ഒറ്റപ്പാലം: കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ ഉണ്ടായത് ഇരുചക്രവാഹനങ്ങൾ മൂലമെന്ന് വ്യക്തമായി. പോയവർഷം ജില്ലയിൽ ആകെ ചെറുതും വലുതുമായി ഒന്പതിനായിരത്തി അറുനൂറ്റിപതിനേഴ് വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ നാലായിരത്തി നാനൂറ്റിമുപ്പത്തിയഞ്ച് അപകടങ്ങളും ഇരുചക്ര വാഹനങ്ങൾ മൂലമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സ്ത്രീകളുടെ വസ്ത്രങ്ങൾ ഇരുചക്രവാഹനങ്ങളുടെ ചക്രത്തിൽ കുരുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരികയാണ്. പത്ത് വർഷത്തിനിടെ പാലക്കാട് ഏറ്റവുമധികം വാഹനാപകടങ്ങൾ ഉണ്ടായത് കഴിഞ്ഞവർഷമാണ്. അശ്രദ്ധയാണ് ഭൂരിഭാഗം അപകടങ്ങളും ഉണ്ടാകാൻ മുഖ്യകാരണം കൂടാതെ മദ്യപിച്ച് വാഹനമോടിക്കുന്നതും അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു സ്ത്രീകൾക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ മോട്ടോർ വാഹന വകുപ്പ് തന്നെ പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല.
ഇതിനാൽ അപകടങ്ങൾ ദിനംപ്രതി ആവർത്തിക്കുകയാണ്. വസ്ത്രം ചക്രത്തിൽ കുരുങ്ങാതെ ഇരിക്കാനുള്ള സാരി ഗാർഡ് വാഹനത്തിൽ സ്ഥാപിക്കണമെന്ന മുന്നറിയിപ്പ് ഒരാളും പാലിക്കാറില്ല എന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
കുട്ടികളുടെ കാൽ ചക്രങ്ങളിൽ കുടുങ്ങുന്നതും ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.സാധനങ്ങൾ നിറച്ച സഞ്ചി ബൈക്കിൽ കൊളുത്തി ഇടുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ കാണാതെ പോകുന്ന അവസ്ഥയുണ്ട്. കുട്ടികളെ മുന്നിലിരുത്തി ബൈക്കിലും നിർത്തിക്കൊണ്ട് സ്കൂട്ടറുകളിൽ യാത്ര ചെയ്യുന്നതും അപകടങ്ങളുടെ സാധ്യത വർധിപ്പിക്കുകയാണ്.
ഹെൽമെറ്റ് പിന്നിലിരിക്കുന്നവർക്ക് കൂടി നിർബന്ധമാക്കിയാൽ അപകടങ്ങൾ തടയാൻ പര്യാപ്തമാകും. നിലവാരമുള്ള ഹെൽമറ്റ് ധരിക്കാത്തതും അപകടത്തിൽപ്പെട്ടവരുടെ ജീവനപഹരിക്കാൻ കാരണമാകുന്നു. ചിൻസ്ട്രാപ്പ് ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് വാഹനമോടിക്കുന്നവർ ഉറപ്പാക്കേണ്ടതുണ്ട്. ഹെൽമെറ്റ് വൈസർ താഴ്ത്തി വച്ചോ കണ്ണട ധരിച്ചോ യാത്ര ചെയ്യാവുന്നതാണ്.
കാറ്റും പൊടിയും പ്രാണികളും കണ്ണിൽപ്പെട്ട് നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്നത് ഒഴിവാക്കാൻ ഇത് ഉപകരിക്കും. മുന്നിലുള്ള വാഹനത്തിൽനിന്ന് കൃത്യമായ അകലം പാലിച്ചു വാഹനം ഓടിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം പാലിക്കാത്തതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. മുന്നിൽപോകുന്ന വാഹനങ്ങൾ പെട്ടെന്ന് നിർത്താൻ ശ്രമിക്കുകയോ നിയന്ത്രണവിധേയമാക്കാൻ വേഗത കുറയ്ക്കുകയും ചെയ്യുന്പോൾ പുറകിൽ വരുന്ന വാഹനം മുന്നിലുള്ള വാഹനത്തെ ഇടിക്കാനും ഇതുവഴി അപകടമുണ്ടാകാനുള്ള സാധ്യതകൂടുതലാണ്.
കാറിലോ മറ്റു വാഹനങ്ങളിലോ യാത്ര ചെയ്യുന്പോൾ കുഞ്ഞുങ്ങളെ മുൻസീറ്റിൽ ഇരുത്തരുതെന്ന് വാഹന വകുപ്പും പോലീസും മുന്നറിയിപ്പ് നല്കാറുണ്ട്. പിറകിലെ സീറ്റാണ് കുട്ടികൾക്ക് കൂടുതൽ സുരക്ഷിതത്വം. നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ അരികിലൂടെ വാഹനമോടിക്കുന്പോൾ സൂക്ഷിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ഡോർ പെട്ടെന്ന് തുറക്കാനുള്ള സാധ്യതയും അപകടവും സംഭവിക്കാം.
ബൈക്കോ, സ്കൂട്ടറോ, റോഡരികിൽ നിർത്തി മറ്റുള്ളവരോട് സംസാരിക്കുന്പോൾ എൻജിൻ ഓഫാക്കണമെന്നും റോഡിൽ നില്ക്കുന്നയാൾ ശ്രദ്ധയില്ലാതെ ആക്സിലേറ്റർ തിരിച്ചാൽ വണ്ടി മുന്നോട്ട് നീങ്ങി അപകടം ഉണ്ടാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബൈക്കോടിക്കുന്പോൾ മറ്റു വാഹനങ്ങളിൽ ഉള്ളവരുമായി സംസാരിക്കുന്നതും മൊബൈൽഫോണിൽ സംസാരിച്ചു വാഹനമോടിക്കുന്നതും അപകടങ്ങൾ വരുത്തി വയ്ക്കും.
വാഹനങ്ങൾ ഓടിക്കുന്നവർ കർശനമായും റോഡ് നിയമങ്ങൾ പാലിക്കണമെന്ന പോലീസിന്റെയും വാഹനവകുപ്പ് അധികൃതരുടെയും ഉത്തരവ് പലപ്പോഴും പാലിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ നിരവധി ജീവനുകളാണ് ഓരോ അപകടങ്ങളിലും പൊലിഞ്ഞു പോകുന്നത്. വാഹനാപകടങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ഇറങ്ങിയിട്ടുണ്ടെങ്കിലും നിയമങ്ങൾ പാലിക്കാതിരിക്കാനുള്ള മാനസികാവസ്ഥ തന്നെയാണ് ഭൂരിഭാഗം പേർക്കുമുള്ളത്.
ഇരുചക്രവാഹനങ്ങളിൽ അമിതവേഗതയിൽ സഞ്ചരിക്കുന്ന പുതിയ തലമുറ സ്വയം അപകടത്തിൽ ചാടുകയും മറ്റുള്ളവരെക്കൂടി അപകടത്തിൽപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയാണ്. കഴിഞ്ഞദിവസം പാലപ്പുറം കയറും പാറയിൽ ഇതാണ് സംഭവിച്ചത്. റോഡപകടങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തതും മുഖ്യപ്രശ്നമാണ്.