അഹമ്മദാബാദ്: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ 13-ാം എഡിഷനു നാളെ കൊടിയേറ്റ്. ഗുജറാത്തിലെ മൊട്ടേരയിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് ഉദ്ഘാടനമത്സരത്തിൽ ന്യൂസിലൻഡുമായി ഏറ്റുമുട്ടും.
ലോകക്രിക്കറ്റിലെ ഏറ്റവും വലിയ നേട്ടത്തിനായി 10 ടീമുകൾ ടൂർണമെന്റിൽ 48 മത്സരങ്ങൾ കളിക്കും. നവംബർ 15ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും 16ന് കോൽക്കത്ത ഈഡൻ ഗാർഡൻസിലുമാണ് സെമിഫൈനൽ മത്സരങ്ങൾ. നവംബർ 19ന് അഹമ്മദാബാദിൽ കലാശക്കൊട്ട്.
രാജ്യമൊട്ടുക്ക് വേദി
10 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. ലീഗ് ഘട്ടത്തിൽ എല്ലാ ടീമുകളും മറ്റ് ഒന്പതു ടീമുകൾക്കെതിരേ മത്സരിക്കുന്ന തരത്തിൽ റൗണ്ട് റോബിൻ ഫോർമാറ്റിലാണ് ഇത്തവണ ലോകകപ്പ്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യ നാല് ടീമുകൾ സെമിയിലേക്കു മുന്നേറും.
ഇന്ത്യക്കു പിന്നാലെ പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നെതർലൻഡ്സ്, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവയാണു ലോകകപ്പിൽ മാറ്റുരയ്ക്കുന്ന ടീമുകൾ. ഹൈദരാബാദ്, അഹമ്മദാബാദ്, ധരംശാല, ഡൽഹി, ചെന്നൈ, ലക്നോ, പൂന, ബംഗളൂരു, മുംബൈ, കോൽക്കത്ത എന്നിങ്ങനെ വേദികളും തയാറാണ്. ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പ് കൂടിയാണിത്.
ആദ്യ ലോകകപ്പ് നേട്ടത്തിന്റെ 40-ാം വാർഷികത്തിൽ മറ്റൊരു കിരീടനേട്ടം ലക്ഷ്യമിടുന്ന ഇന്ത്യയെ രോഹിത് ശർമയാണു നയിക്കുന്നത്. വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിങ്ങനെ സൂപ്പർ താരങ്ങളും ടീമിലുണ്ട്.
ക്രിക്കറ്റിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ x പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിൽ നടക്കും. ആതിഥേയരായ ഇന്ത്യയുടെ ആദ്യമത്സരം എട്ടിന് ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്. ലീഗ് ഘട്ടത്തിൽ ഇന്ത്യയുടെ ഒന്പതു മത്സരങ്ങളും ഒന്പതു വേദികളിലാണ്. ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന്റെ വേദിയായ അഹമ്മാദാബാദിലെ ഹോട്ടലുകളിലെ ഭൂരിഭാഗം മുറികളും ബുക്ക് ചെയ്യപ്പെട്ടതായാണു റിപ്പോർട്ട്.
പ്രതീക്ഷയോടെ…
2011 മുതൽ കഴിഞ്ഞ മൂന്നു ലോകകപ്പ് ടൂർണമെന്റുകളിലും വിജയികളായത് ആതിഥേയ രാജ്യങ്ങളാണെന്ന സവിശേഷത ഇന്ത്യയുടെ കിരീടസാധ്യത വർധിപ്പിക്കുന്നുണ്ട്. 2011ൽ ഇന്ത്യയും 2015ൽ ഓസ്ട്രേലിയയും 2019ൽ ഇംഗ്ലണ്ടുമായിരുന്നു ജേതാക്കൾ. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഒരുപക്ഷേ ഏകദിന ലോകകപ്പ് നേടാനുള്ള അവസാന അവസരമാകുമിത്. വിരാട് കോഹ്ലിയുടെയും അവസാന ലോകകപ്പാകാം ഇക്കുറി.
ഒരുഭാഗത്ത് ടീം ഇന്ത്യ കരുത്തരാവുന്പോഴും മറുവശത്തുള്ള ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകളെ ചെറുതായി കാണാനാവില്ല.
പ്രാഥമിക ഘട്ടത്തിലായാലും നോക്കൗട്ടിലായാലും ഇവരുമായുള്ള പോരാട്ടം കടുത്തതാകും. ഒരുകാലത്ത് ക്രിക്കറ്റ് ലോകം അടക്കിവാണ വെസ്റ്റ് ഇൻഡീസിന് ഇത്തവണ ലോകകപ്പ് യോഗ്യത നേടാൻപോലുമായില്ല എന്നതും ശ്രദ്ധേയം.
ഉദ്ഘാടനക്കൊഴുപ്പില്ല
ലോകകപ്പ് അരങ്ങ് കൊഴുപ്പിക്കാൻ ആദ്യ മത്സരത്തിനു മുന്നോടിയായി ഇന്ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ, ബോളിവുഡ് ഗായകരെയും താരങ്ങളെയും ഉൾപ്പെടുത്തി അതിഗംഭീരമായ ഉദ്ഘാടനച്ചടങ്ങുകൾ സംഘടിപ്പിക്കാൻ ബിസിസിഐ പദ്ധതിയിട്ടിരുന്നു. എന്നാൽ, പരിപാടിയില്ലെന്ന് അവസാന നിമിഷം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു.
ഉദ്ഘാടനപരിപാടികളില്ലാതെ ഒരു ലോകകപ്പ് എഡിഷന് തുടക്കം കുറിക്കുന്നത് ഇതാദ്യമാണ്. ഉദ്ഘാടനച്ചടങ്ങുകൾക്കു പകരം ലോകകപ്പിൽ പങ്കെടുക്കുന്ന 10 ടീമുകളുടെയും നായകന്മാർ പങ്കെടുക്കുന്ന ഫോട്ടോ ഷൂട്ടുണ്ടാകും.