ബഹുഭാര്യത്വം നിയമവിധേയമായ രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. പക്ഷെ ഒരു വിവാഹചടങ്ങിൽ ഒരാളെ മാത്രമേ ഭാര്യയായി സ്വീകരിക്കാവു എന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. എന്നാൽ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു യുവതികളെ വിവാഹം ചെയ്യാൻ ഒരാൾ തയാറെടുക്കുന്നതിന്റെ വാർത്തകൾ വൈറലാകുന്നു. വിവാഹത്തിനു മുന്നോടിയായി അദ്ദേഹം തയാറാക്കിയ കല്യാണക്കുറിയും ഏറെ ചർച്ചകൾക്ക് വഴിവയ്ക്കുന്നുമുണ്ട്. കാരണം രണ്ടു വധുക്കൾക്കൊപ്പം വരൻ നിൽക്കുന്ന കല്യാണക്കുറിയിലെ ചിത്രമാണ് കൗതുകമാകുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ ഒരാൾ തന്നെ രണ്ടു പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
പൻസർ എന്നാണ് വരന്റെ പേര്. സൗത്ത് സുമാത്രയിലെ തെലുക് കിജിംഗ് ഗ്രാമത്തിൽ വെച്ചാണ് ഈ വിവാഹം നടക്കുന്നത്. നവംബർ അഞ്ചിനും എട്ടിനുമായാണ് വിവാഹം. അതിനു ശേഷം ഒമ്പതിന് പ്രദേശവാസികളെ എല്ലാവരെയും വിളിച്ചു ചേർത്ത് വലിയ ആഘോഷവുമുണ്ട്.
വധുക്കളിൽ ഒരാളായ സിൻഡ്ര ഇൻദാ തൊട്ടടുത്ത ഗ്രാമവാസിയാണ്. രണ്ടാമത്തെയാളാകട്ടെ മറ്റൊരു സമുദായക്കാരിയും. വിവാഹത്തിന് രണ്ടു പെണ്‍കുട്ടികളുടെയും വീട്ടുകാർക്ക് സമ്മതമാണ്.
ഇന്തോനേഷ്യയിൽ ബഹുഭാര്യത്വത്തെ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നത് ഇത് ആദ്യമല്ല. ഇതിനു മുന്‍പ് മൂന്നു യുവാക്കൾ അടുത്തടുത്ത ദിവസങ്ങളിലായി ഒന്നിലധികം പെണ്‍കുട്ടികളെ വിവാഹം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഗ്രാമമുഖ്യൻ പറയുന്നത്. ഇതിനു മുന്‍പ് ബഹുഭാര്യത്വം പിന്തുടരുന്നവർക്കായി സ്മാർട്ട് ഫോണിൽ ഒരു ആപ്ലിക്കേഷൻ രംഗത്തെത്തിയതിന്റെ വാർത്തകൾ സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു.