തൊട്ടിലെന്ന് കരുതി ഒരു മാസം പ്രായമായ കുഞ്ഞിനെ ഓവനില്‍ വച്ചു. പിന്നാലെ കുഞ്ഞിന് ദാരുണാന്ത്യം. യുഎസ്എയിലെ മിസോറിയിലെ കന്‍സാസ് സിറ്റിയിലാണ് സംഭവം. അമ്മ മരിയ തോമസാണ് കുട്ടിയെ അബദ്ധത്തില്‍ ഓവനില്‍ വച്ചത്. കുട്ടിക്ക് അപകടം സംഭവിച്ചതിന് പിന്നാലെ, കുട്ടി ശ്വാസം കഴിക്കുന്നില്ലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം എത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. പോലീസ് എത്തിയപ്പോള്‍ കുട്ടിയെ സ്വീകരണ മുറിയിലെ സോഫയില്‍ കിടത്തിയിരിക്കുകയായിരുന്നു. ഡയപ്പറിന് മുകളില്‍ കുട്ടികളുടെ സ്യൂട്ട് ധരിപ്പിച്ചിരുന്നു. ഇവ രണ്ടും കത്തി കുട്ടിയുടെ ശരീരത്തോട് ചേര്‍ന്നിരുന്നെന്നും പോലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്തിയപ്പോള്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് നൽകിയെങ്കിലും കുട്ടി അതിനകം മരിച്ചിരുന്നെന്നും പോലീസ് കൂട്ടിച്ചേർത്തു.
കുട്ടിയുടെ മുത്തച്ഛന് തോമസ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ എന്തോ കത്തിയതിന്റെ മണം വന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഓവനില്‍ നിന്നും പുക വരുന്നത് അദ്ദേഹം ശ്രദ്ധിച്ചതും തുടര്‍ന്ന് പോലീസില്‍ വിവരമറിച്ചതും. മകളാണ് കുഞ്ഞിനെ ഓവനില്‍ വച്ചതെന്ന് അദ്ദേഹമാണ് പോലീസിനെ അറിയിച്ചത്.
സംഭവത്തിൽ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് അമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. നിലവില്‍ മരിയ തോമസ് പോലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനിടെ മരിയ പ്രസവാനന്തരം മാനസിക പ്രശ്നങ്ങള്‍ നേരിടുകയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.