ഖത്തര്‍ ലോകകപ്പിന് കൊടിയേറിയതിനു പിന്നാലെ പലപല വിവാദങ്ങളും ഉടലെടുത്തിരിക്കുകയാണ്. മുമ്പ് സ്റ്റേഡിയത്തില്‍ മദ്യം അനുവദിക്കാത്തതിനെച്ചൊല്ലി പാശ്ചാത്യരാജ്യങ്ങള്‍ ഖത്തറിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ഫിഫ ഖത്തറിനെ പിന്തുണച്ചതോടെ ആ വിവാദം തല്ക്കാലം ഒന്നടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ വണ്‍ലവ് ആം ബാന്‍ഡ് ആണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ഇറാനെതിരെയുള്ള ആദ്യ മത്സരത്തില്‍ വണ്‍ലവ് ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങും എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പ്രഖ്യാപിച്ചതോടെയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.
മനുഷ്യാവകാശങ്ങള്‍ക്ക് വില കൊടുക്കാത്ത ഖത്തറിലെ കടുത്ത നിയമങ്ങള്‍ക്കെതിരേ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ സമത്വത്തിന്റെ പ്രതീകമായി കെയ്ന്‍ ആം ബാന്‍ഡ് ധരിച്ച് കളിക്കിറങ്ങും എന്നാണ് പറഞ്ഞിരിക്കുന്നത്.
എന്നാല്‍, അത്തരത്തിലുള്ള പ്രവര്‍ത്തനം ഫിഫ നിയമങ്ങള്‍ക്ക് എതിരായതിനാല്‍ ഒരുപക്ഷെ കെയ്നെതിരേ നടപടി വന്നേക്കുമെന്നാണ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു.
കളിക്കാര്‍, കളിക്കുന്ന സമയത്ത് ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ച് ഫിഫയ്ക്ക് വ്യക്തമായ നിയമങ്ങള്‍ ഉണ്ട്. കെയ്ന്‍ ആം ബാന്‍ഡ് ധരിച്ചാല്‍ ഒരുപക്ഷെ അത് ഈ നിയമത്തിന് എതിരായേക്കാം.
ഫിഫ നിയമങ്ങള്‍ ലംഘിച്ചതിന് ഒരുപക്ഷെ പിഴയൊടുക്കേണ്ടി വന്നേക്കാം. എന്നാല്‍, അതിനേക്കാള്‍ ഗുരുതരമായി, കെയ്നിന് സസ്പെന്ഷന് നല്കിയാല്, അത് ഇംഗ്ലണ്ട് ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കും എന്ന ആശങ്കയിലാണ് ഇംഗ്ലീഷ് ടീം ഗവേണിങ് ബോഡി.
ഇതുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ഫുട്ബോള്‍ അസ്സോസിയേഷനും ഫിഫയുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ഇംഗ്ലണ്ട് ഉള്‍പ്പടെ ഒന്‍പത് രാജ്യങ്ങളാണ് വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളിക്ക് ഇറങ്ങുമെന്ന് പറഞ്ഞിട്ടുള്ളത്.
ജര്‍മ്മനിയും ഹോളണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. ആം ബാന്‍ഡ് ധരിച്ചതിന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയാണെങ്കില്‍ പിന്നീട് കളിക്കണമോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നായിരുന്നു ഹോളണ്ട് ക്യാപ്റ്റന്‍ പ്രതികരിച്ചത്.
അതിനിടയില്‍, അര നൂറ്റാണ്ടിനിടയില്‍ ആദ്യമായി ലോകകപ്പില്‍ പ്രവേശനം സിദ്ധിച്ച വെയ്ല്‍സ് ടീമും ഖത്തര്‍ പോലൊരു രാജ്യത്ത് ഫുട്ബോള്‍ കളിക്കേണ്ടിവന്നതിലെ വിഷമം പങ്കുവയ്ക്കുകയാണ്.
വണ്‍ ലവ് ആം ബാന്‍ഡ് പോലുള്ള നീക്കങ്ങളെ പിന്തുണക്കും എന്നാണ് ടീം മാനേജര്‍ ആയ റോബ് പേജും പറയുന്നത്.
മനുഷ്യാവകാശങ്ങള്‍ പോലുള്ള വിഷയങ്ങളില്‍ കൃത്യമായ നിലപാടുള്ളവരാണ് വെല്‍ഷ് ജനത എന്നു പറഞ്ഞ അദ്ദേഹം തങ്ങളും ആം ബാന്‍ഡ് ധരിക്കുമെന്ന് പറഞ്ഞു.
വെയ്ല്‍സ് സൂപ്പര്‍താരം ഗാരെത് ബെയ്ലിന്റെ ആദ്യലോകകപ്പാണിത്. ഈ നിലപാട് ടീമിന്റെ ടൂര്‍ണമെന്റിലെ മുമ്പോട്ടുള്ള പോക്കിനെ ബാധിക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക.