സ്വന്തം ലേഖകൻ
തൃശൂർ: ബ്ലൂവെയിലിനെ തുരത്തുന്ന ഓണവെയിലുമായി യുവാവ് രംഗത്തെത്തി. ഇന്റർനെറ്റ് വലയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികളെ പുറത്തെത്തിക്കാൻ മാതാപിതാക്കൾ പെടാപ്പാടു പെടുന്പോഴാണ് അവരെ കൈയിലെടുക്കാൻ “ഓണവെയിലു’മായി കൊരട്ടി സ്വദേശി ബബിൻ ബേബി ചിറമ്മലിന്റെ ശ്രമം.
ബ്ലൂവെയിൽ എന്ന നാശകരമായ കംപ്യൂട്ടർ ഗെയിമിൽനിന്നും സന്തോഷവും സൗഹൃദവും ആരോഗ്യവും പകരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാടൻ ഓണക്കളികളിലേക്കു മടങ്ങാനുള്ള ശ്രമമാണ് ഓണവെയിൽ കാന്പയിനിലൂടെ നടത്തിയിരിക്കുന്നതെന്നു ബബിൻ ബേബി പറഞ്ഞു.
കളിച്ചുമറന്ന ഗോലികളിയും കുട്ടിയും കോലുമടക്കം പഴയ കളികളെയൊക്കെ ഇന്റർനെറ്റിലൂടെ എല്ലാവർക്കും പരിചയപ്പെടുത്തുകയും അത് അവരെക്കൊണ്ട് കളിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങളൊരുക്കുകയുമാണ് ചിറമ്മൽ മീഡിയ വർക്സിലൂടെ ചെയ്യുന്നത്. പഴയ കളികൾ അപ്ലോഡ് ചെയ്യുന്നതിനായി www.facebook.com/ mervinandcompany എന്ന ഫേസ്ബുക്ക് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
ആർക്കും ഈ അക്കൗണ്ടിലേക്ക് പഴയ കളികളുടെ ഫോട്ടോകളോ വീഡിയോകളോ അപ്ലോഡ് ചെയ്യാം. അറിയാത്ത കളികളെക്കുറിച്ച് ഇതിൽ വിശദീകരണം നൽകും. ഇതുവഴി കളികൾ പരിചയപ്പെടുത്തുകയും കുട്ടികളെ ഈ കളികളിലേക്കു കൂടുതൽ ആകർഷിക്കുകയും ചെയ്യും.
ഇന്റർനെറ്റിലൂടെ പഴയ കളികൾ പരിചയപ്പെടുകയും കളിക്കാൻ തുടങ്ങുകയും ചെയ്യുന്നതോടെ കൂടുതൽ സൗഹൃദം വളരുകയും കുട്ടികൾ ആരോഗ്യവാന്മാരായി മാറുകയും ചെയ്യും. ഓണവെയിൽ തുടങ്ങിയതോടെ ഇതിനകം തന്നെ പതിനായിരക്കണക്കിനാളുകളാണ് ലൈക്ക് ചെയ്ത് പിന്തുണ പ്രഖ്യാപിച്ചത്.