കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രമായി ഒരു കഥ കേട്ടപ്പോൾ മുഖ്യമന്ത്രിയായി ആദ്യം മനസിൽ വന്നതു മമ്മൂട്ടിയാണെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ്. കഥയൊരുക്കിയ ബോബി – സഞ്ജയ്ക്കും പകരം വയ്ക്കാൻ മറ്റൊരു പേരില്ലായിരുന്നു.
മമ്മൂട്ടിയെ മനസിൽക്കണ്ടു തന്നെ എഴുതിയ സീനുകളും ഡയലോഗുകളും. പ്രചോദനമായതു മെഗാസ്റ്റാറിന്റെ സംഭാഷണശൈലിയും ശരീരഭാഷയും. മമ്മൂട്ടി, മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനാകുന്ന പൊളിറ്റിക്കൽ മാസ് ത്രില്ലർ ‘വണ്‍’ ഒരുങ്ങുകയാണ്. മമ്മൂട്ടിയും മുരളി ഗോപിയും ജോജു ജോർജുമാണ് മുഖ്യവേഷങ്ങളിൽ – സന്തോഷ് വിശ്വനാഥ് സംസാരിക്കുന്നു.
‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കു ശേഷം അഞ്ചു വർഷത്തെ ഇടവേള. മമ്മൂട്ടിച്ചിത്രം ഒരുക്കാനുള്ള കാത്തിരിപ്പിലായിരുന്നോ…?
2015 ലാണ് എന്റെ ആദ്യസിനിമ ചിറകൊടിഞ്ഞ കിനാവുകൾ വന്നത്. അതൊരു സ്പൂഫ് സിനിമയായിരുന്നു. പിന്നീട് ഏതു ടൈപ്പ് സിനിമ ചെയ്യണമെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുറേ സബ്ജക്ടുകൾ കേട്ടു. ഒരു ലവ് സ്റ്റോറി ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ, സ്ക്രിപ്റ്റ് വേണ്ടരീതിയിൽ ഡെവലപ് ആയില്ല.
മമ്മൂക്കയെ വച്ചുള്ള സബ്ജക്ടുകൾ ബോബി-സഞ്ജയുമായി ആലോചിച്ചുവെങ്കിലും അതൊന്നും വർക്കൗട്ട് ആയില്ല. അങ്ങനെയിരിക്കെയാണ് സഞ്ജയ് ‘വണ്‍’ സിനിമയുടെ കഥ പറഞ്ഞത്. ഈ സബ്ജക്ട് റെഡിയാക്കിത്തുടങ്ങിയിട്ടു നാലു വർഷമായി.
ബോബി-സഞ്ജയ്ക്കു വേറെ ചില പ്രോജക്ടുകൾ ഉണ്ടായിരുന്നതിനാൽ ഇതിന്റെ സ്ക്രിപ്റ്റ് റെഡിയാക്കാൻ താമസം വന്നു. അങ്ങനെ മമ്മൂക്കയുടെ ഡേറ്റ് മാറിപ്പോയി. മമ്മൂക്കയോടു കഥ പറയുകയും അദ്ദേഹം ഓകെ പറയുകയും ചെയ്ത് രണ്ടു വർഷം കഴിഞ്ഞാണു ഷൂട്ടിംഗ് തുടങ്ങാനായത്.
‘വണ്‍’ കമിറ്റ് ചെയ്തതിനു ശേഷമല്ലേ മമ്മൂട്ടി ‘യാത്ര’യിൽ വൈഎസ്ആർ ആയി വന്നത്…?
നമ്മുടെ സബ്ജക്ട് കേൾക്കുന്ന സമയത്ത് ആ തെലുങ്കു പ്രോജക്ട് മമ്മൂക്കയുടെ മുന്നിൽ വന്നിരുന്നില്ല. വണ്ണിന്റെ ഫുൾ സ്ക്രിപ്റ്റ് റെഡിയാകാൻ പിന്നെയും സമയമെടുത്തു. അതിനിടെയാണു ‘യാത്ര’ വന്നത്.
പൊളിറ്റിക്കൽ ചിത്രം ‘വണ്‍’ ചെയ്യുന്നുവെന്നു പറഞ്ഞ് അദ്ദേഹം ആദ്യം ഒഴിവാക്കിയെങ്കിലും ഒടുവിൽ അതു കറങ്ങിത്തിരിഞ്ഞ് മമ്മൂക്കയിലേക്ക് എത്തുകയായിരുന്നു.
മമ്മൂട്ടിയെ രാഷ്ട്രീയ വേഷത്തിൽ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നു എന്നതു വാസ്തവമല്ലേ…?
ഞാനല്ല ഏതൊരാളും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന കാരക്ടറിനെക്കുറിച്ചു കേൾക്കുന്പോൾ ആഗ്രഹിക്കുന്നതു മമ്മൂക്കയെത്തന്നെയാവും.
ഈ സിനിമ വേറെ ആരു ചെയ്താലും അതിന്റെ റൈറ്ററുടെയും സംവിധായകന്റെയും മനസിലും ആദ്യം വരിക മമ്മൂക്ക തന്നെയാവും.
