കാഞ്ഞങ്ങാട്: അതിവർഷത്തിന്റെ കെടുതികളിൽ കഷ്ടപ്പെടുമ്പോഴും ഒരുമയുടെയും ഐശ്വര്യത്തിന്റെ ഓണത്തിനു നിറപ്പകിട്ടേകാൻ വിപണിയിൽ ഇത്തവണയും മറുനാടൻ പൂക്കളെത്തി. കഴിഞ്ഞദിവസം ഒരു ലോഡ് പൂക്കളാണ് കർണാടകയിൽ നിന്ന് കാഞ്ഞങ്ങാട് നഗരത്തിലെത്തിച്ചത്. അടുത്തദിവസം 10 ലോഡ് എത്തിക്കാനുള്ള തയാറെടുപ്പിലാണ് പൂവിൽപ്പനക്കാർ.
കർണാടകയിലെ ഹാസൻ, തുംകൂർ, ചിത്രദുർഗ, നരസിംഹപുര എന്നിവിടങ്ങളിൽ നിന്നാണ് ഇത്തവണയും പൂക്കളെത്തിയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വളരെ നേരത്തേയാണ് പൂക്കളുടെ വരവ്. മല്ലിക, ജമന്തി, ബട്ടൻസ്, പനിനീർ എന്നിവയാണ് മുഖ്യ ഇനങ്ങൾ.
കഴിഞ്ഞവർഷം സംസ്ഥാനത്തുണ്ടായ പ്രളയദുരന്തം അന്യസംസ്ഥാന ഫല-പുഷ്പ കർഷകർക്കും വ്യാപാരികൾക്കും വരുത്തിയ നഷ്ടം ചെറുതൊന്നുമല്ല. ഇത്തവണ വലിയ പ്രതീക്ഷ വച്ചു പുലർത്താതെയാണ് കർഷകർ കൃഷിയിറക്കിയത്.
കർണാടകയിലും തമിഴ്നാട്ടിലും ആദ്യമുണ്ടായ വരൾച്ചയും പിന്നീടുണ്ടായ അതിശക്ത കാലവർഷവും കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതുകൊണ്ട് പച്ചക്കറി-പൂ കൃഷികൾ നന്നേ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഓണാഘോഷങ്ങൾക്കു ശോഭ പകരണമെങ്കിൽ നല്ലൊരു തുക ചെലവാകും.
പച്ചക്കറിയുടെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ്. സംസ്ഥാനത്തുണ്ടായ അതിവർഷം മൂലം ഗാർഹികാവശ്യങ്ങൾക്ക് ഒരുപരിധിവരെ മതിയാകുമായിരുന്ന സംസ്ഥാനത്തെ പച്ചക്കറി കൃഷി ലക്ഷ്യം കണ്ടില്ല. നെൽക്കൃഷിയടക്കമുള്ളവ അതിവർഷത്തെ ചെറുക്കാനാകാതെ നശിച്ചുപോയി. അയൽസംസ്ഥാനങ്ങളിലെ അവസ്ഥയും വിഭിന്നമല്ല. ഇപ്പോൾ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പഴം-പച്ചക്കറികളാണ് ഓണം വിപണി കൈയടക്കിയിട്ടുള്ളത്.