തൃശൂർ: ‘വണ്‍ ഇന്ത്യ വണ്‍ പെൻഷൻ’ എന്ന ആശയവുമായി പ്രവർത്തിച്ചിരുന്നവരിലെ ഒരു വിഭാഗം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ‘വണ്‍ ഇന്ത്യ വണ്‍ പോളിസി പാർട്ടി’ എന്ന പേരിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റായി കെ.എൽ. ജോർജ് കല്ലംപള്ളിലിനേയും (കണ്ണൂർ) ജനറൽ സെക്രട്ടറിയായി വി.എസ്. സുനിൽകുമാറിനേയും (തൃശൂർ) തെരഞ്ഞെടുത്തു. കെ.കെ. രാഘവൻ (കോഴിക്കോട്), രോഷൻ ജോർജ് അക്കര (തൃശൂർ)- വൈസ് പ്രസിഡന്റുമാർ, കെ.ഇ. ഷാനവാസ് (എറണാകുളം), ഇ.പി. ആന്റണി (തൃശൂർ) – ജോയിന്റ് സെക്രട്ടറിമാർ, ടി.എസ്. സുജേഷ് (തൃശൂർ)- ട്രഷറർ, ഫ്രാൻസിസ് മാളിയേക്കൽ (തൃശൂർ) -രാഷ്ട്രീയകാര്യ വക്താവ് എന്നിവരാണു മറ്റു ഭാരവാഹികൾ.
എല്ലാ ജില്ലകളിലും അഡ്ഹോക് കമ്മിറ്റികൾ രൂപീകരിച്ചു. അംഗത്വ പ്രചാരണം ഓണ്‍ലൈനിലൂടെ ഉടനെ ആരംഭിക്കും. വാർഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ, സംസ്ഥാന തലങ്ങളിലായി കമ്മിറ്റികളെ അംഗങ്ങൾ തെരഞ്ഞെടുക്കും.
അറുപതു വയസു തികഞ്ഞവർക്കു പതിനായിരം രൂപ വീതം പെൻഷൻ, എല്ലാവർക്കും വരുമാനം ഉറപ്പാക്കുക, അഴിമതി തടയാനും സേവനം അതിവേഗത്തിലാക്കാനും സർക്കാർ സേവനങ്ങൾ പൂർണമായും ഓണ്ലൈനിലൂടെയാക്കുക, എല്ലാ കുടുംബങ്ങൾക്കും പാർപ്പിടം, വികസന നിർമാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ഇല്ലാതാക്കുക, വിലവർധന നിയന്ത്രിക്കുക,
പ്രവാസികളെ പ്രതിസന്ധികളിൽ സഹായിക്കാൻ സംവിധാനമുണ്ടാക്കുക, മികച്ച നിലവാരത്തോടെ റോഡുകളും കാനകളും നിർമിച്ചു പരിപാലിക്കുക, സർക്കാർ ഓഫീസുകളിൽ പിൻവാതിൽ നിയമനങ്ങൾ തടയുക,
വ്യാപാര വ്യവസായ മേഖലയിലുള്ളവരിലും പൊതുജനങ്ങളിലും അടിച്ചേൽപിക്കുന്ന അനാവശ്യ ഫീസുകൾ ഒഴിവാക്കുക തുടങ്ങിയവയാണു പാർട്ടിയുടെ അടിസ്ഥാന നയ പരിപാടിയെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എൽ. ജോർജ് കല്ലംപള്ളിൽ, ജനറൽ സെക്രട്ടറി വി.എസ്. സുനിൽകുമാർ എന്നിവർ അറിയിച്ചു.