ജോസ് ആൻഡ്രൂസ്
കെയ്റോ പട്ടണം ഉറങ്ങാൻ കംബളം വിരിക്കുകയാണ്. നൈൽനിദിയിൽ നിന്നു വീശുന്ന കാറ്റ് ഈജിപ്തിന്റെ ശിരസിനെ ഒന്നുകൂടി തണുപ്പിക്കുന്നു. രാത്രി പത്തിനോടടുത്തു. ഞങ്ങളുടെ ബസ് ഹോട്ടൽ ജി.ബി. ഇന്റർനാഷണലിന്റെ പാർക്കിംഗ് ഏരിയയിലേക്കു കയറി. ലഗേജ് ഇറക്കുന്നതിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഹോട്ടലിന്റെ ഗേറ്റിനടുത്തേക്ക് വെറുതെ നടന്നത്. ഹോട്ടലിന്റെ നക്ഷത്ര സൗകര്യങ്ങളുടെ അതിരു കടക്കാതെ ഒരു കുഞ്ഞു കൈ അകത്തേക്കു നീണ്ടുവന്നു.
“വണ്‍ ദോളർ പ്ലീസ്.’
പത്തു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി. വെളുത്തു സുന്ദരമായ മുഖത്ത് വിഷാദത്തിന്റെ നനവുള്ള വെള്ളാരംകണ്ണുകൾ.
വില കുറഞ്ഞ ഗൗണിനു പുറമെ കീറിത്തുടങ്ങിയ പഴയ സ്വെറ്റർ. നൈൽ പോലെയുള്ള ചെന്പൻ മുടി തോളിനപ്പുറത്തെ ഇരുട്ടിലേക്ക് ഒഴുകി മറഞ്ഞിരിക്കുന്നു.
സുന്ദരിക്കുട്ടി ഭിക്ഷ യാചിക്കുകയാണ്.
“വണ്‍ ദോളർ പ്ലീസ്.’
ആദ്യത്തേതിലും പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദ്യം ആവർത്തിച്ചു. കറുത്ത സ്വെറ്ററിന്റെ അറ്റത്തെ വെളുത്ത കൈ ഉയർന്നു താണു.
യുവർ നെയിം.
ഒരു കൗതുകത്തിനു ചോദിച്ചു.
അബിജ.
അടുത്ത ചോദ്യം ചോദിക്കാൻ ഒരുങ്ങിയപ്പോഴേക്കും അവളുടെ മുഖം മങ്ങി. മരുഭൂമിയിലെ കെട്ടിച്ചമച്ച സമൃദ്ധിയുടെ പുറത്തെ ഓടയുടെ ഓരം ചേർന്ന് അബിജ പോയി. കൂടുതൽ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞ് ഒരു വിദേശിയുടെ ഒൗദാര്യത്തിനു കാത്തുനില്ക്കാൻ അവളുടെ അഭിമാനം അനുവദിച്ചില്ലെന്ന് ഉറപ്പ്. പശ്ചിമേഷ്യയിൽ എന്പാടും കാണുന്ന കാഴ്ചയാണിത്. ഭിക്ഷ യാചിക്കുന്ന കുട്ടികൾ. പലസ്തീനിലും ജോർദാനിലും ഈജിപ്തിലുമൊക്കെ അബിജയുടെ വിവിധ മുഖങ്ങളാണ്. ഏതു ടൂറിസ്റ്റ് കേന്ദ്രത്തിലും അവരുണ്ട്. പറഞ്ഞു പഠിപ്പിച്ചതുപോലെയാണ് ചോദ്യം.
“വണ്‍ ദോളർ പ്ലീസ്.’
പക്ഷേ, ഡൽഹിയിലോ മുംബൈയിലോ ചെന്നൈയിലോ കോൽക്കത്തയിലോ കാണുന്നതുപോലെ ഒരിടത്തും കുട്ടികൾ ആരുടെയും പിന്നാലെ ശല്യമായി കൂടുന്നില്ല. ഒന്നും നല്കിയില്ലെങ്കിലും രണ്ടാമതു ചോദിക്കാൻ നില്‍ക്കാതെ അവർ തെന്നിമാറുന്ന കാഴ്ചയാണ് മിക്കയിടത്തും കണ്ടത്.