‘വണ്‍’ എന്ന ടൈറ്റിലിന്റെ പ്രസക്തിയെക്കുറിച്ച്…?
മുഖ്യമന്ത്രിയുടെ കാറിന്റെ നന്പർ വണ്‍ ആണ്. അതിനപ്പുറത്തേക്കു നോക്കിയാൽ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി എല്ലാ കാര്യങ്ങളിലും നന്പർ വണ്‍ ഇമേജുള്ള കഥാപാത്രമാണ്.
ജനങ്ങൾക്കു വേണ്ടി നിൽക്കുന്ന ഒറ്റയാൻ എന്ന രീതിയിലോ വണ്മാൻ ഷോ എന്ന രീതിയിലോ ഒരു പ്രസ്ഥാനത്തിനും പാർട്ടിക്കുമപ്പുറത്തേക്ക് സ്വാധീനശക്തിയിൽ നന്പർ വണ്‍ ആയി നിൽക്കുന്ന ഒരു വ്യക്തി എന്ന രീതിയിലോ ഒക്കെ ഈ സിനിമയ്ക്കു ‘വണ്‍’ എന്ന ടൈറ്റിൽ കൃത്യമായിരിക്കും.
സ്വപക്ഷത്തെയും പ്രതിപക്ഷത്തെയും വിവിധതരം ഉപജാപങ്ങളെ അതിജീവിക്കുന്ന മുഖ്യമന്ത്രി എന്ന കണ്ടുപഴകിയ കഥാഗതിക്കപ്പുറം ‘വണ്‍’ എന്ന സിനിമ പറയുന്നത്…?
കേരളത്തിന്റെ മുഖ്യമന്ത്രിയെ കേന്ദ്രകഥാപാത്രമാക്കി പൊളിറ്റിക്കൽ സിനിമ ചെയ്യാൻ ഉദ്ദേശിച്ചപ്പോൾ മുന്നിൽ പല കാര്യങ്ങളും ഉണ്ടായിരുന്നു. ഇതുവരെ ഇറങ്ങിയ അത്തരം സിനിമകൾ, മമ്മൂക്ക ചെയ്തിട്ടുള്ള അത്തരം കഥാപാത്രങ്ങൾ, നിലവിലെ രാഷ്ട്രീയ നേതാക്കന്മാർ, മുന്‍പുണ്ടായിരുന്ന നേതാക്കന്മാർ… ഇവയുമൊയൊന്നും യാതൊരു സാദൃശ്യവും തോന്നാൻ പാടില്ല എന്നു തീരുമാനിച്ചിരുന്നു.
ഇന്ന പക്ഷത്തിന്റെയോ ഇന്ന വ്യക്തിയുടെയോ സിനിമയാണെന്നു തോന്നാൻ പാടില്ല എന്നും ഉണ്ടായിരുന്നു. ഇതൊക്കെ ശ്രദ്ധിച്ചാണ് സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. 25 വർഷം മുന്‍പുള്ള പൊളിറ്റിക്സ് തന്നെയാണ് ഇപ്പോഴുമുള്ളത്. നേതാക്കന്മാർ മാറുന്നു എന്നുള്ളതല്ലാതെ വേറെ യാതൊരു വ്യത്യാസവുമില്ല.
കാലുവാരൽ പോലെയുള്ള കളികളെല്ലാം അന്നുമിന്നും ഒരുപോലെ തന്നെ. അതിനാൽ അത്തരം കാര്യങ്ങളൊക്കെ സ്വാഭാവികമായും നമ്മുടെ സിനിമയിലും ഉണ്ടാവും. അതിനപ്പുറം ഭാവിയിൽ ചിലപ്പോൾ ചർച്ച ചെയ്യപ്പെട്ടേക്കാവുന്ന ഒരാശയം ഈ സിനിമയിലുണ്ട്.
ഈ സിനിമ ചെയ്യുന്പോഴുള്ള ഒരു പ്രതീക്ഷ അതുമാത്രമാണ്. മറ്റു സിനിമകളിൽ നിന്നു വണ്ണിനെ വ്യത്യസ്തമാക്കുന്നതും അതു തന്നെ. പൊളിറ്റിക്കൽ ഇഷ്യു എന്നതിനപ്പുറം ജനങ്ങൾക്കു നന്മയുണ്ടാകുന്ന ഒരു കാര്യമാണത്.
സമകാലിക രാഷ്ട്രീയവും തീപ്പൊരി ഡയലോഗുകളും മാസ് സീനുകളുമൊക്കെ ധാരാളമുണ്ടായിരുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ദ കിംഗ്. രാഷ്ട്രീയസിനിമകളെന്ന പേരിൽ പിന്നീടുവന്ന പല സിനിമകളിലും അത്രത്തോളം വീര്യം ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. അത്തരം മാസ് ഘടകങ്ങൾ വണ്‍ സിനിമയിൽ പ്രതീക്ഷിക്കാമോ…?
