കൊല്ലം: കരുനാഗപ്പള്ളിയിൽ ഒന്നരകോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരിവസ്തുക്കൾ പിടികൂടി. വില്പന നടത്തിവന്ന സംഘത്തിലെ രണ്ടുപേരും പിടിയിലായിട്ടുണ്ട്. ചവറ സ്വദേശികളാണ് പിടിയിലായത്.
പാൻപരാഗ്, ശംഭു, തുടങ്ങിയ ലഹരിവസ്തുക്കൾ അടങ്ങിയ 100ചാക്കോളം ഉൽപ്പന്നങ്ങളാണ് കരുനാഗപ്പള്ളി എസിപിയുടെ നിർദേശാനുസരണം കരുനാഗപ്പള്ളി സിഐ ഷാഫി, എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശിവകുമാർ, സിഎഎ ഷാഫി, പോലീസുകാരായ രാജീവ്, ശ്രീകുമാർ എഎസ് ഐഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയിൽ റെയ്ഡ് നടത്തി പിടികൂടിയത്.
ഇടക്കുളക്കുളങ്ങര മാമൂട് ജംഗ്ഷന് സമീപമുള്ള ഒരു വാടകവീട്ടിലാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഒരു ഓട്ടോറിക്ഷയും കാറും ഒരു ടെന്പോട്രാവലറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിനുള്ളിലെ മുറികളിലും ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ് . അടുത്തിടെയാണ് സംഘം ഇടക്കുളങ്ങരയിലെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിപണനം നടത്തിവന്നതെന്നാണ് സൂചന.