ചാരുംമൂട്: പതിനൊന്നാമത് ഓണാട്ടുകര കാർഷികോത്സവത്തിനും പ്രദർശനത്തിനും തുടക്കമായി. കൃഷി മന്ത്രി വി.എസ് സുനിൽകുമാർ കാർഷികോത്സവം ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കർഷകകർക്കു സാധിച്ചാൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
നെൽ കൃഷിക്കും ജൈവ പച്ചക്കറി കൃഷിയ്ക്കും വലിയ പ്രോത്സാഹനം നൽകുകവഴി ഉത്പാദനം വർധിപ്പിക്കാൻ സാധിച്ചു. ഇപ്പോൾ നാളികേര വികസനത്തിന് ഉൗന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് കൃഷി വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്.
വരുന്ന പത്തുവർഷം കൊണ്ട് ഗുണമേ·യുള്ള രണ്ടുകോടി തെങ്ങിൻ തൈകൾ കേരളത്തിൽ പുതിയതായി നട്ടുവളർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമെന്നോണം 2019ൽ 15 ലക്ഷം തെങ്ങിൻ തൈകൾ നടുമെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു.
കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർഷക കൂട്ടായ്മയിൽ സംസ്ഥാനത്ത് 100 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ രൂപീകരിക്കുമെന്നും ഇതിൽ ഒരു ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ ഓണാട്ടുകരയിൽ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആർ. രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
സംഘാടകസമിതി ജനറൽ കണ്‍വീനർ തോമസ് എം. മാത്തുണ്ണി, നബാർഡ് മാനേജർ ആർ. രഘുനാഥൻ പിള്ള, ഓണാട്ടുകര വികസന ഏജൻസി ചെയർമാൻ എൻ. സുകുമാരപിള്ള, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് രജനി ജയദേവ്, ജില്ലാ പഞ്ചായത്ത് അംഗം കെ. സുമ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി. ഗീത, ശാന്താ ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. ലീന, ലില്ലി ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി കണ്‍വീനർ എസ്. ജമാൽ എന്നിവർ പ്രസംഗിച്ചു.