പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയെ അധികൃതര്‍ മറക്കുന്നു. ഇത്രയും വിപുലമായ സൗകര്യങ്ങളുണ്ടായിട്ടും ചികിത്സിക്കാന്‍ ആവശ്യമായ ഡോക്ടര്‍മാരില്ലാത്തതാണ് നാട്ടുകാരുടെ പരാതിക്ക് കാരണം. കഴിഞ്ഞദിവസം പന്ത്രണ്ടരവരെ ഇവിടെ വിതരണം ചെയ്തത് 350ഓളം ഒപി ടിക്കറ്റുകളാണ്. ഇത്രയും പേരെ പരിശോധിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു വനിതാ ഡോക്ടര്‍ മാത്രവും.
ദാഹമകറ്റാന്‍ വെള്ളം കുടിക്കാന്‍പോലും ഈ ഡോക്ടര്‍ക്ക് സമയം കിട്ടിയില്ല എന്നതാണ് യാഥാര്‍ഥ്യം.പരിതാപകരമായ ഈ അവസ്ഥ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഇത്തരം കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പയ്യന്നൂരില്‍ ആര്‍ക്കും നേരമില്ല എന്നതാണവസ്ഥ.
വനിതാ ഡോക്ടറുടെ അവസ്ഥ മനസിലാക്കി അവധിയിലായിരുന്ന സര്‍ജനും കുട്ടികളുടെ ഡോക്ടറുമെത്തിയാണ് കുറച്ചു രോഗികളെ പരിശോധിച്ചത്.പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും മലയോര മേഖലയിലുള്‍പ്പെടെയുള്ള ജനങ്ങള്ക്കാശ്വാസ കേന്ദ്രമായ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.