ഓണസദ്യ വിളന്പുന്നതിനു പോലും ഏറെ പ്രത്യേകതകളുണ്ട്. കൃത്രിമമായി നിറങ്ങൾ ചേർക്കാതെ തന്നെ മഴവിൽ അഴകുള്ള കറികൾ തൂശനിലയിൽ തെളിയുന്ന കാഴ്ച നയനാമൃതം തന്നെ.
മാങ്ങഅച്ചാർ ചുവപ്പുനിറം, കിച്ചടി വെള്ള നിറം, ബീറ്റ് റൂട്ട് കിച്ചടി പിങ്ക് നിറം, കാബേജ് തോരൻ മഞ്ഞ നിറം… പല നിറങ്ങളിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും സമ്മാനിക്കുന്ന പോഷകങ്ങൾ ആരോഗ്യജീവിതത്തിനു മുതൽക്കൂട്ടാണ്.
ബുദ്ധിവികാസത്തിനു പരിപ്പും നെയ്യും
പരിപ്പും നെയ്യും കുട്ടികൾക്കു രുചിയും കൗതുകവും സമ്മാനിക്കുന്നതിനൊപ്പം അവരുടെ ബുദ്ധിവികാസത്തിനു സഹായകമായ പോഷകങ്ങളും നല്കുന്നു. പരിപ്പിൽ നിന്നു കിട്ടുന്ന പ്രോ ട്ടീന നെയ്യിൽ നിന്നു കിട്ടുന്ന മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡ്സും(സാച്ചുറേറ്റഡ് ഫാറ്റ്) കുട്ടികളുടെ ബുദ്ധിവികാസത്തിന് അവശ്യം.
പണ്ടുള്ളവർ പരിപ്പും നെയ്യും ചേർത്തു കുട്ടികൾക്കു ചോറു കൊടുത്തിരുന്നത് വെറുതേയല്ലെന്ന് മനസിലായില്ലേ. ഇത്തരം ശാസ്ത്രീയ വശം കൂടി അറിയുന്പോൾ വാസ്തവത്തിൽ സദ്യയുടെ മഹത്വം ഒന്നുകൂടി മെച്ചപ്പെടുകയാണു ചെയ്യുന്നത്.
പോഷകങ്ങളുടെ സാന്പാർ
പരിപ്പും നെയ്യും കഴിഞ്ഞാൽ പിന്നെ സാന്പാർ. കറികളിൽ പ്രധാനിയാണു സാന്പാർ. സന്പാർ നന്നായാൽ സദ്യ നന്നായി എന്നാണു പറയാറുള്ളത്. പരിപ്പും മറ്റു പച്ചക്കറികളും ചേർന്ന സാന്പാറിലൂടെ ശരീരത്തിനു വേണ്ട എല്ലാ പോഷകങ്ങളും കിട്ടും.
ഇലക്കറി കൊണ്ടുള്ള തോരൻ, നീളത്തിൽ മുറിച്ച പച്ചക്കറികൾ കൊണ്ടു തയാറാക്കുന്ന അവിയൽ എന്നിവയിൽ നിന്നെല്ലാം ധാരാളം നാരുകളും വിറ്റാമിനുകളും ശരീരത്തിനു കിട്ടും.
പലതരം പച്ചക്കറികൾ ചേർത്ത വിഭവങ്ങൾ ഭക്ഷണക്രമത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യജീവിതത്തിനു സഹായകം. സാന്പാറും അവിയലും കഴിക്കുന്പോൾത്തന്നെ നമുക്ക് അവശ്യം വേണ്ട പോഷകങ്ങൾ സ്വന്തമാക്കാം.
പയറിലും പരിപ്പിലും പ്രോട്ടീൻ
പയറും പച്ചക്കറിയും ചേർത്തുണ്ടാക്കുന്ന എരിശേരി, അധികം മൂപ്പെത്താത്ത കുന്പളങ്ങയും വൻപയറും ചേർത്തുണ്ടാക്കുന്ന ഓലൻ എന്നിവയും രുചിയിലും ഗുണത്തിലും മുൻപന്തിയിൽത്തന്നെ. പയറിലൂടെയും പരിപ്പിലൂടെയും ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കും.