രഞ്ജിപണിക്കറുടെ പേനയുടെ പവർ കൂടിയാണത്. പത്രപ്രവർത്തകനായിരുന്നതിന്റെ വീര്യംകൂടി ആ എഴുത്തിലുണ്ട്. കിംഗിൽ മമ്മൂക്കയുടെ കഥാപാത്രം കളക്ടറാണ്. ഒരു കളക്ടർക്ക് വേണമെങ്കിൽ ഇങ്ങനെയൊക്കെയും പ്രവർത്തിക്കാം എന്നു കാണിച്ച ഒരു സിനിമയാണത്. ചെറിയ തോതിൽ സിനിമാറ്റിക് എലമെന്റും അതിലുണ്ട്.
നമ്മുടെ കഥയിലെ നായകൻ മുഖ്യമന്ത്രിയാണ്. ഒരു മുഖ്യമന്ത്രി എന്തൊക്കെ ചെയ്യും എന്നതൊക്കെ എല്ലാവർക്കുമറിയാവുന്ന കാര്യങ്ങളാണ്. അതിനാൽ ഓവർ സിനിമാറ്റിക് ആവാനും പാടില്ല. സിനിമാറ്റിക് സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ടു തന്നെ ചിലതൊക്കെ ചെയ്തിട്ടുണ്ട്. കാരണം, സിനിമ കുറച്ചു മാസ് ആവണം.
ഇത് ഒരു കാര്യം പറയാൻ വേണ്ടി ചെയ്യുന്ന സിനിമയല്ല. ബയോപിക്കും അല്ല. ഇതു ജനത്തിന് ആസ്വദിക്കാൻ വേണ്ടി ചെയ്യുന്നതാണ്. അതിനുവേണ്ടി മമ്മൂക്കയെക്കൊണ്ടു ചെയ്യിപ്പിക്കാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യിപ്പിച്ചിട്ടുണ്ട്. മാസ് ഡയലോഗുകൾ മനപ്പൂർവമായോ അനാവശ്യമായോ തിരുകിക്കയറ്റിയിട്ടില്ല. സാന്ദർഭികമായി അത്തരം ഡയലോഗുകൾ വരുന്നുണ്ട്. റിയാലിറ്റിയിൽ നിന്നു മാറിനിൽക്കാതെ കുറച്ചു ലോജിക്കലായി ചെയ്യാനാണു ശ്രമിച്ചിട്ടുള്ളത്.
ബോബി – സഞ്ജയ് സ്ക്രിപ്റ്റുകളിൽ നിന്നു പ്രതീക്ഷിക്കുന്നതും ലോജിക്കലായ കഥ പറച്ചിൽ തന്നെയാണല്ലോ…?
അവരുടെ സ്ക്രിപ്റ്റിംഗിന്റെ ഒരു സ്പർശം ഈ സിനിമയിലുണ്ട്. പക്ഷേ, അവർ മുന്‍പ് എഴുതാത്ത രീതിയിൽ കുറച്ചു കൊമേഴ്സ്യലായിട്ടാണ് ഈ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്.
വ്യത്യസ്തമായ ഒരനുഭവം ലഭ്യമാകുന്ന തരത്തിലാണ് ഈ പ്രമേയം ട്രീറ്റ് ചെയ്തിരിക്കുന്നത്. അവർ ആദ്യമായാണു മമ്മൂക്കയ്ക്കുവേണ്ടി സ്ക്രിപ്റ്റെഴുതുന്നത്.
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചതോ അതിനു സാധ്യത ഉള്ളതോ ആയ ഏതെങ്കിലും സംഭവമാണോ ഈ സിനിമയ്ക്ക് ആധാരം…?
അങ്ങനെ വലിയൊരവകാശവാദം ഞങ്ങൾക്കില്ല. ഈ സിനിമ കണ്ടശേഷം പ്രേക്ഷകർക്ക് എന്തു തോന്നുന്നു എന്നതുപോലെയിരിക്കും അത്. നമ്മൾ മനപ്പൂർവം ഇപ്പോൾ പലതും പറഞ്ഞ് അമിതപ്രതീക്ഷ കൊടുത്താൽ പിന്നീട് പ്രേക്ഷകർ വിചാരിച്ചതുപോലെ വന്നില്ലെങ്കിൽ അതും പ്രശ്നമാണ്. സിനിമ കണ്ടശേഷം പ്രേക്ഷകരാണ് അതു തീരുമാനിക്കേണ്ടത്.
എല്ലാവർക്കും ദഹിക്കുന്ന ഒരു കാര്യം സിനിമയിലൂടെ പറയുകയാണ്. ചിലപ്പോൾ അതു ശരിയാണല്ലോ എന്ന് അവർ ചിന്തിച്ചേക്കാം. യഥാർഥ ജീവിതത്തിൽ അങ്ങനെയൊന്നും സംഭവിക്കില്ല എന്നു തള്ളാനുള്ള സാധ്യതയുമുണ്ട്. പക്ഷേ, സംഭവിക്കാവുന്ന ഒരു കാര്യമാണു വണ്‍ പറയുന്നത്.
ഏറെ എംപിമാരെയും എംഎൽഎമാരെയും രാഷ്ട്രീയക്കാരെയുമൊക്കെ നേരിൽക്കണ്ടു ചർച്ച ചെയ്ത ശേഷമാണ് ഈ സിനിമ എഴുതിയത്.
