അനിൽ തോമസ്
തൃശൂർ: ഉത്രാടംനാളിൽ പൂക്കളത്തിനു നടുവിൽ ഐശ്വര്യത്തിന്റെ പ്രതീകമായി വയ്ക്കുന്ന ഓണത്തപ്പന്മാർക്കു ജന്മമേകുന്ന ഒരു ഗ്രാമമുണ്ട് തൃശൂരിൽ. പുതുക്കാട് ചെങ്ങാലൂരിനടുത്തുള്ള സ്നേഹപുരം. പേരുപോലെ തന്നെ ആളുകൾ സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന ഇവിടെനിന്നാണ് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേക്കും ഓണത്തപ്പന്മാരെ നിർമിച്ചു നൽകുന്നത്.
പട്ടിണിയും പരിവട്ടവുമാണെങ്കിലും ഓണക്കാലം ഇവർക്കെന്നും പ്രതീക്ഷയാണ്. കൈനിറയെ ഓർഡർ കിട്ടിയാൽ അടുത്ത മൂന്നുമാസം സമൃദ്ധം. പക്ഷേ, മൂന്നുകൊല്ലമായി പ്രളയവും കൊറോണയുമായി വറുതിമാറാത്ത ഓണക്കാലത്തിന്റെ സമീപകാല ഓർമകളേ ഇവർക്കു പങ്കുവയ്ക്കാനുള്ളൂ.
എത്ര നഷ്ടം സഹിച്ചാലും ഓരോ ഓണക്കാലത്തും ഓണത്തപ്പന്മാരെ പരുവപ്പെടുത്താനുള്ള ജോലികളിലായിരിക്കും കുംഭാര സമുദായത്തിൽപ്പെട്ട ഈ ഗ്രാമത്തിലെ 35 ഓളം വീട്ടുകാർ. ഓണത്തിന് ഒരു മാസം മുൻപേ തയാറെടുപ്പുകൾ ആരംഭിക്കും. അത്തം പിറക്കുന്നതോടെ കേരളത്തിനാവശ്യമായ ഓണത്തപ്പന്മാർ റെഡിയായിട്ടുണ്ടാകും.
പാലിയേക്കരയിലെ ഓടുനിർമാണ കന്പനിയിൽനിന്നു തീവില കൊടുത്തു വാങ്ങുന്ന കളിമണ്കട്ടകൾ വീട്ടിലെത്തിച്ചു പക്കമില്ലിൽ അരച്ചുപരുവപ്പെടുത്തി ചവിട്ടിക്കുഴച്ച് ചെറിയ കഷണങ്ങളാക്കുന്നതാണ് നിർമാണത്തിലെ ആദ്യഘട്ടം. പിന്നെ കളിമണ് കഷണങ്ങളോരോന്നും മരത്തടികൊണ്ട് അടിച്ചുപരത്തി ദീർഘ ത്രികോണാകൃതിയിലാക്കും.
ആറും എട്ടും പത്തും പന്ത്രണ്ടും ഇഞ്ച് വലിപ്പമുണ്ടാകും ഇവയ്ക്ക്. പിന്നീടത് ഉണക്കിയെടുത്തശേഷം പെയിന്റോ ഇഷ്ടികപ്പൊടിയോ ചേർത്തു നിറം നൽകും.ഇത്തരത്തിൽ നിർമിച്ചെടുക്കുന്ന ഓണത്തപ്പന്മാരുടെ മൂന്നെണ്ണമടങ്ങുന്ന സെറ്റിന് 130 രൂപയ്ക്കാണ് ഇവർ മൊത്തക്കച്ചവടം നടത്തുന്നത്. കടകളിലെത്തുന്പോൾ ഇതിന് 250 രൂപ വരെയാകും.
കോവിഡ് മുൻപ് അൻപതിനായിരം രൂപവരെ ഓരോ ഓണക്കാലത്തും വരുമാനം കിട്ടിയിരുന്ന ഇവർക്കു കഴിഞ്ഞ വർഷങ്ങളിൽ ഇരുപതിനായിരത്തിൽ താഴെ മാത്രമേ കച്ചവടം ഉണ്ടായിരുന്നുള്ളു.
ഇത്തവണയും കാര്യമായ ഓർഡർ വന്നിട്ടില്ല. ഇന്നലെയോടെ എല്ലാ വീടുകളിലും ഓണത്തപ്പൻ നിർമാണം അവസാനിച്ചു. നൂറു കണക്കിന് ഓണത്തപ്പന്മാരാണു വിറ്റുപോകാതെ ഓരോ വീട്ടുമുറ്റങ്ങളിലും വെയിലേറ്റിരിക്കുന്നത്.