ചെന്നൈ: തമിഴ്നാട്ടിലെ വനിതാ പോലീസുകാർക്ക് ഒരു വർഷത്തെ പ്രസവാവധി അനുവദിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അവധിക്കു ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ കുട്ടികളെ നോക്കുന്നതിനായി മൂന്ന് വർഷത്തേക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്തു നിയമനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ചാണ് ഈ ആവശ്യം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വനിതാ പോലീസിന്റെ വൈദഗ്ധ്യം വർധിപ്പിക്കുമെന്നും അതുവഴി അവർക്ക് സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ കടമയും ഉത്തരവാദിത്തവും വളരെ വലുതാണ്. നിങ്ങൾ ജനങ്ങളെ സംരക്ഷിക്കണം. നിങ്ങളുടെ കർത്തവ്യങ്ങൾ അർപ്പണബോധത്തോടെ നിർവഹിക്കുക, കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനു മാത്രമല്ല, കുറ്റകൃത്യങ്ങൾ തടയുന്നതിനും വേണ്ടിയും പ്രവർത്തിക്കുക. അദ്ദേഹം അഭ്യർഥിച്ചു. മയക്കുമരുന്നും കുറ്റകൃത്യങ്ങളും ഇല്ലാത്ത സംസ്ഥാനമായി തമിഴ്നാടിനെ മാറ്റണമെന്നും സ്റ്റാലിൻ പറഞ്ഞു.