ബോബി – സഞ്ജയ്യുടെ സ്കിപ്റ്റിനെ താങ്കളിലെ സംവിധായകൻ സമീപിച്ചത് എങ്ങനെയാണ്…?
ആദ്യ സിനിമ ചെയ്തപ്പൊഴും സ്ക്രിപ്റ്റ്റൈറ്ററുമായി ഒന്നിച്ചിരുന്നു ചർച്ച ചെയ്താണ് സീൻ രൂപപ്പെടുത്തിയത്. ഡയറക്ടർമാരുമായി ചർച്ച ചെയ്ത ശേഷം സീൻ എഴുതുന്നതാണ് ബോബി-സഞ്ജയ്യുടെ രീതി.
ഫുൾ സ്ക്രിപ്റ്റ് എഴുതി ഡയറക്ടർക്കു കൊടുത്തശേഷം ഇതാ ചെയ്തോളൂ എന്ന രീതിയല്ല അവരുടേത്. എന്റേതും അങ്ങനെ തന്നെയാണ്. അങ്ങനെയൊരു സ്ക്രിപ്റ്റ് കിട്ടിയാൽ എനിക്കും ചെയ്യാനാവില്ല. ഓരോ സീനും എന്നിലൂടെ കടന്നുപോകണം. എങ്കിലേ എനിക്കു ചെയ്യാൻ പറ്റുകയുള്ളൂ.
അതിനു തിരക്കഥാകൃത്തുക്കളുടെ പൂർണ പിന്തുണ കിട്ടാറുണ്ടോ…?
ബോബി – സഞ്ജയ് അങ്ങനെയുള്ള റൈറ്റേഴ്സാണ്. 20 വർഷമായി അടുത്തു പരിചയമുള്ളവരുമാണ്. സ്ക്രിപ്റ്റ് എഴുതുന്നതു ഡയറക്ടർക്കു വേണ്ടിയാണല്ലോ. സ്ക്രിപ്റ്റല്ല, ഡയറക്ടർ ചെയ്യുന്ന കാര്യമാണു ജനം സ്ക്രീനിൽ കാണുന്നത്. ഡയറക്ടർക്കു ചെയ്യാൻ പറ്റുന്നതാണല്ലോ റൈറ്റേഴ്സ് എഴുതുന്നത്.
റൈറ്റേഴ്സ് ഉദ്ദേശിച്ചതു സ്ക്രീനിൽ കിട്ടണമെങ്കിൽ ഡയറക്ടറുടെ കഴിവും പ്രധാനം. ഡയറക്ടറുടെ പ്ലസും മൈനസും മനസിലാക്കിയശേഷമാണ് അവർ സ്ക്രിപ്റ്റ് എഴുതുന്നത്. ഈ സിനിമ മറ്റൊരു ഡയറക്ടർക്കാണെങ്കിൽ വേറൊരു രീതിയിലാവും അവർ എഴുതുക. രണ്ടുപേരും വളരെ ഫ്ലെക്സിബിളാണ്.
കടയ്ക്കൽ ചന്ദ്രൻ എന്ന പേരിലെത്തിയത്…?
കേരളത്തിലെ അത്ര അറിയപ്പെടാത്ത കുറേ സ്ഥലങ്ങളുടെ ലിസ്റ്റുണ്ടാക്കിയ ശേഷം അതിൽ നിന്നു തെരഞ്ഞെടുത്ത പേരാണ് കടയ്ക്കൽ. യാദൃശ്ചികമായി വന്ന പേരാണ്.
നിലമേലും കടയ്ക്കലുമാണ് അവസാന പരിഗണനയിലെത്തിയത്. കടയ്ക്കലിനു കുറേക്കൂടി പവർ തോന്നി. അങ്ങനെ അതുറപ്പിച്ചു. കൊല്ലം ജില്ലയിലുള്ള കടയ്ക്കലും രാഷ്ട്രീയ പശ്ചാത്തലമുള്ള പ്രദേശമാണ്.
മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുള്ള പ്രചോദനമാണോ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രം…?
എൽഡിഎഫുകാർ ഈ സിനിമ കാണുന്പോൾ ഇതു നമ്മുടെ സിനിമയെന്നു പറയും. യുഡിഎഫുകാർ ഈ സിനിമ കാണുന്പോൾ ഇതു നമ്മുടെ സിനിമയെന്നു പറയും. ബിജെപിക്കാർ ഈ സിനിമ കാണുന്പോൾ ഇതു നമ്മുടെ സിനിമയെന്നു പറയും.
പൊതുജനങ്ങൾ ഈ സിനിമ കാണുന്പോൾ ഇത് അവരുടെയാരുടെയും സിനിമയല്ല, ഇതു നമ്മുടെ സിനിമയാണെന്നു പറയും.