അബിജ എന്നാൽ “ദൈവമാണ് എന്റെ പിതാവ്’ എന്നാണർഥമെന്ന് അറിഞ്ഞത് പിന്നീടാണ്. അപ്പോഴേക്കും കെയ്റോയുടെ തിരക്കിലേക്ക് ദൈവത്തിന്റെ മകൾ മറഞ്ഞുകഴിഞ്ഞിരുന്നു.
അവശിഷ്ടങ്ങളിലെ രുചി
പിറ്റേന്നു രാവിലെ കെയ്റോയിലെ വിശ്വപ്രസിദ്ധമായ ഈജിപ്ഷ്യൻ മ്യൂസിയത്തിനു പുറത്ത് മറ്റൊരു കാഴ്ച. ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് താഹിർ സ്ക്വയർ. അവിടെയാണ് ഈജിപ്തിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളും വിപ്ലവ മുന്നേറ്റങ്ങളുമൊക്കെ നടന്നത്. മ്യൂസിയത്തിലെ കാഴ്ചകൾ കണ്ട് പുറത്ത് കാത്തുകിടന്ന ബസിൽ അര മണിക്കൂർ കാത്തിരിക്കേണ്ടിവന്നു. ഭരണങ്ങാനം പിഎച്ച്എം ഹോളിഡേയ്സിൽനിന്ന് എത്തിയ യാത്രികരാണ് രണ്ടു ബസുകളിലായി ഉള്ളത്. ഫെബ്രുവരിയിലെ ശൈത്യത്തെ മെരുക്കാൻ പലരും കൈകൾ കൂട്ടിത്തിരുമ്മി പുറത്തെ കാഴ്ചകളിലേക്കു നോക്കിയിരുന്നു.
തെരുവിന്റെ എതിർവശത്ത് വെയ്സ്റ്റ് നിക്ഷേപിക്കുന്ന വലിയ മൂന്നു ടാങ്കുകൾ. മുന്തിയ കാറിലെത്തുന്നവർ അതിലേക്ക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുകയാണ്. പർദയണിഞ്ഞ ഒരു സ്ത്രീയും മൂന്നു കുട്ടികളും അതിൽനിന്ന് തിന്നാവുന്നതൊക്കെ പെറുക്കിയെടുക്കുന്നു. കൈവശമുള്ള പ്ലാസ്റ്റിക് സഞ്ചിയിൽ കിട്ടിയതു നിക്ഷേപിച്ച് മാറി നില്ക്കുന്ന അവർ വെയ്സ്റ്റുമായി ഓരോ പുതിയ കാർ വരുന്പോഴും വീണ്ടും വെയ്സ്റ്റിൽ ചികയാൻ എത്തുകയാണ്. ലോക സംസ്കാരത്തിന്റെ മഹത്തായ പാരന്പര്യം അവകാശപ്പെടുന്ന നൈൽ നദിയുടെ തീരത്തെ മഹാനഗരത്തിൽ ഇത് ഒറ്റപ്പെട്ട കാഴ്ചയല്ല. ഭക്ഷണാവശിഷ്ടങ്ങൾക്കിടയിൽ കൈയിട്ടുവാരി വായിലേക്കു വയ്ക്കുന്ന കുട്ടികളെ കെയ്റോയിലൂടെ കടന്നുപോകുന്ന ഒരു യാത്രക്കാരനും കാണാതിരിക്കില്ല.
ജീവിതം മൃതിയേക്കാൾ ഭയാനകം
സിറിയയിലും ഇറാക്കിലും സ്ഥിതി അതിരൂക്ഷമാണ്. അക്രമവും പട്ടിണിയും കുട്ടികളുടെ വർത്തമാനകാലത്തെ മാത്രമല്ല, ഭാവിയെയും തകർക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുന്ന രാജ്യത്തെ കുട്ടികളെ താലോലിക്കാൻ ആരുണ്ടാകും?
