര്‍മ-ഈഴവ – പുലയര്‍ എന്നിവര്‍ അക്കാലത്ത് ധ്യാനത്തില്‍ മുഴുകി ബലിയെ അനുസ്മരിച്ചു വന്നു. മഴയും വറുതിയും മാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണം നാളിലായിരുന്നുവെന്നാണ് വിശ്വാസം.
ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നുമുള്ള രൂപം സ്വീകരിച്ചു.
വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നു വരെ ദൂരെ നങ്കൂരമിട്ടിരുന്ന കപ്പലുകള്‍ സ്വര്‍ണവുമായി എത്തും. അതാണ് പൊന്നിന് ചിങ്ങമാസം, പൊന്നോണം എന്നീ പേരുകള്‍ക്കും പിന്നിലെന്നാണ് സങ്കല്പം.
മഹാബലി
ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടേത് തന്നെയാണ്.
ഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അധ്യായങ്ങളിലായി ഭഗവാന് വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പറ്റി പറയുന്നുണ്ട്.
അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനര്‍ത്ഥം “വലിയ ത്യാഗം’ ചെയ്തവന് എന്നാണ്. ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം.
കള്ളവും ചതിയും പൊളിവചനവും ഇല്ലാതിരുന്ന അക്കാലത്ത് മനുഷ്യരെല്ലാം ഒരുപോലെയായിരുന്നു. സമ്പല്‍സമൃദ്ധമായിരുന്നു നാട്.
മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്മാര് മഹാവിഷ്ണുവിന്റെ സഹായം തേടി.
മഹാബലി “വിശ്വജിത്ത്’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു.
ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വകവയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാന്‍ വാമനന് അനുവാദം നല്കി.
ആകാശംമുട്ടെ വളര്‍ന്ന വാമനന് തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗവും ഭൂമിയും പാതാളവും അളന്നെടുത്തു.
മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ് കാണിച്ചുകൊടുത്തു. വാമനന് തന്റെ പാദ സ്പര്‍ശത്താല്‍ മഹാബലിയെ അഹങ്കാരത്തില്‍ നിന്ന് മോചിതനാക്കി.
ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദവും വാമനന് മഹാബലിക്കു നല്കി.
അങ്ങനെ ഓരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് വിശ്വാസം.