തൃശൂർ: ഒറ്റ ടേക്കിൽ പൂർത്തിയാക്കിയ മുഴുനീള മലയാള ചലച്ചിത്രം ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. നവാഗതനായ നിഷാദ് ഹസൻ രചനയും സംവിധാനവും നിർവഹിച്ച ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രമാണ് രണ്ടുമണിക്കൂർകൊണ്ടു പൂർത്തിയാക്കി ചരിത്രം കുറിച്ചത്.
ഞായറാഴ്ച നഗരത്തിലും സമീപപ്രദേശങ്ങളിലുമായായിരുന്നു ചിത്രീകരണം. മേയർ അജിത ജയരാജന്റെ സാന്നിധ്യത്തിൽ സംവിധായകൻ ടോം ഇമ്മട്ടി സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു തുടങ്ങിയ സിനിമയുടെ ചിത്രീകരണം ജയ്ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി, അയ്യന്തോൾ ലെയ്ൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അഞ്ചിന് മുനിസിപ്പൽ സ്റ്റാൻഡിൽത്തന്നെ ക്ലൈമാക്സിലെത്തി. ലോക റിക്കാർഡ് കൈമാറാൻ സംവിധായകൻ ഒമർ ലുലുവും എത്തിയിരുന്നു.
ജൂണിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ ആയിരത്തോളം പേർ ഭാഗമായ ചിത്രത്തിൽ അറുപതോളം മുഖ്യകഥാപാത്രങ്ങളാണുള്ളത്. നാലു പാട്ടുകളും രണ്ട് ഫൈറ്റ് സീനുകളും രണ്ട് ഫ്ലാഷ്ബാക്ക് സീനുകളും ഉൾപ്പെടുത്തിയിട്ടുള്ള ഈ ചിത്രത്തിന്റെ ചിത്രീകരണം തത്സമയം നിരീക്ഷിക്കാൻ ഗിന്നസ് ബുക്ക് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
തൃശൂർ ചിയ്യാരം സ്വദേശിയായ സംവിധായകൻ നിഷാദ് ഹസൻ ഇതിനു മുൻപേ ഹ്രസ്വചിത്രം ഫേസ്ബുക്കിൽ ലൈവിലൂടെ പൂർത്തിയാക്കി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.