ബ്രിട്ടൻ ആസ്ഥാനമായുള്ള സേവ് ദി ചിൽഡ്രൻ എന്ന സംഘടനയുടെ സർവേ അടിസ്ഥാനമാക്കി അൽജസീറ 2013ൽ റിപ്പോർട്ടു ചെയ്തത് 20 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവും രോഗങ്ങളും പീഡനങ്ങളും ബാല്യവിവാഹങ്ങളും മൂലം മരിക്കാതെ മരിക്കുകയാണെന്നാണ്. മർദനമേല്‍ക്കുകയോ വെടിയേറ്റു മരിക്കുകയോ മാനഭംഗത്തിനിരയാകുകയോ ചെയ്യുന്ന കുട്ടികളുടെ യാതൊരു കണക്കും ആരും ശേഖരിച്ചിട്ടില്ല.
പക്ഷേ, ദിനംപ്രതി അതു നടന്നുകൊണ്ടിരിക്കുകയാണ്. ഈ യുദ്ധമേഖലകളിൽ ഏറ്റവുമധികം സഹിക്കേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുംതന്നെയാണ്. യുദ്ധമേഖലയല്ലേ, സൈനികർക്കും വിമതർക്കും തീവ്രവാദികൾക്കുമൊക്കെ സ്ത്രീകളുടെയും കുട്ടികളുടെയുംമേൽ കൈവയ്ക്കാം. അവരെ മാനഭംഗപ്പെടുത്തിയതിന്റെ പേരിൽ ആർക്കും ഒരു നിയമത്തിനു മുന്നിലും കണക്കു പറയേണ്ടിവരില്ല. അത് യുദ്ധത്തിനിറങ്ങുന്നവരുടെ സൗകര്യങ്ങളിൽ പെടുന്ന കാര്യമായിരിക്കുന്നു. ജീവിതം മൃതിയേക്കാൾ ഭയാനകമാകുന്ന പശ്ചിമേഷ്യ.
കുഞ്ഞുങ്ങൾ പട്ടിണിയിലാണെന്നതു മാത്രമല്ല, അതിലേറെ ഗൗരവമുള്ളതാണ് അവരെ ഭീകരപ്രസ്ഥാനങ്ങളും സൈന്യവും തങ്ങളുടെ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നത്. കളിച്ചുനടക്കേണ്ട പ്രായത്തിൽ കൊല്ലാനും ബോംബെറിയാനും പരിശീലനം നല്കുന്നു. കളിപ്പാട്ടത്തിനു പകരം കൈകളിൽ തോക്കും ബോംബും പിടിപ്പിക്കുന്നു. ശത്രുസംഹാര തന്ത്രങ്ങളാണ് അവർക്കു ലഭിക്കുന്ന ഏക വിദ്യാഭ്യാസം.
കഴിഞ്ഞ വർഷം അൽ ജസീറ ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്, അറബിനാടുകളിൽ ദിവസം ഒന്നേകാൽ ഡോളർ മാത്രം വരുമാനമുള്ളവരുടെ ശതമാനം 2010-ൽ 4.1 ആയിരുന്നത് 2012ൽ 7.4 ശതമാനമായി വർധിച്ചുവെന്നാണ്. അതിനു ശേഷമാണ് ഇപ്പോൾ യുനിസെഫിന്റെ (യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്) പുതുപുത്തൻ റിപ്പോർട്ടിൽ വിശന്നു കരയുന്ന പശ്ചിമേഷ്യൻ കുഞ്ഞുങ്ങളുടെ എണ്ണം മൂന്നു കോടിയോടടുത്തെന്ന വെളിപ്പെടുത്തൽ. അവരാണ് പശ്ചിമേഷ്യയുടെ വണ്‍ ഡോളർ ബേബീസ്.
