കൊടകര: ഇത്തവണയും കൊടകരയിലെ ഓണത്തപ്പൻമാർക്ക് കടൽ കടക്കാനായില്ല. ഗൾഫ് അടക്കം ലോക രാജ്യങ്ങളിലെ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് പൊലിമ പകരുന്നതിന് കൊടകരയിൽ നിർമിക്കുന്ന ഓണത്തപ്പൻമാർ കടൽ കടന്നെത്താറുണ്ട്.
കോവിഡ് ലോകമെന്പാടും പിടിമുറുക്കിയതോടെ നാട്ടിലെന്ന പോല വിദേശത്തും ഓണാഘോഷത്തിന് പകിട്ടുകുറഞ്ഞതാണ് കളിമണ്‍പാത്രനിർമാണം കുലത്തൊഴിലാക്കിയ കുംഭാര സമുദായക്കാർക്കു തിരിച്ചടിയായത്.
കൊടകര ടൗണിനോടു ചേർന്നുള്ള കാവുംതറയിൽ താമസിക്കുന്ന മണ്‍പാത്ര നിർമാണ തൊളിലാളികുടുംബങ്ങളാണ് ഓണക്കാലത്ത് കളിമണ്ണുപയോഗിച്ച് ഓണത്തപ്പൻമാരെ മെനഞ്ഞെടുക്കുന്നത്.
ആധുനികതയുടെ തള്ളിക്കയറ്റത്തിൽ മലയാളി മണ്‍പാത്രങ്ങളെ അടുക്കളയിൽ നിന്ന് പടിയിറക്കിയപ്പോൾ പല കുടുംബങ്ങളും കുലതൊഴിൽ ഉപേക്ഷിച്ച് ഉപജീവനത്തിനായി മറ്റു പണികളിലേക്ക് തിരിഞ്ഞു. എന്നാൽ ഓണക്കാലമായാൽ മിക്ക കുടുംബങ്ങളും ഓണത്തപ്പൻമാരെ നിർമിക്കാറുണ്ട്.
ഇവയിൽ കുറേയൊക്കെ പരന്പരാഗത രീതിയിൽ ഓണമാഘോഷിക്കുന്ന പ്രവാസി മലയാളി കുടുംബങ്ങൾക്കും സംഘടനകൾക്കുമായി വിദേശത്തെ മാളുകളിലെത്താറുണ്ട്. ഇടനിലക്കാർ വഴിയാണ് ഓണത്തപ്പൻമാരെ വിദേശത്തെത്തിച്ചിരുന്നത്.
2018ൽ ഓണക്കാലത്തുണ്ടായ പ്രളയം ഇവർക്ക് തരിച്ചടിയായി. കഴിഞ്ഞ വർഷവും വെള്ളപ്പൊക്കക്കെടുതികൾ ഓണത്തപ്പൻമാരുടെ വിദേശ ഡിമാന്റ് കുറച്ചു. കൊറോണ വ്യാപനം ഗൾഫ് രാജ്യങ്ങളിലടക്കമുള്ള മലയാളികളെ ബാധിച്ചതോടെ ഇത്തവണയും ഓണത്തപ്പൻമാരുടെ വിദേശയാത്ര മുടക്കി.
കൊറോണ പ്രതിസന്ധിയെ തുടർന്ന് ജീവിതം വഴിമുട്ടിയ കേരളത്തിലെന്പാടുമുള്ള മണ്‍പാത്രനിർമാണ കുടുംബങ്ങൾ ഓണത്തപ്പൻമാരുടെ നിർമാണത്തിലേക്കു തിരിഞ്ഞതോടെ കൊടകരയിലെ ഓണത്തപ്പൻമാർക്കു മുൻകാലത്തേതുപോലെ ആവശ്യക്കാരില്ലാതായി.
തിരുവോണത്തിനു മൂന്നു നാളുകൾ മാത്രം ശേഷിക്കെ കവലകളിലെ പാതയോരങ്ങളിൽ ഓണത്തപ്പൻമാരെ വിൽപ്പനക്കു നിരത്തിയിട്ടുണ്ടെങ്കിലും വാങ്ങാനെത്തുന്നവർ കുറവാണ്.