സിംഗപ്പൂർ: താൻ ആത്മാർഥമായി പ്രണയിക്കുന്ന പെൺകുട്ടി തന്നെ തിരിച്ചു പ്രണയിക്കുന്നില്ലെന്നും അതിനാൽ തന്റെ വികാരങ്ങളെ മാനിക്കാത്ത പെൺകുട്ടി 24 കോടി രൂപയോളം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ പരാതി.
സിംഗപ്പൂർ പൗരനായ കെ കൗഷിഗൻ ആണ് ഇത്തരത്തിൽ ഒരു വിചിത്രമായ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.
നോറ ടാൻ എന്ന പെൺകുട്ടിക്കെതിരേയാണ് ഇയാൾ പരാതി ഉന്നയിച്ചത്. താൻ നൽകിയ പ്രണയം തനിക്ക് തിരിച്ചു നൽകാതെ തന്നെ വിഷാദരോഗത്തിലേക്കും വലിയ മാനസിക വിഷമത്തിലേക്കും പെൺകുട്ടി തള്ളി വിട്ടു എന്നായിരുന്നു യുവാവിന്റെ ആരോപണം.
തന്നോട് പ്രണയമില്ലെന്നും സൗഹൃദം മാത്രമാണ് ഉള്ളതെന്നുമാണ് പെൺകുട്ടി പറയുന്നത്.2016 ലാണ് പെൺകുട്ടിയുമായി ഇയാൾ പരിചയത്തിൽ ആകുന്നത്. അധികം വൈകാതെ തന്നെ പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലുമായി.
പക്ഷേ പെൺകുട്ടി തിരിച്ചു പ്രണയിച്ചില്ല. ഇതിനെ തുടർന്ന് 2020 സെപ്റ്റംബറിൽ ആണ് തന്റെ വികാരങ്ങൾ മാനിക്കാത്തതിന് പെൺകുട്ടിയിൽ നിന്നും 24 കോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഇയാൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
തനിക്കെതിരേ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതറിഞ്ഞ പെൺകുട്ടി ഇയാളും ഒരുമിച്ച് കൗൺസിലിംഗ് സെക്ഷനുകളിൽ പങ്കെടുക്കാമെന്നു സമ്മതിച്ചതോടെ പരാതിയിൽനിന്ന് യുവാവ് തത്കാലം പിന്മാറിയിരുന്നു.
എന്നാൽ, നിരവധി കൗൺസിൽ സെക്ഷനുകളിൽ പങ്കെടുത്തെങ്കിലും പെൺകുട്ടി പ്രണയിക്കാൻ തയാറായില്ല. തുടർന്നു പെൺകുട്ടിക്കെതിരേ കോടതിയിൽ പരാതി നൽകി നിയമനടപടിക്ക് ഒരുങ്ങുകയാണ് കൗഷിഗൻ. അടുത്തദിവസം ഈ കേസ് കോടതി പരിഗണിക്കുമെന്നാണു സൂചന.