തൊടുപുഴ: ഒരു ലക്ഷത്തോളം രൂപയടങ്ങിയ ബാഗ് റോഡിൽ നിന്നു കിട്ടിയപ്പോൾ സുജിത്തും സുഹൃത്തായ എൽദോസും കരുതിയില്ല തങ്ങൾ യുവതലമുറയുടെ നൻമ നിറഞ്ഞ മനസിന്റെ വക്താക്കളാകുമെന്ന്. കളഞ്ഞു കിട്ടിയ പണം ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും പിന്നീട് പോലീസ് സാന്നിധ്യത്തിൽ പണം ഉടമസ്ഥനു തിരികെ നൽകുകയും ചെയ്ത വഴിത്തല മുണ്ടുനട കൊച്ചുമാക്കിൽ സുജിത് സാബു, കൂത്താട്ടുകുളം ചാരഞ്ചിറയിൽ എൽദോസ് പീറ്റർ എന്നിവരാണ് യുവാക്കൾക്ക് മാതൃകയായത്.
കരിങ്കുന്നം സ്റ്റേഷനിൽ ഇവർ ഏൽപ്പിച്ച 98575 രൂപ ഉടമയായ വഴിത്തല പുതിയകുന്നേൽ ധനഞ്ജയൻ ഇന്നലെ തൊടുപുഴ സിഐ എൻ.ജി.ശ്രീമോൻ, സുജിത് സാബു എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. തിങ്കളാഴ്ച്ച രാത്രി എട്ടോടെ തൊടുപുഴക്കു പോകാനായി നെടിയശാല വാഴപ്പള്ളിയിലെത്തിയപ്പോഴാണ് വഴിയിൽ ബാഗ് കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ബാഗ് തുറന്നു പരിശോധിച്ചപ്പോൾ നോട്ടുകെട്ടുകൾ കണ്ടു.
ആരുടെയോ പക്കൽ നിന്നും പോയതാകാമെന്നതിനാൽ പരിസരത്തു ആദ്യം അന്വേഷിച്ചെങ്കിലും ആരും ബാഗ് തിരക്കിയെത്തിയില്ല. തുടർന്ന് കരിങ്കുന്നം പോലീസ് സ്റ്റേഷനിൽ എത്തി തുകയടങ്ങിയ ബാഗ് കൈമാറി. ഇതിനിടെ പണം നഷ്ടപ്പെട്ട ധനഞ്ജയൻ ലോക്കൽ ചാനലിലൂടെയും വാട്ട്സ്ആപ്പിലൂടെയും പണം നഷ്ടപ്പെട്ട വിവരം നൽകിയിരുന്നു. ഇതു കണ്ട കരിങ്കുന്നം പോലീസ് ഇദ്ദേഹത്തെ വിളിച്ചു വരുത്തി വിവരങ്ങൾ തിരക്കിയപ്പോൾ പണം ധനഞ്ജയന്േറതു തന്നെയാണെന്ന് മനസിലായി.
കെഎസ് കാലിത്തീറ്റയുടെ വിതരണ ഏജൻസിയായ ധനഞ്ജയൻ കടകളിൽ നിന്നും പണം വാങ്ങി മടങ്ങുന്പോഴായിരുന്നു ബൈക്കിന്റെ പെട്ടിയിൽ നിന്നും ബാഗ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ തൊടുപുഴ സ്റ്റേഷനിൽ സുജിത് സാബുവിന്റെയും കരിങ്കുന്നം എസ്ഐ എം.എം.വിജയന്റെയും സാന്നിധ്യത്തിലാണ് ധനജ്ഞയൻ പണം ഏറ്റുവാങ്ങിയത്.