ചെന്നൈ: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. ഓസ്ട്രേലിയയ്ക്കെതിരേ 200 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 41.2 ഓവറിൽ നാലു വിക്കറ്റിന് 201 റണ്‍സ് നേടി ലോകകപ്പ് ജയത്തോടെ തുടങ്ങി.
രണ്ടു റണ്‍സിന് മൂന്നു വിക്കറ്റുകൾ നഷ്ടമായി തകർച്ചയെ ഉറ്റുനോക്കിയ ഇന്ത്യയെ വിരാട് കോഹ്ലി - കെ.എൽ. രാഹുൽ നാലാം വിക്കറ്റ് കൂട്ടുകെട്ട് ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. രാഹുൽ (97 നോട്ടൗട്ട്) ടോപ് സ്കോററായി. കോഹ്ലി (85), ഹർദിക് പാണ്ഡ്യ (11 നോട്ടൗട്ട്). രാഹുലാണ് കളിയിലെ താരം.
മൂന്ന് പൂജ്യം!
മറുപടി ബാറ്റിംഗിൽ ഇന്ത്യൻ തുടക്കം വന്പൻ തകർച്ചയോടെയായിരുന്നു. വെറും രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാർ ക്രീസ് വിട്ടു. ഇഷാൻ കിഷൻ (0), രോഹിത് ശർമ (0), ശ്രേയസ് അയ്യർ (0) എന്നിവരാണ് പുറത്തായത്. കിഷനെ സ്റ്റാർക്കും രോഹിത്തിനെയും ശ്രേയസിനെയും ഹെയ്സൽവുഡും പുറത്താക്കി.
ശ്രേയസ് മടങ്ങുന്പോൾ രണ്ടോവറിൽ രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഏകദിനത്തിൽ ആദ്യമായാണ് ഇന്ത്യയുടെ ടോപ് നാലിലുള്ള മൂന്ന് ബാറ്റർമാർ പൂജ്യത്തിനു പുറത്താകുന്നത്.
വൻ തകർച്ചയെ അഭിമുഖീകരിക്കുകയായിരുന്ന ഇന്ത്യക്കു കോഹ് ലി-രാഹുൽ കൂട്ടുകെട്ട് രക്ഷയായി. സാഹസിക ഷോട്ടുകൾക്കൊന്നും മുതിരാതെ സാവധാനം കളിച്ച ഈ സഖ്യം 165 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്.
സെഞ്ചുറിയിലേക്കു നീങ്ങുകയായിരുന്ന കോഹ്ലിയെ (85) ഹെയ്സൽവുഡ് പുറത്താക്കി. ലബൂഷെയ്നായിരുന്നു ക്യാച്ച്. കോഹ്ലി വ്യക്തിഗത സ്കോർ 12ൽ നില്‍ക്കേ മിച്ചൽ മാർഷ് ക്യാച്ച് നഷ്ടമാക്കി.
റിക്കാർഡ് കൂട്ടുകെട്ട്
കോഹ്ലി – രാഹുൽ കൂട്ടുകെട്ട് ലോകകപ്പിൽ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് സ്ഥാപിച്ചത്. 1996ൽ നവജേ്യാത് സിംഗ് സിദ്ദു – വിനോദ് കാംബ്ലി സഖ്യം നേടിയ 142 റണ്‍സ് കൂട്ടുകെട്ട് ഇതോടെ തകർന്നു. 116 പന്ത് നേരിട്ട കോഹ്ലിയുടെ ബാറ്റിൽനിന്ന് ആറു ഫോറുകളാണ് പിറന്നത്.
കോഹ്ലി പുറത്തായപ്പോഴേക്കും ഇന്ത്യ ജയത്തോട് അടുത്തിരുന്നു. പിന്നാലെയെത്തിയ ഹർദിക് പാണ്ഡ്യയുമായി ചേർന്ന് രാഹുൽ ടീമിനെ ജയത്തിലെത്തിച്ചു. 115 പന്തിൽ 97 റണ്‍സ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ എട്ട് ഫോറും രണ്ടു സിക്സും നേടി.
എറിഞ്ഞിട്ടു
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽതന്നെ തിരിച്ചടി നേരിട്ടു. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ മിച്ചൽ മാർഷിന്റെ വിക്കറ്റ് ഓസീസിന് നഷ്ടമായി.
അക്കൗണ്ട് തുറക്കുംമുന്‍പ് മാർഷിനെ ജസ്പ്രീത് ബുംറ വിരാട് കോഹ്ലിയുടെ കൈയിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഡേവിഡ് വാർണർ വലിയ തകർച്ചയിൽനിന്ന് ടീമിനെ രക്ഷിച്ചു.
ഇരുവരും ചേർന്ന് സ്കോർ 74ൽ എത്തിച്ചു. എന്നാൽ, കുൽദീപ് യാദവിനെ കൊണ്ടുവന്ന് രോഹിത് ശർമ ഈ കൂട്ടുകെട്ട് പൊളിച്ചു. 52 പന്തിൽ 41 റണ്‍സെടുത്ത വാർണറെ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് കുൽദീപ് പുറത്താക്കി. മാർനസ് ലബൂഷെയ്നും സ്മിത്തും ചേർന്ന് സ്കോർ 100 കടത്തി.
രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. ടീം സ്കോർ 110ൽ നിൽക്കേ 71 പന്തിൽ 46 റണ്‍സെടുത്ത സ്മിത്തിനെ ക്ലീൻ ബൗൾഡാക്കി. ഒരോവറിനുശേഷം ലബൂഷെയ്നിനെയും ജഡേജ മടക്കി.
41 പന്തിൽ 27 റണ്‍സെടുത്ത ലബൂഷെയ്ൻ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന് പിടികൊടുത്തു. അതേ ഓവറിൽതന്നെ അലക്സ് കാരിയെയും (0) ജഡേജ മടക്കി. ഇതോടെ ഓസീസ് 29.4 ഓവറിൽ 119ന് അഞ്ചു വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു.
കരകയറാൻ വിട്ടില്ല
പിന്നാലെ ക്രീസിലൊന്നിച്ച മാക്സ്വെല്ലും കാമറൂണ്‍ ഗ്രീനും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഫലവത്തായില്ല. സകോർ 140ൽ നിൽക്കേ 15 റണ്‍സെടുത്ത മാകസ്വെല്ലിനെ കുൽദീപ് യാദവ് ക്ലീൻ ബൗൾഡാക്കി.
തൊട്ടടുത്ത ഓവറിൽ ഓസീസിന്റെ അവസാന പ്രതീക്ഷയായ കാമറൂണ്‍ ഗ്രീനിനെ (8) അശ്വിൻ ഹാർദിക്ക് പാണ്ഡ്യയുടെ കൈയിലെത്തിച്ചു. എട്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച മിച്ചൽ സ്റ്റാർക്കും (28) പാറ്റ് കമ്മിൻസും (15) ചേർന്ന് ഓസീസ് സ്കോർ 150 കടത്തി.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ 10 ഓവറിൽ 28 റൺസിന് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.