കേരളത്തിലെവിടെയും ഫുള്‍ജാര്‍ സോഡ തരംഗമാണ്. വലിയ ഗ്ലാസില്‍ നിന്നും പതഞ്ഞ് താഴേക്ക് തുളുമ്പുന്ന ഈ സോഡയെ നിരവധിപേരാണ് വിമര്‍ശിച്ചും നല്ലതു പറഞ്ഞും രംഗത്തെത്തിയിട്ടുള്ളത്. പാഴായിപ്പോകുന്ന വെള്ളത്തെപ്പറ്റിയും ശുചിത്വത്തെക്കുറിച്ചുമൊക്കെയാണ് പലരുടെയും ആശങ്ക. എന്നാലിപ്പോള്‍ ഈ ന്യൂ ജനറേഷന്‍ സോഡ വിറ്റ് കിട്ടിയ പണം സ്വരൂപിച്ച് സുഹൃത്തിന്റെ ചികിത്സചെലവ് നടത്തിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. മലപ്പുറത്തെ ചങ്ങരംകുളത്താണ് സംഭവം.
ഇരുവൃക്കകളും തകരാറിലായി ചികിത്സ സഹായം തേടുന്ന പള്ളിക്കുന്ന് സ്വദേശി മന്‍സൂര്‍ എന്ന യുവാവിനെ സഹായിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫുള്‍ജാര്‍ സോഡ ചങ്ങരംകുളത്ത് എത്തിച്ചത്. നാലു ദിവസത്തെ കച്ചവടത്തിന്റെ ലാഭവിഹിതമായി ലഭിച്ച മുഴുവന്‍ തുകയും ചേര്‍ന്നപ്പോള്‍ യുവാക്കള്‍ സ്വരൂപിച്ചത് ഒരു ലക്ഷം രൂപയാണ്. പെരുന്നാള്‍ ദിനത്തില്‍ ചികിത്സാ സഹായ സമിതി കണ്‍വീനര്‍ കൂടിയായ ഗ്രാമ പഞ്ചായത്ത് അംഗം കെ എം ഹാരിസിന് ചങ്ങരംകുളത്ത് നടന്ന ചടങ്ങില്‍ സംഘാടകര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
സാദിഖ് നെച്ചിക്കല്‍, മന്‍സൂര്‍ മാട്ടം, അനീഷ് ചേലകടവ്, അഡ്വ. നിയാസ് മുഹമ്മദ്, റഹീം മാട്ടം, ഷംസീര്‍ കളാച്ചാല്‍, ശര്‍ഫുദ്ധീന്‍, സഫര്‍ നെച്ചിക്കല്‍, റഫീഖ് തങ്ങള്‍, സബാഹ് മുതുകാട്, അഷറഫ് പള്ളിക്കര, ഹുറൈര്‍ കൊടക്കാട്ട്, സലീം ചങ്ങരംകുളം, മിര്‍ഷാദ്, സാബു രാജ്, ജസീല്‍ കിഴിഞ്ഞാലില്‍, റൗഫ് പള്ളിക്കര, ജംഷി മാട്ടം എന്നിവര്‍ അടങ്ങുന്ന സുഹൃത്തുക്കള്‍ ആണ് ഈ വ്യത്യസ്തമായ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത് . സംഭവമിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. യുവാക്കളെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.