ഇ.കെ. നായനാർ, കെ. കരുണാകൻ, എ.കെ. ആന്റണി, പിണറായി വിജയൻ തുടങ്ങിയവരൊക്കെ പത്രക്കാരോട് ഇടപെടുന്നതു മുതൽ എല്ലാ കാര്യങ്ങളിലും തനതു ശൈലിയുള്ളവരാണ്. കേരളം ഭരിക്കുന്ന, ഭരിച്ചിട്ടുള്ള മുഖ്യമന്ത്രിമാരുടെ മാനറിസങ്ങൾ കടയ്ക്കൽ ചന്ദ്രനു റഫറൻസായി നല്‍കിയിട്ടുണ്ടോ…?
ഒരു വ്യക്തിയുടെയും ഒരു ശൈലിയും കടയ്ക്കൽ ചന്ദ്രനിൽ ചേർത്തിട്ടില്ല. ഇതിൽ പുതിയ ഒരു മുഖ്യമന്ത്രിയെ കാണാനാവും. ഇവരിൽ ആരുടെയെങ്കിലും ശരീരഭാഷയുമായോ സംഭാഷണശൈലിയുമായോ കടയ്ക്കൽ ചന്ദ്രനു സാമ്യം വന്നുപോയാൽ ഇത് ആ മുഖ്യമന്ത്രിയെപ്പോലെ ആണല്ലോ എന്നു പ്രേക്ഷകർ കരുതാനിടയുണ്ട്. പുതിയൊരു മുഖ്യമന്ത്രിയെ അവർക്കു സങ്കല്പിക്കാൻ പറ്റാതെയാവും.
കടയ്ക്കൽ ചന്ദ്രൻ അങ്ങനെയൊന്നുമല്ല. പുതിയൊരാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാൽ അദ്ദേഹം എന്തു ചെയ്യുന്നു എന്ന തരത്തിലാണ് കടയ്ക്കൽ ചന്ദ്രനെ അവതരിപ്പിക്കുന്നത്. കടയ്ക്കൽ ചന്ദ്രന്റെ മാനറിസങ്ങളും ബോഡി ലാംഗ്വേജുമൊന്നും നമ്മൾ മമ്മൂക്കയ്ക്കു പറഞ്ഞുകൊടുത്തതല്ല. അതിനായി ഒരു റഫറൻസും മമ്മൂക്കയ്ക്കു കൊടുത്തിട്ടുമില്ല. മമ്മൂക്ക തന്നെ ചെയ്തതാണ്.
ആരുമായും സാമ്യം തോന്നാത്ത രീതിയിലാണു ചെയ്തിരിക്കുന്നത്. റോൾ മോഡലായി മമ്മൂക്ക ആരെയെങ്കിലും മനസിൽ സങ്കല്പിച്ചിട്ടുണ്ടാവാം. അതു നമ്മളോടു പറഞ്ഞിട്ടുമില്ല.
ബാലചന്ദ്രമേനോന്റെ ‘നയം വ്യക്തമാക്കുന്നു’ സിനിമയിൽ മമ്മൂട്ടിയെ നമ്മൾ മന്ത്രിയായി കണ്ടു. രാഷ്ട്രീയക്കാരന്റെ കുടുംബകാര്യങ്ങളും അതിൽ പരാമർശിക്കപ്പെട്ടു. വൺ സിനിമയിൽ കുടുംബം എത്രത്തോളം കടന്നുവരുന്നുണ്ട്…?
ഈ സിനിമയിൽ ആദ്യാവസാനം മമ്മൂക്ക കേരള മുഖ്യമന്ത്രിയാണ്. പക്ഷേ, ഒരു പൊളിറ്റിക്കൽ സിനിമ തുടങ്ങുന്ന ഫോർമാറ്റിലല്ല വൺ തുടങ്ങുന്നത്. അതിൽ നിന്നു സിനിമ പെട്ടെന്നു മറ്റൊരു തലത്തിലേക്കു മാറുന്നുണ്ട്. ഇതിൽ മമ്മൂക്കയ്ക്കും ഫാമിലിയുണ്ട്. നിമിഷ സജയനും മാമുക്കോയയുമൊക്കെ കഥാപാത്രങ്ങളായി വരുന്ന ഒരു ഫാമിലി.
മുഖ്യമന്ത്രിയും മനുഷ്യനാണല്ലോ. കടയ്ക്കൽ ചന്ദ്രനും മനുഷ്യന്റേതായ കുറച്ചു ഫീൽ ഒക്കെയുണ്ട്. ആ കഥാപാത്രമാകുന്നതു മമ്മൂക്ക ആയതിനാൽ ഈ സിനിമയിൽ അതു കുറച്ച് ഉപയോഗിച്ചിട്ടുണ്ട്. ഈ സിനിമയ്ക്ക് അത് ആവശ്യവുമാണ്.
ഫാമിലിക്കുകൂടി ആസ്വദിക്കാനാവുന്ന രീതിയിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഫാമിലിക്കു പ്രിയപ്പെട്ട സ്ക്രീൻപ്ലേ റൈറ്റേഴ്സാണ് ബോബി-സഞ്ജയ്. ഫാമിലിയും കൂടി ചേർന്നുള്ള പൊളിറ്റിക്കൽ സിനിമയാണിത്. പക്ഷേ, ‘നയം വ്യക്തമാക്കുന്നു’ രീതിയിലുള്ള സിനിമയല്ല. അതിൽ ഫാമിലി കാര്യങ്ങളാണ് ഏറെയും. മമ്മൂക്കയുടെ കഥാപാത്രം മന്ത്രിയാണെന്നേയുള്ളൂ.