ശുദ്ധീകരണത്തിന് ഓലൻ
ഓലൻ എരിവു കുറഞ്ഞ വിഭവമായതിനാൽ കുട്ടികൾക്കും ഏറെയിഷ്ടം. പണ്ടു നാട്ടിൻപുറങ്ങളിൽ ചെറിയ നെയ്ക്കുന്പളങ്ങ സുലഭമായിരുന്നു. ഇന്ന് അതിനുപകരം മാർക്കറ്റിൽ നിന്നു തടിയൻ കായയാണ് അടുക്കളയിലെത്തുന്നത്.
വയറിനുണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കും നെയ്ക്കുന്പളങ്ങയുടെ ജ്യൂസ് ഗുണപ്രദമെന്ന് ആയുർവേദം പറയുന്നു. ശരീരത്തിന് ക്ലെൻസിംഗ് ഇഫക്ട് നല്കുന്ന പച്ചക്കറിയാണ് കുന്പളങ്ങ; ശരീരത്തിലെ മാലിന്യങ്ങൾ പുറന്തളളുന്നതിനു സഹായകമെന്നു ചുരുക്കം.
മോരും രസവും ദഹനത്തിന്
ഇഞ്ചിയും പുളിയും ചേർത്തു തയാറാക്കുന്ന പുളിയിഞ്ചിയാണ് ഓണസദ്യയിലെ മറ്റൊരു താരം. മോരും രസവും ദഹനത്തിനു സഹായകം. പായസവും കുടിച്ചു തീരുന്പോഴാണു സദ്യയിൽ രസവും മോരും വിളന്പുന്നത്. രസത്തിലുള്ള കുരുമുളകും വെളുത്തുള്ളിയും ചേർന്നുവരുന്പോൾ അത് ഒൗഷധക്കൂട്ടു പോലെയാണ്.
പെട്ടെന്നു ദഹനം സാധ്യമാക്കുന്നു.അവസാനം രസവും മോരും കുടിച്ചാൽ വയറിനു സദ്യയുടെ ഭാരം ഉണ്ടാവില്ല. കാളനിലെ പുളിയും എരിശേരിയിലെ എരിവുമാണ് ഓണസദ്യ സമ്മാനിക്കുന്ന മറ്റു രസങ്ങൾ. പായസത്തിൽ മധുരം. പാവയ്ക്ക മെഴുക്കുപുരട്ടിയുടെ ചവർപ്പ്… ഷഡ്രസങ്ങൾ ഓണസദ്യയിൽ പൂർണമാകുന്നു.
തെക്കനും വടക്കനും
ഓണസദ്യയിൽ പിന്നെയുള്ളതു കൂട്ടുകറി. വടക്കൻ മലബാറിൽ എല്ലാ പച്ചക്കറികളും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ ഉരുളക്കിഴങ്ങും ഉള്ളിയും മസാലയും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്. വടക്കൻ കേരളത്തിൽ ഓണസദ്യയിൽ ചിക്കൻ ഉൾപ്പെടെയുള്ള നോണ് വെജും വിളന്പും. തെക്കൻ കേരളത്തിൽ ഓണസദ്യ ശുദ്ധ വെജിറ്റേറിയൻ.
ഓണസദ്യ സാത്വികം
സസ്യാഹാരത്തിന്റെ പ്രസക്തിയെക്കുറിച്ചു പണ്ടേക്കുപണ്ടേ നമുക്കറിയാം. അതിനാൽ കേരളത്തിൽ, പ്രത്യേകിച്ചു തെക്കൻ കേരളത്തിൽ എല്ലാ ചടങ്ങുകളിലും ശുദ്ധ സസ്യാഹാരം മാത്രമാണു വിളന്പുന്നത്. ദൈവികവും സാത്വികവുമാണ് ഓണസദ്യയിലെ വിഭവങ്ങൾ. സാത്വിക് ഡയറ്റ് എന്നാൽ ജെന്റിൽ എന്നർഥം. ഭക്ഷണം നമ്മുടെ സ്വഭാവത്തെയും സ്വാധീനിക്കുമെന്ന്ഓർക്കുമല്ലോ.
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &
ഡയറ്റ് കൺസൾട്ടന്റ്