എണ്ണപ്പാടത്തെ പട്ടിണി
റിപ്പോർട്ടനുസരിച്ച് കുട്ടികളിൽ നാലിലൊന്നിനു കഴിക്കാൻ ഭക്ഷണമില്ല. പകുതിപ്പേർ കഴിയുന്നത് കെട്ടുറപ്പില്ലാത്ത വീടുകളിൽ. വെള്ളത്തിന് ഒരു ടാപ്പു പോലുമില്ലാത്ത വീട്ടിലാണ് മുക്കാൽ പങ്കു കുഞ്ഞുങ്ങളും കഴിയുന്നത്. മേഖലയിലെ 11 രാജ്യങ്ങളിലെ കണ
ക്കാണ് യുനിസെഫ് പുറത്തുവിട്ടത്. യുദ്ധവും മരണവും മുഖാമുഖംനോക്കുന്ന നാട്ടിലെ യഥാർഥ കണക്കൊന്നുമല്ല ഇത്. യുനിസെഫ് തന്നെ അതു വ്യക്തമാക്കുന്നുണ്ട്. കൊടും പട്ടിണിയുടെ പിടിയിലമർന്ന കുഞ്ഞുങ്ങളുടെ കണക്ക് ഇതിനും ഏറെ മുകളിലാണ്. ഭീകരവാദത്തിന്റെയും വംശീയ ഏറ്റുമുട്ടലുകളുടെയും രാജ്യങ്ങൾ തമ്മിലുള്ള കെട്ടടങ്ങാത്ത പകയുടെയും പുക വമിക്കുന്ന ഈ നാടുകളിൽ ഈ പട്ടിണി അനിവാര്യമൊന്നുമല്ല. എണ്ണയുടെ സമൃദ്ധികൊണ്ടുമാത്രം രാജാക്കന്മാരായി ജീവിക്കാൻ വകയുള്ള രാജ്യങ്ങളിലെ പ്രജകളാണ് ഇങ്ങനെ നരകിക്കുന്നത്.
സിറിയയിലും ഇറാക്കിലുമുൾപ്പെടെ പലയിടത്തും സ്കൂളുകൾ മിക്കതും കുട്ടികളില്ലാതെ അനാഥമായി കിടക്കുന്നു. പെണ്‍കുട്ടികൾ ഉൾപ്പെടെ തെരുവിലിറങ്ങി തെണ്ടുകയാണ്. അഞ്ചിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നാലിലൊന്നുപേരും സ്കൂളിന്റെ പടി കയറുന്നുപോലുമില്ല. പട്ടിണി കാരണം കുഞ്ഞുങ്ങളെ സ്കൂളിൽ അയയ്ക്കാനാവുന്നില്ല. പഠിക്കാത്തതിനാൽ ഭേദപ്പെട്ട ജോലി നേടാനും ഭാവിയിലെങ്കിലും പട്ടിണി മാറ്റാമെന്ന പ്രതീക്ഷയുമില്ല. ഇതാണ് സ്ഥിതി. മൂന്നു കോടി കുഞ്ഞുങ്ങളെ പട്ടിണിയിൽനിന്നും ചൂഷണത്തിൽനിന്നും അജ്ഞതയിൽനിന്നും രക്ഷിക്കാൻ ലോകരാജ്യങ്ങളും പൊതു സമൂഹവും സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഒന്നിക്കണമെന്നാണ് യുനിസെഫ് പശ്ചിമേഷ്യൻ റീജണൽ ഡയറക്ടർ ഗീർത് കാപെലർ ആഹ്വാനം ചെയ്യുന്നത്.
പക്ഷേ, സുപ്രധാന ചോദ്യം ബാക്കിയാകുന്നു. പുറമേനിന്ന് ആരൊക്കെ ഇടപെട്ടാലും പശ്ചിമേഷ്യയിലെ ഭീകരവാദവും അശാന്തമായ രാഷ്ട്രീയവും ഈ കുഞ്ഞുങ്ങളെ വെറുതെ വിടുമോ? ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് കളിചിരികളുമായി ഭയമില്ലാതെ സ്കൂളുകളിലേക്കുപോകാൻ അവർക്കാകുമോ?
പുതിയ ബാഗും പുതിയ കുടയും പുത്തൻ സ്വപ്നങ്ങളുമായി നമ്മുടെ കുട്ടികൾ സ്കൂളുകളിലേക്കു നീങ്ങുന്പോഴും പശ്ചിമേഷ്യയിലെ കുഞ്ഞുങ്ങൾ വഴിയോരത്തുനിന്നു നമ്മോടു ചോദിക്കുകയാണ്, വണ്‍ ദോളർ പ്ലീസ്…