ഇതിൽ ഭൂരിഭാഗവും പൊളിറ്റിക്സാണ്. ഒരു സാധാരണ ഫാമിലി കൂടി ഉൾപ്പെട്ട പൊളിറ്റിക്സാണു പറയുന്നത്; സലീംകുമാറും മാത്യു തോമസും ഗായത്രി അരുണുമൊക്കെയുള്ള ഒരു ഫാമിലി.
മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്യുന്പോൾ..?
ഈ കഥ രൂപപ്പെട്ടയുടൻ മമ്മൂക്കയോടു പറഞ്ഞില്ല. ഫുൾ സ്ക്രിപ്റ്റ് റെഡിയായപ്പോൾ ആന്റോ ജോസഫ് വഴി മമ്മൂക്കയിലേക്ക് എത്തി. പനന്പള്ളി നഗറിലെ വീട്ടിലിരുന്ന് മൂന്നു മണിക്കൂർ മൊത്തം കഥ കേട്ടശേഷം ഈ പ്രോജക്ട് ചെയ്യാമെന്നു മമ്മൂക്ക പറഞ്ഞു. അപ്പോൾ അദ്ദേഹം കടയ്ക്കൽ ചന്ദ്രനായി മാറിയിരുന്നു. തുടർന്നുള്ള സംസാരങ്ങളിലും കഥയുമായി ബന്ധപ്പെട്ടു ചോദിച്ച സംശയങ്ങളിലുമെല്ലാം അതു പ്രകടമായിരുന്നു.
പിന്നീടു മമ്മൂക്കയുടെ വിവിധ ലൊക്കേഷനുകളിൽ പോയി പ്രോജക്ട് അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. തന്റെ കഥാപാത്രത്തെക്കുറിച്ചു മാത്രമല്ല അദ്ദേഹത്തിന്റെ ശ്രദ്ധ. ചെറിയ കഥാപാത്രം ചെയ്യുന്നത് ആരാണെന്നു വരെ അദ്ദേഹം തിരക്കിയിരുന്നു.
കാസ്റ്റിംഗ് നടക്കാത്ത വേഷങ്ങളിലേക്കു മമ്മൂക്ക ആക്ടേഴ്സിനെ നിർദേശിച്ചിട്ടുണ്ട്. ടെക്നീഷൻസ് ഉൾപ്പെടെ കഴിവുള്ളവരെ സപ്പോർട്ട് ചെയ്യാൻ അദ്ദേഹത്തിനു വലിയ താത്പര്യമാണ്; താൻ കടന്നുവന്ന വഴി മറന്നിട്ടില്ല എന്നതിന്റെ അടയാളപ്പെടുത്തൽ പോലെ.
അഭിനയം കഴിഞ്ഞാൽ ആ സിനിമ വിട്ട് അടുത്ത പ്രോജക്ടിലേക്കു പോകുന്ന ആളല്ല മമ്മൂക്ക. ആ സിനിമയുടെ ഫുൾ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കും. മമ്മൂക്ക എന്ന ബ്രാൻഡ് നെയിം – അതു കണ്ടാണ് ആളുകൾ നിൽക്കുന്നത്. വർഷങ്ങൾ കൊണ്ട് അദ്ദേഹം ഉണ്ടാക്കിയെടുത്ത ഇമേജാണത്.
മാസ് ചേരുവകളും പഞ്ച് ഡയലോഗുകളും ഉൾച്ചേർന്നതാണോ ബോബി-സഞ്ജയ് സ്ക്രിപ്റ്റ്…?
സന്ദർഭം ആവശ്യപ്പെടുന്നുവെങ്കിൽ അതു ചെയ്തിട്ടുണ്ട്. ഓരോ സീനും ത്രില്ലിംഗ് ആവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയമെല്ലാം പറഞ്ഞുപോകുന്നുമുണ്ട്.
ഞാൻ കണ്ടിട്ടുള്ള പൊളിറ്റിക്കൽ സിനിമകളുടെ ഫോർമാറ്റിൽ നിന്നു മാറി ഒരു പുതിയ കാഴ്ച പ്രേക്ഷകനു കൊടുക്കാനാണു ശ്രമിക്കുന്നത്.
മാസ് ഡയലോഗുകൾക്കും സീനുകൾക്കും പൊളിറ്റിക്കൽ സിനിമകളിൽ സാധ്യത ഏറെയാണല്ലോ. സിനിമകളിലെ ഡയലോഗുകളെ വെല്ലുന്ന ലൈവ് മാസ് ഡയലോഗുകൾക്കു നമ്മുടെ നിയമസഭാ സമ്മേളനങ്ങൾ സാക്ഷ്യം വഹിക്കുന്ന ഇക്കാലത്തു പ്രത്യേകിച്ചും..?
അത്തരം മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്.
മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനെ വെല്ലുന്ന ഗാംഭീര്യമോടെ നിൽക്കുന്ന പ്രതിപക്ഷ നേതാവും വണ്ണിൽ ഉണ്ടാകുമല്ലോ..?
മുരളി ഗോപിയാണു പ്രതിപക്ഷ നേതാവിന്റെ വേഷം ചെയ്യുന്നത്. കഥാപാത്രത്തിന്റെ പേര് മാടന്പള്ളി ജയാനന്ദൻ. മുൻ മുഖ്യമന്ത്രിയാണ്. രാഷ്ട്രീയത്തിൽ കുറച്ച് എക്സ്പീരിയൻസുള്ള ആളാണ്. ആ വാക്കിനപ്പുറം പോകില്ല അദ്ദേഹത്തിന്റെ പാർട്ടി. അദ്ദേഹം തന്നെയാണ് അവസാനവാക്ക്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ പോലും ആ വാക്കുകൾക്കപ്പുറം ചുവടു വയ്ക്കില്ല. അത്രയും പവറുള്ള കാരക്ടറാണത്.
ഇങ്ങനെയൊരു വേഷം അദ്ദേഹം മുന്‍പു ചെയ്തിട്ടില്ല. പ്രതീക്ഷിച്ചതിലും മുകളിൽത്തന്നെയാണ് അദ്ദേഹം അതു ചെയ്തിരിക്കുന്നത്. അതിനുള്ള ഡെഡിക്കേഷൻ എടുത്തുപറയേണ്ടതു തന്നെ. വീറും വാശിയുമൊക്കെയുള്ള നിയമസഭാ സീനുകൾക്ക് അദ്ദേഹത്തിന്റെ കൂടി ഇംപ്രോവൈസേഷനിൽ കൂടുതൽ ഭംഗി വന്നിട്ടുണ്ട്.
ജോജു ജോർജിന്റെ കഥാപാത്രത്തെക്കുറിച്ച്..?
ജോജുവിന്റെ കഥാപാത്രം ബേബിച്ചൻ. പാർട്ടിയിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ്. എല്ലാ പാർട്ടിക്കാരും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയുമാണ്. ജോജുവിൽ നിന്നു വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും പ്രേക്ഷകർക്കു ലഭിക്കുക.
നായകനായി സിനിമകൾ വിജയിപ്പിച്ചശേഷം ജോജു ചെയ്യുന്ന സപ്പോർട്ടിംഗ് കഥാപാത്രങ്ങളിൽ മികച്ചതായിരിക്കും ഇത്.
കേരള രാഷ്ട്രീയത്തിൽ ആരുമായിട്ടാണു ബേബിച്ചനു സാദൃശ്യം..?
അതു കാഴ്ചക്കാരുടെ അഭിപ്രായത്തിനു വിട്ടുകൊടുക്കുകയാണ്. അവർക്ക് അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കാം. ഈ സിനിമയിൽ ഒരു പാർട്ടിക്കും പേരില്ല. എന്തു പേരിട്ടാലും യുഡിഎഫ്, എൽഡിഎഫ്, ബിജെപി… ഇവരെയാണു പരാമർശിക്കുന്നതെന്നു പ്രേക്ഷകർക്കു മനസിലാവും. അതുകൊണ്ടുതന്നെ അതു വേണ്ടെന്നുവച്ചു.
ഈ സിനിമയിൽ ഒരു കൊടിയുടെ നിറവുമില്ല. പ്രേക്ഷകർക്ക് ഇത് അവരുടെ സിനിമയാണെന്നു തോന്നും. ഏതു പാർട്ടിക്കാരൻ കാണുന്പൊഴും അതു താനാണെന്നും അത് തന്റെ പാർട്ടിയാണെന്നും തോന്നും.
നിയമസഭാ സീനുകളുടെ ചിത്രീകരണത്തെക്കുറിച്ച്…
ഈ സിനിമയിലെ നിയമസഭാ രംഗങ്ങൾ പഴയ നിയമസഭാ മന്ദിരത്തിലാണു ചിത്രീകരിച്ചത്. ഇതാദ്യമായാണ് പഴയ നിയമസഭാ ഹാളിൽ സിനിമാ ചിത്രീകരണം അനുവദിച്ചത്. വൺ സിനിമയുടെ ചിത്രീകരണത്തിനു പ്രത്യേക അനുമതി നല്‍കുകയായിരുന്നു.
അവിടെ നാലു ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. രാജകീയ പ്രൗഢിയുള്ള പഴയ നിയമസഭാ മന്ദിരം ആദ്യമായി ഒരു രാഷ്ട്രീയ സിനിമയുടെ ലൊക്കേഷനായി എന്ന പ്രത്യേകതയുമുണ്ട്.
നിമിഷ സജയനാണോ വൺ സിനിമയിലെ ഹീറോയിൻ..?
നിമിഷയുടേതു സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ്. ഗായത്രി അരുണും അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും ഈ സിനിമയിലുണ്ട്.
ഇഷാനിയുടെ ആദ്യ ചിത്രം കൂടിയാണു വണ്‍. മാത്യു തോമസിന്റെ പെയറാണ് ഇഷാനി. കഥയുടെ ടേണിംഗ് പോയന്റിലാണ് ഇഷാനിയുടെ കഥാപാത്രം വരുന്നത്.
മാത്യു തോമസിനു നല്ല പ്രാധാന്യമുള്ള വേഷമാണ്. യൂത്തിനെ, ഇപ്പോഴത്തെ തലമുറയെ പ്രതിനിധാനം ചെയ്യുന്ന ഒരു കഥാപാത്രം.
സാധാരണക്കാരൻ മനസുവച്ചാലും പലതും സാധ്യമാണെന്നും അതിനു പദവിയോ മറ്റു കാര്യങ്ങളോ ആവശ്യമില്ലെന്നും പറയുകയാണ് മാത്യുതോമസിന്റെ കഥാപാത്രം.
വൺ സിനിമയിൽ മമ്മൂട്ടിയുടെ ഹീറോയിൻ ആരാണ്…?
മമ്മൂക്കയ്ക്കു ഹീറോയിൻ ഇല്ല. ആ കഥാപാത്രത്തിന്റെ ഇമേജിനു കോട്ടം തട്ടാത്ത വിധമാണ് അങ്ങനെ പ്ലാൻ ചെയ്തിരിക്കുന്നത്.
മറ്റു വേഷങ്ങളിൽ..?
ജഗദീഷ് ചേട്ടൻ കുറേക്കാലത്തിനു ശേഷം രാഷ്ട്രീയക്കാരന്റെ വേഷം ചെയ്തിരിക്കുന്നു. റിസബാവയ്ക്കും നല്ല വേഷമാണ്. ഇപ്പോഴത്തെ പാർട്ടി നേതാക്കന്മാരെ പ്രതിനിധാനം ചെയ്യുന്ന തരം വേഷങ്ങളാണ് അലൻസിയർ, സുധീർ കരമന എന്നിവരുടേത്.
സിദ്ധിക്ക്, നന്ദു, സുരേഷ്കൃഷ്ണ, പ്രേംകുമാർ, മാമുക്കോയ, ഡയറക്ടർ രഞ്ജിത്ത് സർ, ശങ്കർ രാമകൃഷ്ണൻ, സുദേവൻ തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളാകുന്നു. ബാലചന്ദ്രമേനോനും മധു സാറിനും ഗസ്റ്റ് അപ്പിയറൻസാണ്.
വൺ സിനിമയുടെ പിന്നണിയിൽ..?
സംഗീതം ഗോപിസുന്ദർ. എഡിറ്റിംഗ് നിഷാദ് യൂസുഫ്. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ (മമ്മൂട്ടി), ശ്രീജിത്ത് ഗുരുവായൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ സാജൻ ആർ. ശാരദ. പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്. കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ്. ഗാനരചന റഫീക് അഹമ്മദ്. സ്റ്റിൽസ് സിനറ്റ് സേവ്യർ. നിർമാണം ശ്രീലക്ഷ്മി ആർ.
ഛായാഗ്രഹണം വൈദി സോമസുന്ദരം. ‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കു ശേഷം വീണ്ടും വൈദിക്കൊപ്പം…
വൈദിയും ഞാനും രണ്ടു പതിറ്റാണ്ടിലേറെയായി അടുപ്പമുള്ളവരാണ്. കന്നടയിലെ തിരക്കുള്ള കാമറാമാനാണു വൈദി. യഷിന്റെ ചിത്രങ്ങൾക്കു കാമറ ചെയ്തിട്ടുണ്ട്. എന്റെ അടുത്ത പടത്തിലും വൈദി തന്നെയാണു കാമറ ചെയ്യുന്നത്.
അടുത്ത സിനിമയെക്കുറിച്ച്…?
ലോക്ഡൗണ്‍കാലം മാനസികമായി വിരസമായിരുന്നു. അടുത്ത പടത്തെക്കുറിച്ചു ചിന്തിക്കുന്നതു ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ തിയറ്ററുകൾ തുറന്നിരിക്കുന്നു. ചില ആലോചനകളുണ്ട്. കരിയറിയിൽ പ്ലാൻ ചെയ്തതൊന്നുമല്ല സംഭവിക്കുന്നത്.
ആദ്യം പ്ലാൻ ചെയ്ത സിനിമയല്ല ഞാൻ ആദ്യം സംവിധാനം ചെയ്തത്. ആദ്യം പ്ലാൻ ചെയ്ത സിനിമ നടന്നിട്ടേയില്ല. ഇപ്പോൾ പ്ലാൻ ചെയ്യുന്നതാവില്ല ചിലപ്പോൾ അടുത്തു ചെയ്യുന്ന സിനിമ. സിനിമ സംഭവിക്കുന്നതാണ്. സംഭവിക്കുന്നതിനെ നമ്മുടെ സിനിമയായി മാറ്റുകയാണ്.
വണ്‍ – റീലീസിനെക്കുറിച്ച്…?
പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. എത്രയും പെട്ടെന്ന് ഈ സിനിമ തിയറ്ററുകളിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്.
ടി.ജി.ബൈജുനാഥ്